നഗരസഭ വക മാലിന്യകേന്ദ്രത്തിൽ നിന്ന് 18,000 ടൺ മാലിന്യം നീക്കം ചെയ്യും
Mail This Article
കായംകുളം∙ മുരിക്കുംമൂട്ടിലെ നഗരസഭ വക മാലിന്യകേന്ദ്രത്തിൽ നിന്ന് 18000 ടൺ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികളായി. മാലിന്യം വേർതിരിച്ച് മാറ്റി ഭൂമി വീണ്ടെടുക്കുന്ന പ്രക്രിയയാണ് തുടങ്ങുന്നത്. മുരിക്കുംമൂട്ടിലെ 80 സെന്റ് സ്ഥലത്ത് തള്ളിയിരുന്ന മാലിന്യം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ബയോ മൈനിങ് പ്രക്രിയയിലൂടെ ഭൂമി വീണ്ടെടുക്കുന്നത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കും സംസ്ഥാന സർക്കാരും നഗരസഭയും ചേർന്നാണ് പദ്ധതി തയാറാക്കുന്നത്. പദ്ധതി പ്രകാരം 11.5 കോടി രൂപ ചെലവഴിക്കും.
ഇതിന്റെ ഭാഗമായി നടത്തിയ സർവേയിലാണ് 18000 ടൺ മാലിന്യം തിട്ടപ്പെടുത്തിയത്. ഒരു ടൺ മാലിന്യം വേർതിരിക്കുന്നതിന് 1500 രൂപയോളം ചെലവുവരും. ജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക്, തടി, റബ്ബർ, മെറ്റൽ എന്നിങ്ങനെയാണ് മാലിന്യങ്ങൾ തരംതിരിക്കുന്നത്. ഇവ ലേലം ചെയ്ത് നൽകാനാണ് ആലോചിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം നഗരസഭയ്ക്ക് ഉപയോഗിക്കാമെന്ന് നഗരസഭാധ്യക്ഷ പി.ശശികല പറഞ്ഞു.
ആദ്യഘട്ടത്തിൽഒരുകോടി രൂപയുടെ പദ്ധതി
നഗര മാലിന്യ നിർമാർജനത്തിന് കായംകുളത്ത് ആദ്യഘട്ടത്തിൽ ഒരുകോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്‌ട്രക്ചറൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, കേരളസർക്കാർ എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിലെ നഗരകേന്ദ്രങ്ങളിൽ നടത്തുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി (കെഎസ്ഡബ്ലുഎംപി) പ്രകാരമാണ് കായംകുളത്തും മാലിന്യനിർമാർജനം നടത്തുന്നത്. ആദ്യഘട്ടത്തിൽ 1.2 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പ്രാഥമിക ഘട്ടത്തിൽ ആയുർവേദ ആശുപത്രി, ഗവ.ബോയ്‌സ് സ്‌കൂൾ, ഗവ.ഗേൾസ് സ്‌കൂൾ, കെഎസ്ആർടിസി സ്റ്റാൻഡ്, മിനിസിവിൽസ്റ്റേഷൻ, നഗരസഭ ഓഫിസ്, എംഎസ്എം കോളജ്, വിഠോബാ ഹയർ സെക്കൻഡറി സ്‌കൂൾ, കായംകുളം പൊലീസ് സ്റ്റേഷൻ, ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ 33.6 ലക്ഷം രൂപ ചെലവിൽ തൃശൂർ മോഡൽ തുമ്പൂർമുഴി യൂണിറ്റുകൾ സ്ഥാപിക്കും. മത്സ്യമാർക്കറ്റിനോട് ചേർന്ന് 8 ലക്ഷം രൂപ ചെലവിൽ ബയോഗ്യാസ് പ്ലാന്റും നിർമിക്കും. നഗരസഭ 30 ാം വാർഡിൽ 39.2 ലക്ഷം രൂപയുടെ തുമ്പൂർമുഴി യൂണിറ്റുകളും നിർമിക്കും.