ADVERTISEMENT

ഓ‌ണാട്ടുകരയുടെ പൂരമാണ്, പൊലിവുപാട്ടു പാടിയ ചുണ്ടുകളും കാഴ്ചദ്രവ്യം അർപ്പിച്ച വിശുദ്ധിയുടെ കരങ്ങളുമായി ഓണാട്ടുകരക്കാരൻ ആവേശത്തേരിലേറുകയാണ്. കുതിരപ്പൊക്കത്തിനപ്പുറം മാനംമുട്ടുന്ന ആത്മാഭിമാനവുമായി അവർ ആവേശപ്പൂരത്തിന്റെ വർണപ്രപഞ്ചം സൃഷ്ടിക്കുകയാണ്. വിശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും നേർക്കാഴ്ച, നാടിന്റെ സാംസ്കാരികത്തനിമയുടെ കാഴ്ചപ്പൊക്കങ്ങളായി കെട്ടുകാഴ്ചകൾ അണിനിരത്തി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കളിക്കണ്ടത്തിൽ ദൃശ്യപ്പൂരം ഒരുക്കുന്ന കുംഭ മാസത്തിലെ ഭരണിനാൾ...

പേള കരയുടെ കെട്ടുകാഴ്ചയായ കുതിരയിൽ സ്ഥാപിക്കുന്ന വെള്ളനിറത്തിലുള്ള തലകൾ.

നേരിട്ടു കണ്ടറിയണം, മനസ്സു നിറഞ്ഞു കാണണം, അപ്പോൾ തിരിച്ചറിയും ചെട്ടികുളങ്ങരക്കാരനു ഓണത്തേക്കാൾ പ്രിയമായി കുംഭഭരണി മാറുന്നതിന്റെ കാരണം. ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകൾ, അവിടെ നിന്നെത്തുന്ന കാഴ്ചയുടെ കെട്ടുകാഴ്ചത്തിളക്കങ്ങൾ, കുത്തിയോട്ട ഘോഷയാത്രകൾ, ഭഗവതിയുടെ ജീവതയിലെ എഴുന്നള്ളത്ത്, മക്കളുടെ ആത്മസമർപ്പണത്തിനു മുന്നിലുള്ള താളം ചവുട്ടൽ. ഇതൊരു സംഗമമാണ്, കുത്തിയോട്ടം, കെട്ടുകാഴ്ച എഴുന്നള്ളത്ത് എന്നിവ കൂടിച്ചേരുന്ന സംഗമപ്പൂരം. ഭക്തിയും കലയും മെയ്‌വഴക്കവും സംഗമിക്കുന്ന പൂരം.

നിറക്കൂട്ടുകളുടെ വിസ്മയച്ചെപ്പ് തുറക്കുന്ന ആഘോഷ മുഹൂർത്തം. "അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം " എന്ന മന്ത്രധ്വനി യുമായി ചെട്ടികുളങ്ങര ദേവീക്ഷേത്ര സന്നിധിയിലെത്തുന്ന ഭക്തമനസ്സിൽ ആഹ്ലാദവും ഭക്തിയും നിറയുന്ന ആവേശം. ഓരോരുത്തരുടെയും ചുണ്ടുകളിൽ നിറയുന്നത് അമ്മയുടെ അപദാനങ്ങൾ. ഭക്തി, ശിൽപചാരുത, പൈതൃകം, ആചാര വിശുദ്ധി, അനുഷ്ഠാനം എന്നിവ സമന്വയിക്കുന്ന ചടങ്ങുകളാണു ചെട്ടികുളങ്ങര സമ്മാനിക്കുന്നത്.

ഭദ്രകാളി മുടി 

ഈരേഴ തെക്ക് കരയുടെ കുതിരമാളികയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭദ്രകാളി മുടി.

ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ പ്രഭടയിൽ സ്ഥാപിച്ചിട്ടുള്ള ഭദ്രകാളി മുടി വിശ്വരൂപ സങ്കൽപമാണ്. ശിവരാത്രി മുതൽ കുംഭത്തിലെ അശ്വതി നാൾ വരെ ഈരേഴ തെക്ക് കരയിലെ കുതിരമാളികയിൽ സ്ഥാപിക്കുന്ന ഭദ്രകാളി മുടിക്കു മുന്നിൽ പറ സമർപ്പിക്കുന്നതു പ്രധാന വഴിപാടാണ്. ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ 13 ദിവസം നീളുന്ന എതിരേൽപ് ഉത്സവത്തിനു ഭദ്രകാളി മുടി എഴുന്നള്ളിച്ചു പാട്ടുപുരയിൽ വച്ച് ആരാധിക്കാറുണ്ട്. 

