കാപികോ റിസോർട്ട് പൊളിക്കൽ: വിലയിരുത്താൻ കലക്ടർ എത്തി
Mail This Article
പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ട് പൊളിക്കൽ പ്രവർത്തനങ്ങൾ കലക്ടർ വി.ആർ.കൃഷ്ണ തേജ നേരിട്ടെത്തി വിലയിരുത്തി. സമയബന്ധിതമായി പൊളിക്കൽ പൂർത്തിയാക്കാൻ അദ്ദേഹം നിർദേശം നൽകി.റിസോർട്ടിലെ 54 വില്ലകളിൽ 34 വില്ലകൾ പൂർണമായി പൊളിച്ചു. 7 വില്ലകൾ ഭാഗികമായി പൊളിച്ചു. 13 വില്ലകളും ഓഫിസ് പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടവും പൊളിക്കാനുണ്ട്. മാർച്ച് 28ന് മുൻപ് റിസോർട്ട് പൊളിച്ചു നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. മാർച്ച് 20നുള്ളിൽ പൂർത്തിയാക്കുമെന്ന് റിസോർട്ട് പ്രതിനിധികൾ മറുപടി കൊടുത്തു. കെട്ടിട അവശിഷ്ടങ്ങൾ മാർച്ച് ഒന്നോടെ നീക്കിത്തുടങ്ങുമെന്നും പറഞ്ഞു.
ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം, ചേർത്തല തഹസിൽദാർ കെ.ആർ. മനോജ്, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി ആർ. പ്രദീപ് കുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ.അനികാർ തുടങ്ങിയവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു.
കായൽ കയ്യേറ്റം: എമറാൾഡ് റിസോർട്ട് കെട്ടിടങ്ങൾ പൊളിക്കാൻ നോട്ടിസ്
കോടംതുരുത്ത് പഞ്ചായത്തിൽ കായലിനു നടുവിലുള്ള എമറാൾഡ് റിസോർട്ടിലെ കായൽ കയ്യേറി സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടിസ് നൽകി. 2003ൽ പ്രവർത്തനം തുടങ്ങിയ റിസോർട്ട് കായലിനു നടുവിലെ തുരുത്തിലാണ് സ്ഥിതി ചെയ്യുന്നത്.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വില്ലകൾ പൊളിച്ചുനീക്കാനാണ് പഞ്ചായത്ത് അധികൃതർക്ക് ലഭിച്ച നോട്ടിസിലെ നിർദേശം. മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുമെന്ന പരാതിയെത്തുടർന്നാണ് ഉത്തരവ്.