അരൂർ– തുറവൂർ ഉയരപ്പാത: തൂണുകളുടെ നിർമാണത്തിന് യന്ത്രങ്ങൾ എത്തിത്തുടങ്ങി; പാത 12.752 കിലോമീറ്റർ നീളത്തിൽ
Mail This Article
തുറവൂർ∙ ഉയരപ്പാതയുടെ തൂണുകളുടെ നിർമാണത്തിനായി യന്ത്രങ്ങൾ എത്തിത്തുടങ്ങി. യന്ത്രങ്ങളിൽ ഡ്രില്ലിങ് മെഷീൻ സ്ഥാപിക്കുന്നതിനായി ക്രെയ്നുകളും എത്തി. തൂണുകൾ സ്ഥാപിക്കുന്നതിനായി തുറവൂർ മുതൽ അരൂർ വരെയുള്ള പാതയിലെ മീഡിയനിലെ മണ്ണ് നീക്കുന്ന ജോലി ആരംഭിച്ചു.
അരൂർ മുതൽ തുറവൂർ വരെ 12.752 കിലോ മീറ്ററിൽ പാതയിലാണ് ഉയരപ്പാത നിർമിക്കുന്നത്. ജനുവരി പകുതിയോടെ തൂണുകളുടെ നിർമാണം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ മാർച്ച് അവസാനിക്കാറായിട്ടും തൂണുകളുടെ നിർമാണം തുടങ്ങിയിട്ടില്ല. മണ്ണ് പരിശോധന ഇപ്പോഴും നടക്കുകയാണ്. 3 വർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് കരാർ വ്യവസ്ഥ.
അരൂർ മുതൽ തുറവൂർ വരെ പാതയുടെ മീഡിയിനിൽ 40 മീറ്റർ ഇടവിട്ട് 325 ഇടങ്ങളിൽ നിന്നു മണ്ണ് പരിശോധനയും 5 ഇടങ്ങളിൽ ടെസ്റ്റ് പൈലിങ്ങും പൂർത്തിയായി. തൂണുകൾ സ്ഥാപിക്കുന്ന ഭാഗങ്ങളിൽ ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാൻ സർവീസ് റോഡുകളും പൂർത്തിയാക്കണം. എന്നാൽ സർവീസ് റോഡുകളുടെ നിർമാണം തുടങ്ങിയതേയുള്ളൂ.