അഭിമാനനേട്ടവുമായി ലിനിമോൾ; ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന വനിതാ കർഷക
Mail This Article
തകഴി ∙ കോവിഡ് കാലത്ത് വരുമാനം നിലച്ചപ്പോഴാണ് തകഴി വിരിപ്പാല ചൈതന്യയിൽ ബി.ലിനിമോൾ (40) ഒരു പശുവിനെ വാങ്ങിയത്. രണ്ടു വർഷം കൊണ്ട് ഗീർ ഇനത്തിൽപെട്ട രണ്ട് പശുക്കളും 17 കറവപ്പശുക്കളും ഉൾപ്പെടെ 21 പശുക്കളും 13 കിടാരികളും ലിനിമോളുടെ ഫാമിലെത്തി. ഇന്ന് ജില്ലയിലെ മികച്ച ക്ഷീര കർഷകയാണ് ലിനിമോൾ. ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന വനിതാ കർഷകയ്ക്കുള്ള അംഗീകാരമാണ് ലിനിമോളെ തേടിയെത്തിയത്.
തകഴി ക്ഷീരോൽപാദക സംഘത്തിൽ ദിവസം 120 ലീറ്റർ പാലും പരിസരത്തെ വീടുകളിലും മറ്റുമായി 45 ലീറ്റർ പാലും നൽകുന്നുണ്ട്. 2021–22 വർഷം മാത്രം തകഴി ക്ഷീര സംഘത്തിൽ 40,436 ലീറ്റർ പാൽ അളന്നിട്ടുണ്ട്.
ഭർത്താവ് സുരേഷ്ബാബു നടത്തിയിരുന്ന ഹോളോബ്രിക്സ് കമ്പനി കോവിഡ് കാലത്ത് പൂട്ടിയതോടെയാണ് ബികോം ബിരുദധാരിയായ ലിനിമോൾ പശു വളർത്തലിലേക്ക് കടന്നത്. സുരേഷിന്റെയും കണ്ണൂർ സർവകലാശാലയിൽ എൽഎൽബിക്ക് പഠിക്കുന്ന മൂത്തമകൾ നന്ദനയുടെയും തകഴി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഇളയ മകൾ നിവേദ്യയുടെയും പിന്തുണ കൂടിയായപ്പോൾ പശുക്കളുടെ പരിപാലനം എളുപ്പമായെന്നു ലിനിമോൾ പറയുന്നു.
സ്വന്തമായുള്ള ഒരേക്കർ കൂടാതെ പാട്ടത്തിനെടുത്ത ഒരേക്കറിലും തീറ്റപ്പുൽ കൃഷി നടത്തിയും ഏറ്റവും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയുമാണ് ലിനിമോൾ പശു വളർത്തൽ നടത്തുന്നത്. കറവ നടത്താൻ 2 യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ശുദ്ധീകരിച്ച വെള്ളം പശുക്കൾക്ക് ആവശ്യാനുസരണം ലഭ്യമാക്കാൻ ഓട്ടമാറ്റിക് ബൗൾ സിസ്റ്റവും വച്ചിട്ടുണ്ട്.