ഇനി വൈക്കോല്ക്കാലം
Mail This Article
എടത്വ ∙ മഴക്കാലവും, വെള്ളപ്പൊക്കവും കണക്കിലെടുത്ത് വൈക്കോലിന് ആവശ്യക്കാർ വർധിച്ചതോടെ വിൽപനയും കൂടി. കൈ കൊയ്ത്തു നടന്നിരുന്ന സമയത്ത് എല്ലാ ക്ഷീരകർഷകരും വൈക്കോൽ വാങ്ങി സംഭരിച്ചു വച്ചിരുന്നു. എന്നാൽ യന്ത്ര കൊയ്ത്ത് ആരംഭിച്ചതോടെ ആവശ്യക്കാർ കുറഞ്ഞിരുന്നു. യന്ത്രത്തിൽ കൊയ്യുമ്പോൾ, വൈക്കോൽ പൊടിയുകയും, സംഭരിച്ചു വയ്ക്കുന്നതിന് പ്രയാസവുമായതാണ് ആവശ്യക്കാരുടെ എണ്ണം കുറയാൻ കാരണം.
എന്നാൽ തൊഴിലുറപ്പ് വ്യാപകമായതോടെ പറമ്പുകളിലും വഴിയോരങ്ങളിലും പുല്ലുചെത്തിമാറ്റി കൃഷി ആരംഭിക്കുകയും വെള്ളപ്പൊക്കത്തിൽ പുല്ലിന്റെ ലഭ്യത കുറയുകയും ചെയ്തതോടെ വീണ്ടും വൈക്കോൽ സംഭരിക്കാൻ ക്ഷീരകർഷകർ രംഗത്തു വരുകയായിരുന്നു. യന്ത്രത്തിൽ തന്നെ 20 കിലോയുടെ ചെറിയ കെട്ടുകളാക്കി വെള്ളം കയറാത്ത വിധത്തിൽ പടങ്ങുകെട്ടി അതിനുമുകളിൽ പടുതയിട്ടുമൂടിയാണ് ഇപ്പോൾ വൈക്കോൽ സൂക്ഷിച്ചു വയ്ക്കുന്നത്.
യന്ത്രത്തിൽ കൊയ്യുമ്പോൾ പകുതിയിലേറെയും പൊടിയുന്നതിനാൽ കർഷകർക്ക് കിട്ടുന്ന തുക കുറവാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം കൊല്ലം എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യക്കാർ ഏറെയുള്ളത്. മുൻകാലങ്ങളിൽ ഏക്കറിന് 40 കെട്ട് വൈക്കോൽ ആണ് ലഭിച്ചിരുന്നതെങ്കിൽ യന്ത്രത്തിൽ കെട്ടിയെടുക്കുമ്പോൾ 60 കെട്ടു വരെ ലഭിക്കുന്നുണ്ട്. ആവശ്യക്കാർ കൂടിയതോടെ വിൽപനക്കാരും വൈക്കോൽ കെട്ടി റോഡുവക്കിൽ വച്ച് വിൽക്കുകയാണ്. ഒരു കെട്ടിന് 110 രൂപ മുതൽ 130 വരെയാണ് വില ഈടാക്കുന്നത്. യന്ത്രത്തിൽ ഒരു കെട്ട് ആക്കുന്നതിന് 50 രൂപയാണ് കൂലി.