ഭക്തസഹസ്രങ്ങൾ ഇന്ന് ചെട്ടികുളങ്ങരയിലേക്ക്; ഇനി കൺനിറയെ കെട്ടുകാഴ്ച
Mail This Article
കുംഭഭരണി നാളിൽ ചെട്ടികുളങ്ങരക്കാരനു കൊഞ്ചും മാങ്ങയും ചേർന്നുള്ള ഉച്ചയൂണ് പ്രധാനമാണ്. കുംഭഭരണി നാളിൽ ചെട്ടികുളങ്ങരയിലെ ഏതു വീട്ടിൽ ചെന്നാലും കൊഞ്ചും മാങ്ങയും ഉച്ചയൂണിനു വിഭവമായി ഉണ്ടാകും. രാവിലെ ക്ഷേത്രത്തിലേക്കുള്ള കുത്തിയോട്ട ഘോഷയാത്ര ദർശിച്ച ശേഷം കൊഞ്ചും മാങ്ങയും കൂട്ടിയുള്ള വിഭവസമൃദ്ധമായി സദ്യയും കഴിഞ്ഞാണു കരക്കാർ കെട്ടുകാഴ്ചയുടെ സമീപത്ത് എത്തുന്നത്. ശിവരാത്രി നാൾ മുതൽ രാവിനെ പകലാക്കി നിർമിച്ച കെട്ടുകാഴ്ചയെ ക്ഷേത്ര സന്നിധിയിൽ എത്തിക്കുന്നതിനുള്ള ആവേശമാണു നിറയുന്നത്.
കൊഞ്ചും മാങ്ങയും ചെട്ടികുളങ്ങരക്കാരന്റെ കുംഭഭരണി ജീവിതത്തിന്റെ ഭാഗമായതിനു പിന്നിലൊരു കഥയുണ്ട്. ഒരിക്കൽ കുംഭഭരണി നാളിൽ വീട്ടമ്മ അടുക്കളയിൽ കൊഞ്ചും മാങ്ങയും തയാറാക്കുന്നതിനിടയിൽ റോഡിലൂടെ കുത്തിയോട്ട ഘോഷയാത്ര ക്ഷേത്രത്തിലേക്കു പോകുന്നതിന്റെ ആരവങ്ങൾ കേട്ടു. ഘോഷയാത്ര കാണമെന്നു ഏറെ ആഗ്രഹിച്ച വീട്ടമ്മ എല്ലാം ദേവീ നോക്കിക്കോണേ എന്നു പ്രാർഥിച്ച് ഘോഷയാത്ര കാണാൻ പോയി. ഘോഷയാത്ര കണ്ടു മണിക്കൂറിനു ശേഷം തിരിച്ചെത്തുമ്പോൾ കൊഞ്ചും മാങ്ങയും കരിയാതെ പാകമായിരിക്കുന്നതു കണ്ടു.
ഇക്കഥ നാട്ടിൽ പ്രചരിച്ചതോടെയാണു ചെട്ടികുളങ്ങര കരകളിൽ കൊഞ്ചും മാങ്ങയും ഇഷ്ട വിഭവമായതെന്നാണു വാമൊഴിക്കഥ. കഥ സത്യമായാലും അല്ലെങ്കിലും കൊഞ്ചും മാങ്ങയും കുംഭഭരണി നാളിൽ ഭൂരിഭാഗം വീടുകളിലും പ്രധാനവിഭവമായി സദ്യയിൽ സ്ഥാനം പിടിക്കും.
ഗതാഗതനിയന്ത്രണം
ഇന്നു ഉച്ചയ്ക്ക് ഒന്നു മുതൽ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. മാവേലിക്കര നിന്നു ചെട്ടികുളങ്ങര വഴി കായംകുളത്തേക്കുള്ള വാഹനങ്ങൾ കണ്ടിയൂരിൽ നിന്ന് തിരിഞ്ഞ് ഈരേഴ, കൊയ്പള്ളികാരാഴ്മ, ഒന്നാംകുറ്റി വഴി പോകണം. കായംകുളത്തു നിന്നു തട്ടാരമ്പലം ഭാഗത്തേക്കുള്ള വാഹനങ്ങൾ പത്തിയൂർ, കണ്ണമംഗലം, കരിപ്പുഴ വഴി പോകണം. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ 500 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഈരേഴ കൊച്ചാൽത്തറമുക്കിൽ നിന്നു പടിഞ്ഞാറേക്ക് ഇരുചക്രവാഹനങ്ങൾ മാത്രമേ കടത്തിവിടൂ.