തത്തിക്കളിക്കുന്ന പാവക്കുട്ടികൾ 

ഈരേഴ തെക്ക് കരയുടെ കുതിരയിൽ സ്ഥാപിക്കുന്ന പാവക്കുട്ടികൾ.

ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ ഇടക്കൂടാരത്തിനു താഴെയായി തത്തിക്കളിക്കുന്ന രണ്ടു പാവകളുണ്ട്. പാവക്കുട്ടികൾക്കു വഴിപാടായി ഉടയാട (പാവാട) ഭക്തർ സമർപ്പിക്കുന്നുണ്ട്. രണ്ടര മീറ്റർ തുണിയാണു ഉടയാട നിർമാണത്തിന് ആവശ്യമായി വരുന്നത്. ഇലഞ്ഞിലേത്ത് വീട്ടുകാർ വഴിപാടായി സമർപ്പിച്ചതാണു പാവക്കുട്ടി. സന്താന സൗഭാഗ്യത്തിനും കുഞ്ഞുങ്ങളുടെ ബാലാരിഷ്ടതകൾ മാറുന്നതിനും പാവകൾക്ക് ഉടയാട ചാർത്തുന്നതു ഫലപ്രദമണെന്നാണ് വിശ്വാസം. കുടുംബത്തിലെ ദമ്പതികൾ മക്കളില്ലാതെ ദുഃഖിച്ചപ്പോൾ കുതിരയ്ക്കു വഴിപാടായി പാവയെ സമർപ്പിക്കാമെന്നു നേർച്ച നേർന്നു. കുടുംബത്തിൽ 2 പെൺകുട്ടികൾ ജനിച്ചു. കുടുംബനാഥൻ 2 പാവക്കുട്ടികളെ വഴിപാടായി സമർപ്പിച്ചു എന്നാണു പഴമക്കാർ പറയുന്നത്. പാവക്കുട്ടികളെ സമർപ്പിച്ച വീട്ടിൽ അവ സൂക്ഷിച്ചു വച്ച് ആരാധിക്കാനായി ചെറിയ ക്ഷേത്രമുണ്ട്.

ശിവരാത്രി മുതൽ ഭരണി വരെയുള്ള ദിവസങ്ങളിൽ മാത്രമേ ഇവിടെ നട തുറക്കൂ. മറ്റു ദിവസങ്ങളിൽ 2 നേരം വിളക്കു തെളിക്കും. കുതിരയിലെ ഇടക്കൂടാരത്തിൽ പാവകളെ ഉറപ്പിക്കാനും അവ സംരക്ഷിക്കുന്നതിനുമുള്ള ചുമതല ഇലഞ്ഞിലേത്തു വീട്ടുകാർക്കാണ്. ഇടക്കൂടാരത്തിന് താഴെ, ചെത്തിയൊരുക്കിയ കമുകിൻ കീറിലാണ് പാവക്കുട്ടികളെ ഉറപ്പിക്കുന്നത്. കുംഭഭരണി നാളിൽ ഉച്ചയ്ക്ക് പാവക്കുട്ടികൾക്ക് തറവാട്ടിൽ സദ്യയൊരുക്കും. തുടർന്നു കുടുംബാംഗങ്ങൾ പാവകളുമായി കുതിരച്ചുവട്ടിലെത്തും. അവർ തന്നെയാണ് കുതിരയുടെ മുകളിലിരുന്നു പാവയെ ചലിപ്പിക്കുന്നത്. ഭരണിപ്പിറ്റേന്നു കുതിരയെ കരയിലെത്തിച്ച് അഴിച്ചു മാറ്റുന്നതോടെ പാവകളെ ഇലഞ്ഞിലേത്ത് വീട്ടിലെ ക്ഷേത്രത്തിലേക്ക് മടക്കി കൊണ്ടുപോകും.

