ഉദ്ഘാടനത്തിനൊരുങ്ങി ചേർത്തല നഗര കുടുംബാരോഗ്യ കേന്ദ്രം
Mail This Article
ചേർത്തല ∙ നഗരത്തിൽ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച നഗര കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിനു ഒരുങ്ങുന്നു. നഗരസഭാ 24ാം വാർഡിൽ കരുവയിലാണ് പുതിയ നഗര കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തന സജ്ജമാകുന്നത്. രണ്ടു ഡോക്ടർമാരുടെ സേവനമായിരിക്കും കേന്ദ്രത്തിൽ ആദ്യം ലഭിക്കുക. ലാബും പ്രതിരോധ കുത്തിവയ്പ്പിനുള്ള ക്രമീകരണവും കേന്ദ്രത്തിൽ ഉണ്ടാകും. നഗരത്തിലെ തെക്കു പടിഞ്ഞാറു പ്രദേശങ്ങളിലുള്ളവർക്കും ചേർത്തല തെക്കു പഞ്ചായത്തിലെ വടക്കു കിഴക്കു ഭാഗത്തുളളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
നഗരസഭ 26 ലക്ഷത്തോളം മുടക്കിയാണ് സെന്റർ ഒരുക്കുന്നത്. ഒപി കേന്ദ്രം, പരിശോധനാമുറി, മുലയൂട്ടൽ കേന്ദ്രം, ലാബ്, ഫാർമസി തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. നഗര കുടുംബാരോഗ്യ കേന്ദ്രത്തിനൊപ്പം അനുവദിച്ചിരിക്കുന്ന മൂന്നു ഉപകേന്ദ്രങ്ങളിൽ രണ്ടെണ്ണത്തിനും സംവിധാനമായി. 15ാം വാർഡിൽ ചക്കരക്കുളത്തും, ഏഴാം വാർഡിൽ നെടുമ്പ്രക്കാടുമാണ് കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തി കരാറായത്. ഒന്നാം വാർഡ് ശക്തീശ്വരത്തും ഒരു ഉപകേന്ദ്രം ഒരുക്കുന്നുണ്ട്. മൂന്നിടത്തും രണ്ടു ഡോക്ടർമാരുടെ വീതം സേവനമുണ്ടാകും. പ്രധാന കേന്ദ്രത്തിന്റെ പ്രവർത്തനത്തിനു ശേഷം രണ്ടാം ഘട്ടമായാണ് ഉപകേന്ദ്രങ്ങൾ തുടങ്ങുക