അധിക ബസ് സർവീസ്
കെഎസ്ആർടിസി മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, തിരുവല്ല ഡിപ്പോകളിൽ നിന്നു ഇന്നു ചെട്ടികുളങ്ങര വഴി അധിക ബസ് സർവീസ് ഉണ്ടാകും.
നിയന്ത്രിക്കാൻ വൊളന്റിയേഴ്സ്
ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ ഒരു കരയിൽ നിന്നും 5 വീതം വൊളന്റിയേഴ്സ്, കൺവൻഷൻ ഭാരവാഹികൾ വീതമുള്ള 130 അംഗ സംഘം നാളെ ക്ഷേത്രത്തിനകത്തും പുറത്തും സേവനം ചെയ്യും. കുത്തിയോട്ടം, കെട്ടുകാഴ്ച എന്നിവ എത്തുന്ന സമയത്തു വൊളന്റിയേഴ്സിനായിരിക്കും പൂർണ നിയന്ത്രണം.
ചെട്ടികുളങ്ങരയിൽ ഇന്നറിയാൻ
∙ കുത്തിയോട്ടങ്ങൾ ഇന്ന് പുലർച്ചെ ആറു മുതൽ ക്ഷേത്രത്തിലെത്തി തുടങ്ങും. ക്ഷേത്രത്തിന്റെ തെക്ക്, കിഴക്ക്, വടക്ക് വശങ്ങളിലുള്ള ഗേറ്റുകളിലൂടെ എത്തുന്ന കുത്തിയോട്ടങ്ങളെ മുൻഗണന ക്രമത്തിൽ അകത്തേക്ക് പ്രവേശിപ്പിക്കും. കുത്തിയോട്ട വഴിപാട് സമർപ്പണം നടത്തിയവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഗേറ്റിലൂടെ പുറത്തേക്കു പോകണം.
∙ കുത്തിയോട്ടം ചൂരൽ മുറിയൽ, സമർപ്പണം എന്നിവയുടെ വിഡിയോ, ഫോട്ടോ എന്നിവ എടുക്കാൻ അനുവദിക്കില്ല
∙ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രാദേശിക അവധി
∙ വൈകിട്ട് നാലോടെ കരകളുടെ ക്രമത്തിൽ കെട്ടുകാഴ്ച വരവ് തുടങ്ങും. കെട്ടുകാഴ്ചകള്‍
കാഴ്ചക്കണ്ടത്തിൽ അണിനിരന്ന ശേഷം ക്ഷേത്രത്തിൽ ദീപാരാധന.
∙ കെട്ടുകാഴ്ചകൾ കടന്നുവരുന്ന വഴികളുടെ ഇരുവശത്തും ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളിലും ഇന്നു വൈകിട്ട് 3 മുതൽ നാളെ രാവിലെ 8 വരെ വാഹന പാർക്കിങ് കർശനമായി നിരോധിച്ചിട്ടുണ്ട്.
∙ അടിയന്തിര സാഹചര്യമുണ്ടായാൽ ഈരേഴ തെക്ക് കാരിക്കുളങ്ങര-കണ്ടിയൂർ തെക്കേനട റോഡ് രക്ഷാപാതയായി ഉപയോഗിക്കും.
∙ കുംഭഭരണി പ്രമാണിച്ചു മേഖലയിൽ പൊലീസ് സുരക്ഷ കർശനമാക്കി. 2 ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ പൊലീസ് സേന സജ്ജമാണ്. ക്ഷേത്രവളപ്പിലും 2 കിലോമീറ്റർ ചുറ്റളവ് ക്യാമറ നിരീക്ഷണത്തിലാണ്.