ഇതളുകൾ വിരിയുന്ന താമര, കൃഷ്ണലീല 

കൈത വടക്ക് കരയിലെ കുതിരയുടെ പ്രധാന അലങ്കാരം പല ഇതളുകളായി വിരിഞ്ഞു വരുന്ന താമരയാണ്. ഓരോ ഇതളുകളും സാവകാശം വിരിഞ്ഞു വരുന്നതു വ്യക്തമായി കാണാം. നിലവിലുണ്ടായിരുന്ന താമരയ്ക്കു പകരം കൂടുതൽ വലിപ്പത്തിലും ഭംഗിയോടും പുതിയത് നിർമിക്കുകയാണ്. പ്രഭടയിൽ കൃഷ്ണലീലയും ദക്ഷയാഗവും കഥയടുക്കായി ക്രമീകരിച്ചിട്ടുണ്ട്.

ദാരുശിൽപത്തിൽ പിതൃപുത്രി സംഗമം 

കണ്ണമംഗലം തെക്ക് കരയുടെ കെട്ടുകാഴ്ചയായ തേരിൽ പിതൃപുത്രി സംഗമത്തിന്റെ ദൃശ്യ ആവിഷ്‌കാരമുണ്ട്. തേരിന്റെ ഒന്നാമത്തെ തട്ടിലാണിത്. ശിവരാത്രി നാളിൽ ചെട്ടികുളങ്ങര ഭഗവതി പിതൃസ്ഥാനീയനായ കണ്ണമംഗലം മഹാദേവർക്കൊപ്പം കൂടിയെഴുന്നള്ളത്ത് നടത്താറുണ്ട്. പിതൃപുത്രി സംഗമം എന്നാണ് ഇത് അറിയിപ്പെടുന്നത്. 

1.ഈരേഴ വടക്ക് കരയുടെ കെട്ടുകാഴ്ചയുടെ നാമ്പിനു മുകളിൽ സ്ഥാപിക്കുന്ന ഗരുഡവാഹനം. 2. മറ്റം വടക്ക് കരയുടെ കെട്ടുകാഴ്ചയായ ഭീമസേനന്റെ ശിൽപത്തിനു സമീപത്തായി വയ്ക്കുന്ന ഈച്ചാടി വല്യമ്മ. 3. മറ്റം വടക്ക് കരയുടെ കെട്ടുകാഴ്ചയായ ഭീമസേനൻ.

കൂമ്പിവിരിയുന്ന താമര, ഗരുഡവാഹനം

ഈരേഴ വടക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ നാമ്പിൽ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനെ സ്ഥാപിച്ചിട്ടുണ്ട്. ഇടക്കൂടാരത്തിന് താഴെ കൂമ്പി വിടരുന്ന മനോഹരമായ താമരയും പ്രത്യേകതയാണ്.

ശ്രീചക്രം 

കൈത തെക്ക് കരയിലെ കുതിരയിലാണു ശ്രീചക്രം ക്രമീകരിച്ചിരിക്കുന്നത്. 

പേള കുതിരയിൽ 'കുതിരകൾ' 

ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചകളിലെ കുതിരയ്ക്കു യഥാർഥ കുതിരയുമായി രൂപസാദൃശ്യമില്ല. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈതവടക്ക്, പേള, നടയ്ക്കാവ് കരകളിൽ നിന്നാണു കുതിര കെട്ടുകാഴ്ചയായി എത്തുന്നത്. പേള കെട്ടുകാഴ്ചയിൽ ഇരുവശത്തും വെളുത്ത നിറത്തിലുള്ള കുതിരയുടെ തല ഘടിപ്പിക്കും. ഏറെനാളായി കുതിരത്തലകൂടി വച്ചാണു പേള കുതിരയെ അണിയിച്ചൊരുക്കുന്നത്. പ്രഭടയിൽ കൃഷ്ണലീലയും അനന്തശയനവമാണു കഥയടുക്കായി ഒരുക്കിയിരിക്കുന്നത്.  

പ്രാവ് 

ആഞ്ഞിലിപ്ര കരയുടെ കെട്ടുകാഴ്ചയായ തേരിന്റെ നാമ്പിൽ തടിയിൽ തീർത്ത പ്രാവുണ്ട്.

