കാപ്പികോ റിസോർട്ട് പൊളിക്കൽ: 28നു മുൻപ് പൂർത്തിയാക്കിയില്ലേൽ നടപടി; കലക്ടർ നേരിട്ടെത്തും
Mail This Article
പൂച്ചാക്കൽ ∙ പാണാവള്ളി കാപ്പികോ റിസോർട്ട് പൊളിക്കൽ വിലയിരുത്തുന്നതിന് കലക്ടർ വി.ആർ.കൃഷ്ണതേജ റിസോർട്ടിലെത്തും. മാർച്ച് 28നു മുൻപായി പൊളിക്കൽ പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് കലക്ടർ നേരിട്ടെത്തുന്നത്. ബുധനാഴ്ച വൈകിട്ട് ഇത് സംബന്ധിച്ച് ഉന്നതതല യോഗം കലക്ടറേറ്റിൽ നടന്നിരുന്നു.
6 മാസത്തിനുള്ളിൽ പൊളിച്ചുതീർക്കണമെന്നാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടത്. സെപ്റ്റംബർ 15നാണ് പൊളിക്കൽ തുടങ്ങിയത്. നിലവിൽ 80 ശതമാനത്തോളം പൂർത്തിയായതായി അധികൃതർ പറയുന്നു. ആകെയുള്ള 54 വില്ലകളിൽ 34 എണ്ണം പൂർണമായി പൊളിച്ചു.ബാക്കിയുള്ളതിന്റെ പൊളിക്കൽ നടക്കുകയാണ്.
Also read: ഗ്രീൻഫീൽഡ് ഹൈവേ: ഗണേഷ്കുമാറിന്റെ വീട് പൊളിക്കേണ്ടി വരും; പത്തനാപുരം ടൗൺ ‘അപ്രത്യക്ഷ’മാകും
വേഗത്തിലാക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രവും കൂടുതൽ തൊഴിലാളികളെയും ഉപയോഗിക്കാൻ തീരുമാനമുണ്ട്. ഇതുവരെ പൊളിച്ച ഉപയോഗശൂന്യമായ അവശിഷ്ടങ്ങൾ റിസോർട്ടിന് അകത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇതും സമയബന്ധിതമായി നീക്കാൻ നിർദേശിച്ചിട്ടുണ്ട്. 35900 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളാണ് പൊളിക്കുന്നത്.