ആദിത്യന്റെ കൊലപാതകം; 7 പ്രതികൾ പിടിയിൽ
Mail This Article
മുഹമ്മ ∙ കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ ചെറുവാരണം മില്ല് ജംക്‌ഷന് സമീപം തോട്ടുങ്കൽ ആദിത്യൻ (23) കൊല്ലപ്പെട്ട സംഭവത്തിലെ 7 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡ് വാരണം മലയം പറമ്പിൽ അരുൺകുമാർ (36) , മൂന്നാം വാർഡ് വാരണം മലയംപറമ്പ് വെളി ബിപിൻ കുമാർ (37), മൂന്നാം വാർഡ് വാരണം കാട്ടി പറമ്പിൽ റെനീഷ് (കണ്ണൻ-30), മൂന്നാം വാർഡ് വാരണം ഗായത്രി നിവാസിൽ അജയൻ (40), രണ്ടാം വാർഡ് വാരണം രാജി നിവാസിൽ സുജിത്ത്(42) , മൂന്നാം വാർഡ് ചെറുവാരണം വേണാട്ടുവെളി ഇരട്ട സഹോദരങ്ങളായ സുനിൽ കുമാർ (47), സനിൽകുമാർ (47) എന്നിവരെയാണ് മുഹമ്മ എസ്എച്ച്ഒ എൻ.വിജയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഡോക്ടറെ ആക്രമിച്ചതും വധശ്രമം ഉൾപ്പെടെ ഏഴോളം കേസുകളിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട ആദിത്യനെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായർ വൈകിട്ട് നാലോടെ ഒരു സംഘം വീടുകയറി ആദിത്യനെ ആക്രമിക്കുകയായിരുന്നു. ഞായർ രാത്രി 12ന് കോട്ടയം മെഡിക്കൽ കോളജിൽ വച്ചാണ് ആദിത്യൻ മരിച്ചത്.