ഈച്ചാടി വല്ല്യമ്മ 

ബകനു ഭക്ഷണവുമായി പോകുന്ന ഭീമസേനനാണ് മറ്റം വടക്ക് കരയുടെ കെട്ടുകാഴ്ച. സുന്ദരനായ ഭീമസേനനു കണ്ണേറു വീഴാതിരിക്കാനായാണു ശിൽപ നിർമാണ വേളയിൽ തൊട്ടടുത്തായി മൂക്കത്ത് വിരൽ വച്ചുകൊണ്ടുള്ള വയോധികയുടെ രൂപം കൊത്തിവച്ചിരിക്കുന്നതെന്നാണു വാമൊഴി. ഈച്ചാടി വല്യമ്മയെന്നാണ് വിളിപ്പേര്.

ഒറ്റവേരിൽ കൊത്തിയ ശിൽപമാണിത്. ഭീമസേനന്റെ ശിൽപത്തിന്റെ ഇടതുവശത്തെ അച്ചുതടിയിലാണ് ഈച്ചാടിവല്യമ്മയുടെ സ്ഥാനം. ചെറുതാണെങ്കിലും മുഖവും ശരീരവും കൃത്യമായ അനുപാതത്തിലാണ്. പുറത്തേക്ക് വളർന്നിറങ്ങി നിൽക്കുന്ന പല്ലുകൾക്ക് മീതെ വിരൽ തൊട്ടാണ് ഈച്ചാടിവല്യമ്മ ചിരിക്കുന്നത്.

സർവാഭരണവിഭൂഷിതയായി പാഞ്ചാലി 

മറ്റം തെക്ക് കരയിലെ ഹനുമാന്റെ കെട്ടുകാഴ്ചയ്‌ക്കൊപ്പം സർവാഭരണ വിഭൂഷിതയായി പാഞ്ചാലിയുണ്ട്. പാഞ്ചാലിക്കു സാരി സമർപ്പിക്കുന്നത് പ്രധാന വഴിപാടാണ്. ഓരോ വർഷവും 2,500 മുതൽ 3,000 വരെ സാരികളാണ് ഭക്തർ സമർപ്പിക്കുന്നത്.

കുതിരത്തണ്ടിന് അലങ്കാരമായി കുമിള

നടയ്ക്കാവ് കരയിലെ കുതിരയുടെ തണ്ടുകൾക്ക് അലങ്കാരമായി പിത്തളയിൽ തീർത്ത കുമിളകളുണ്ടാകും. മുൻപ് നക്ര (മുതല) മുഖമായിരുന്നു തണ്ടുകളിൽ കൊത്തിവച്ചിരുന്നത്. കഴിഞ്ഞ വർഷം കുതിരയെ പുതുക്കി നിർമിച്ചതോടെയാണു നക്രമുഖത്തിന് പകരം കുമിളകൾ വച്ചത്.

തേരിനു മീതെ പറക്കുന്ന ഗരുഡൻ 

മേനാമ്പള്ളി തേരിന്റെ കൂമ്പിനു മീതെ ചിറകുവിരിച്ചു പറക്കുന്ന ഗരുഡന്റെ ദാരുശിൽപമുണ്ട്.  

ദാരുശിൽപാലംകൃതമായി പ്രഭട 

കുതിരയുടെ ഇടക്കൂടാരത്തിനും ചരിപ്പിനും ഇടയിലുള്ള സ്ഥലത്താണു പ്രഭട സ്ഥാപിക്കുന്നത്. പുരാണ ഇതിഹാസ കഥകളും കഥാപാത്രങ്ങളുമുള്ള ദാരുശിൽപങ്ങളുടെ വിവിധ ഭാഗങ്ങൾ കഥയടുക്ക് അനുസരിച്ചു അലകിന്റെ ചട്ടത്തിൽ കൂട്ടിക്കെട്ടിയാണു പ്രഭട ഒരുക്കുന്നത്. നെറ്റിപ്പട്ടം, ജീവത, വെഞ്ചാമരം, ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളും പ്രഭടയോടു ചേർക്കും. ചെറിയ ചെറിയ ശിൽപങ്ങൾ കഥാക്രമത്തിൽ കെട്ടിക്രമീകരിക്കാൻ പ്രഗത്ഭരായ വ്യക്തികൾ ഓരോ കരയിലുമുണ്ട്. 

