ചെട്ടികുളങ്ങരയിൽ ഇനി വിള ചികിത്സയ്ക്കും ക്ലിനിക്
Mail This Article
മാവേലിക്കര ∙ വിളകൾക്ക് രോഗം വന്നാൽ വിഷമിക്കേണ്ട, കൃഷിഭവനിലെ ക്ലിനിക്കിൽ ചികിത്സ റെഡി. കൃഷിവകുപ്പിന്റെ വിള ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി ചെട്ടികുളങ്ങര കൃഷിഭവനിൽ ആണ് വിള ആരോഗ്യ പരിപാലന കേന്ദ്രം (പ്ലാന്റ് ഹെൽത്ത് ക്ലിനിക്) ക്രമീകരിച്ചിരിക്കുന്നത്. വിളകൾക്കു രോഗം വന്നാൽ ക്ലിനിക്കിലെത്തി ചികിത്സ തേടാം. മരുന്നും സൗജന്യമായി ലഭിക്കും. രോഗത്തിന്റെ ഗൗരവം അനുസരിച്ചു വിദഗ്ധ ചികിത്സയും ലഭ്യമാകും.
എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ക്ലിനിക് പ്രവർത്തിക്കും. കൃഷി ഓഫിസറുടെ സേവനവും ക്ലിനിക്കിൽ ലഭിക്കും. രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങൾ കൊണ്ടുവന്നും രോഗലക്ഷണങ്ങൾ പറഞ്ഞും ചികിത്സ തേടാം. സാധ്യമാകുന്ന അളവിൽ കീടരോഗബാധ നിയന്ത്രിക്കാനുള്ള മരുന്നുകൾ സൗജന്യമായി ലഭിക്കും. ലഭ്യമല്ലാത്ത മരുന്നുകൾ കുറിച്ചു നൽകും.
പ്രശ്നം ഗുരുതരമാണെങ്കിൽ സ്ഥലത്തെത്തി പരിശോധനയും ചികിത്സയും നൽകും. വിദഗ്ധ ചികിത്സ വേണ്ടതാണെങ്കിൽ കൃഷി ശാസ്ത്രജ്ഞർക്ക് റഫർ ചെയ്യും. അവർ കൃഷിയിടത്തിലെത്തി പരിഹാരം നിർദേശിക്കുമെന്നും ക്ലിനിക് പൂർണമായും പ്രവർത്തനസജ്ജമായതായും കൃഷി ഓഫിസർ എസ്.അഞ്ജന പറഞ്ഞു.
ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലിനിക്കിലേക്ക് ആവശ്യമായ മരുന്നുകളും വാങ്ങിയിട്ടുണ്ട്. കാർഷികവിളകളുടെ പ്രശ്നങ്ങൾക്കാണ് ക്ലിനിക്കിലൂടെ പരിഹാരം ലഭിക്കുന്നതെന്നും സേവനം എല്ലാ കർഷകരും ഉപയോഗപ്പെടുത്തണമെന്നും കൃഷി ഓഫിസർ പറഞ്ഞു.