മങ്കൊമ്പ് ഭഗവതി ക്ഷേത്രം 6 അടി ഉയർത്തുന്നു; ഉപയോഗിക്കുന്നത് 400 ജാക്കികൾ– ചിത്രങ്ങൾ
Mail This Article
കുട്ടനാട് ∙ 2018 ലെ മഹാ പ്രളയത്തിൽ നിത്യ പൂജകൾ പോലും മുടങ്ങിയ മങ്കൊമ്പ് ഭഗവതി ക്ഷേത്രം ഭക്ത ജനങ്ങളുടെ സഹകരണത്തോടെ ഉയർത്തുന്ന ജോലികൾ പുരോഗമിക്കുന്നു. ജാക്കി ഉപയോഗിച്ച് 6 അടിയോളമാണു ക്ഷേത്രം ഉയർത്തുന്നത്. 2018നു ശേഷം നിത്യപൂജകൾക്കു മുടക്കമുണ്ടായിട്ടില്ലെങ്കിലും
വർഷത്തിൽ ബഹുഭൂരിപക്ഷം ദിവസങ്ങളിലും ക്ഷേത്രവും പരിസരവും വെള്ളക്കെട്ടിലായിരുന്നു.ക്ഷേത്രം ഉയർത്താനുള്ള ഭക്തജനങ്ങളുടെ തീരുമാനം ക്ഷേത്രം ഉപദേശക സമിതി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിക്കുകയും ഹൈക്കോടതിയുടെ അനുമതിയോടെ ദേവസ്വം ബോർഡ് അനുവാദം നൽകുകയുമായിരുന്നു.
തുടർന്ന് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ക്ഷേത്രം ഉയർത്തുന്ന ജോലികൾ ആരംഭിച്ചു. ചുറ്റമ്പലം ഉയർത്തുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 8 ടണ്ണോളം ഭാരം വഹിക്കാൻ ശേഷിയുള്ള 400 ജാക്കികൾ ഉപയോഗിച്ചാണു ചുറ്റമ്പലം 6 അടിയോളം ഉയർത്തുന്നത്. മുന്നൊരുക്കമായി ചുറ്റമ്പലത്തിന്റെ ബലക്ഷയം വന്ന ഭിത്തികൾ പൊളിച്ചുമാറ്റി.
ജാക്കി ഉപയോഗിച്ച് ഉയർത്തിയശേഷം ഭിത്തി പൂർണമായും കൃഷ്ണശിലയിൽ നിർമിക്കാനാണു പദ്ധതി. ചുറ്റമ്പലത്തിന്റെ വെട്ടുകല്ലിൽ തീർത്ത അടിത്തറയും പാദുകവും പൊളിച്ചുമാറ്റി കോൺക്രീറ്റു ചെയ്ത് ബലപ്പെടുത്തിയശേഷമാണു ജാക്കികൾ സ്ഥാപിച്ചത്.
ഉയർത്തിയ ചുറ്റമ്പലം ഇനി പൈലിങ്ങിൽ അടിത്തറ നിർമിച്ച് അതിലുറപ്പിക്കും. തുടർന്നു കൃഷ്ണശിലയിൽ പുനർ നിർമാണ ജോലികൾ നടക്കും. ചുറ്റമ്പലത്തിനൊപ്പം ക്ഷേത്ര ഗോപുരം, ആനക്കൊട്ടിൽ, സേവാ പന്തൽ, 2 കളിത്തട്ടുകൾ എന്നിയും പുനർ നിർമിക്കും. കൂടാതെ ഉപദേവതകളുടെ 2 ശ്രീകോവിലുകൾ പുതിയതായി നിർമിക്കും. ക്ഷേത്ര കോംപൗണ്ടും 6 അടി ഉയർത്താനാണു ലക്ഷ്യമിടുന്നത്.