ദേവീസ്തുതികളുടെ  കുത്തിയോട്ടം 

ചെട്ടിക്കുളങ്ങര ഭരണി വിശേഷങ്ങളിൽ പ്രധാനമാണ് ശിവരാത്രി മുതൽ രേവതി വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന കുത്തിയോട്ടം വഴിപാട്. അഭീഷ്ടകാര്യം നിറവേറ്റപ്പെട്ട വഴിപാടുകാരന്റെ വീട്ടിലാണു ദേവിക്കുള്ള ഈ സമർപ്പണം നടത്തുന്നത്.ഓണാട്ടുകരയിൽ അൻപതോളം കുത്തിയോട്ട സംഘങ്ങളുണ്ട്. പാട്ടുകാരും ചുവടുവയ്ക്കുന്നവരും മേളക്കാരുമൊക്കെ ചേരുന്നതാണ് ഓരോ കുത്തിയോട്ട സംഘവും. കുത്തിയോട്ടം പരിശീലിപ്പിക്കുന്നത് ഇവിടെയാണ്. ശിവരാത്രി മുതൽ രേവതി വരെ സന്ധ്യയ്ക്ക് തുടങ്ങി അർധരാത്രി വരെ കുത്തിയോട്ടം നീളും.‌

കുത്തിയോട്ടപ്പാട്ടുകളിൽ പ്രാമുഖ്യം ദേവീമാഹാത്മ്യത്തിനാണ്.

ദേവീമഹാമായേ തമ്പുരാട്ടീ– പരി 

പാവനേ പാപപരിഹാരിണീ 

ചേവടി കൂപ്പുന്നേൻ ചെട്ടികുളങ്ങരെ 

വാഴും ഭഗവതി പാഹി പാഹി... 

 

എന്നിങ്ങനെ പോകും അത്. ബാലിവധം,  പൂതനാമോക്ഷം,നളചരിതം,പാഞ്ചാലീവസ്ത്രാക്ഷേപം,സന്താനഗോപാലം,ഉഷാപരിണയം,കാളിയമർദനം,അഹല്യാമോക്ഷം തുടങ്ങിയവ പ്രമേയമായ കുത്തിയോട്ടപ്പാട്ടുകളും ഉണ്ട്. നാലു പാദത്തിനു ശേഷം പാട്ട് കുമ്മിയിലേക്കു പോവും. എട്ടു താനവട്ടമാണ് അഥവാ താളക്രമമാണ് കുത്തിയോട്ടത്തിന്. തന്നന്നാ താനന്നാ എന്നും മറ്റുമുള്ള വായ്ത്താരിയെയാണ് താനവട്ടം എന്നു പറയുന്നത്.ആശാനാണ് പ്രധാനപാട്ടുകാരൻ. രണ്ടോ മൂന്നോ സഹപാട്ടുകാർ ഉണ്ടാവും. പത്തുമുതൽ 20 പേർവരെ താനവട്ടക്കാരുണ്ട്. ഗഞ്ചിറ, തകിൽ,നാഗസ്വരം, തബല,കൈമണി എന്നിവയുമായി വാദ്യക്കാരും ഉണ്ടാവും. പാട്ടിനൊത്ത് ചുവട് വയ്ക്കാൻ പതിനഞ്ചോ ഇരുപതോ പേരും ഉണ്ടാവും. ഓരോ താനവട്ടമനുസരിച്ച് ചുവടിനും വ്യത്യാസം വരും.

മുഹൂർത്തം നോക്കി ശിവരാത്രിക്കു മുൻപേ കുത്തിയോട്ടത്തിന് പന്തലിട്ട് ഗംഭീരമായി അലങ്കരിക്കും. സദ്യപ്പന്തൽ, കാണികൾക്കുള്ള പന്തൽ, പാട്ടുകാർക്കും ചുവടുകാർക്കുമുള്ള പന്തൽ, മണ്ഡപത്തിനുള്ള പന്തൽ എന്നിങ്ങനെ. ദേവീസ്ഥാനം അഥവാ മണ്ഡപവും പന്തലിൽ ഒരുക്കും. ശിവരാത്രി ദിവസം സന്ധ്യയ്ക്ക് ഇവിടെ ഭദ്രകാളിയുടെ ചിത്രം വയ്ക്കും, വാൾ വച്ച് ദേവിയെ കുടിയിരുത്തും. ദേവീസ്ഥാനത്തു നിറപറ, നിത്യവും സന്ധ്യയ്ക്കു ദീപാരാധന, ഗണപതിക്കു നൈവേദ്യം.. ഒരുക്കങ്ങൾ ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com