ഒരു മനം, ഒരേ താളം, ഓണാട്ടുകരയ്ക്ക്; നിറഞ്ഞു നിന്നതു കുത്തിയോട്ടപ്പാട്ടിന്റെ വായ്ത്താരികൾ
Mail This Article
ചെട്ടികുളങ്ങര ∙ ഓണാട്ടുകരയിലെ വീഥികളിൽ ഇന്നലെ നിറഞ്ഞു നിന്നതു കുത്തിയോട്ടപ്പാട്ടിന്റെ വായ്ത്താരികൾ. ദേവിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടം നടത്തിയ വീടുകളിൽ നിന്നു കുത്തിയോട്ട സംഘം ഘോഷയാത്രയായി രാവിലെ തന്നെ ദേവീ സന്നിധിയിലേക്കു പുറപ്പെട്ടു. പഞ്ചവാദ്യം, താലപ്പൊലി, അമ്മൻകുടം, കുത്തിയോട്ട കുട്ടികൾ, ചുവടുകാർ, കുത്തിയോട്ടപ്പാട്ടുകാർ എന്ന ക്രമത്തിൽ നീങ്ങിയ കുത്തിയോട്ട ഘോഷയാത്ര കാണാൻ റോഡിനിരുവശത്തും ഒട്ടേറെപ്പേർ കാത്തു നിന്നു. ഘോഷയാത്ര കടന്നു പോയ വഴികളുടെ ഇരുവശത്തെയും വീട്ടുകാർ നിലവിളക്ക് തെളിച്ചു ദേവീ സ്തുതികൾ ഉരുവിട്ടു.കുത്തിയോട്ട കുട്ടികളെ രാവിലെ കുളിപ്പിച്ചു ചമയങ്ങൾ അണിയിച്ച ശേഷം മാതാപിതാക്കൾക്കും ആശാന്മാർക്കും ദക്ഷിണ നൽകിച്ചു.
കണ്ണും പുരികവും എഴുതി, മീശയും കൃതാവും വരച്ചു സ്വർണ വർണത്തിലുള്ള കിരീടവും തോൾവളയും രക്ത വർണമുള്ള മാലയും അണിയിച്ച ശേഷം അരയിൽ തറ്റുടത്തു പട്ടു ചേലയ്ക്കു മുകളിലായി വാട്ടിയ തൂശനില താഴോട്ട് ഉടുപ്പിച്ചു.ഒറ്റപ്പിടിയൻ പിച്ചാത്തി മുനയിൽ പഴുക്കാ പാക്ക് കുത്തി നിർത്തി ഇരു കൈകൊണ്ടും ചേർത്തു പിടിപ്പിച്ചു.
കുത്തിയോട്ട സംഘം ഇവർക്കു ചുറ്റുമായി നിന്നു കുത്തിയോട്ടപ്പാട്ടും പാടി. ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തി ദക്ഷിണ സഹിതം തിരുനടയിൽ കുത്തിയോട്ടം സമർപ്പിച്ചു. കുട്ടികളെ ക്ഷേത്രക്കുളത്തിൽ കുളിപ്പിച്ചു, പുതു വസ്ത്രങ്ങൾ അണിയിച്ചു കുത്തിയോട്ട വീട്ടിലേക്കു തിരിച്ചു കൊണ്ടുപോയതോടെ ചടങ്ങുകൾക്കു സമാപനമായി.
ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ മുതൽ ദർശനത്തിനായി വലിയ തിരക്കായിരുന്നു. കിലോമീറ്ററോളം നീണ്ടു നിരയിൽ നിന്നാണു പലർക്കും ദർശനത്തിന് അവസരം ലഭിച്ചത്. കുത്തിയോട്ടഘോഷയാത്ര ക്ഷേത്രത്തിനു വലം വയ്ക്കുമ്പോൾ ദർശനത്തിനായി നിൽക്കുന്നവർക്കു തടസ്സം ഉണ്ടാകാതിരിക്കാൻ ഭക്തർക്കായി പ്രത്യേക ഫ്ലൈഓവർ സംവിധാനം ഏർപ്പെടുത്തിയിരുന്നു
നെട്ടൂർപ്പെട്ടി: പഴമയുടെ പ്രതീകം
കുത്തിയോട്ട ഘോഷയാത്രയിലെ നെട്ടൂർപ്പെട്ടി ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ചയാണ്. കുത്തിയോട്ട വഴിപാടിനു കാലങ്ങളുടെ പഴക്കമുണ്ടെന്ന ഭക്തരുടെ വിശ്വാസതീവ്രതയുടെ നേർസാക്ഷ്യം. രാജഭരണകാലത്തു വിരലിലെണ്ണാവുന്ന കുത്തിയോട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്തു കുത്തിയോട്ട കുട്ടികൾക്ക് അണിയാനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും രാജകൊട്ടാരത്തിൽ നിന്നു കൊട്ടാരം കാര്യസ്ഥൻ കുത്തിയോട്ട വീട്ടിൽ എത്തിക്കുമായിരുന്നു. ആഭരണങ്ങൾ അണിയിച്ച ശേഷം പെട്ടി തലച്ചുമടായി ക്ഷേത്രത്തിലേക്കു കൊണ്ടുവരും.
കുത്തിയോട്ട സമർപ്പണത്തിനു ശേഷം ആഭരണങ്ങൾ തിരികെവാങ്ങി പെട്ടിയിൽ വച്ചു കൊട്ടാരത്തിലേക്കു കൊണ്ടുപോകുകയായിരുന്നു പതിവ്. ഇതിന്റെ ഓർമയ്ക്കായാണ് വഴിപാടുകാരനോ അദ്ദേഹം നിശ്ചയിക്കുന്ന വ്യക്തിയോ നെട്ടൂർപ്പെട്ടി തലയിലേന്തി കുത്തിയോട്ട ഘോഷയാത്രയിൽ അണിചേരുന്നത്.