കാപികോ റിസോർട്ട് പൊളിക്കൽ അവശിഷ്ടങ്ങൾ ഇന്നലെയും നീക്കിയില്ല
Mail This Article
പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ട് പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ നീക്കൽ ഇന്നലെയും നടന്നില്ല. ദിവസവും അവശിഷ്ടങ്ങൾ കുന്നുകൂടുകയാണ്. ഹൈഡ്രോളിക് ഉപകരണങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് പ്രധാന കെട്ടിടത്തിന്റെ വശങ്ങൾ മുറിക്കലും പൊളിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. പൊളിച്ച് അവശിഷ്ടങ്ങൾ നിശ്ചിത അളവാകുമ്പോൾ മാറ്റുന്നതിനാലാണ് തൽക്കാലം നീക്കാത്തതെന്ന് അധികൃതർ പറയുന്നു.
എന്നാൽ അവശിഷ്ടങ്ങൾ കുന്നുകൂടിക്കിടക്കുന്നത് കായലിലേക്കു വീഴുമെന്നും ആഴം കുറയുമെന്നും മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ തട്ടി അപകടമുണ്ടാകുമെന്നും മത്സ്യസമ്പത്തിനെ ബാധിക്കുമെന്നും അടക്കം ആശങ്കകൾ മത്സ്യത്തൊഴിലാളികൾ ഉയർത്തുന്നുണ്ട്. അവശിഷ്ടങ്ങൾ വൈകാതെ നീക്കുമെന്നും നീക്കിയാലേ മണ്ണുമാന്തി യന്ത്രം അടക്കം അകത്തേക്കു കയറ്റി ബാക്കി പണി ചെയ്യാനാകൂ എന്നും അധികൃതർ പറയുന്നു. മാലിന്യ നീക്കം താൽക്കാലികമായി നിലച്ചെന്ന റിപ്പോർട്ട് സർക്കാരിലേക്ക് ഉദ്യോഗസ്ഥർ നൽകിയിട്ടുമുണ്ട്.