ADVERTISEMENT

കുട്ടനാട് ∙ മടവീണ കൈനകരി കൃഷിഭവൻ പരിധിയിലെ ചെറുകായൽ  പാടശേഖരത്തിലെ മട കുത്തുന്ന ജോലി പാടശേഖര സമിതി ഏറ്റെടുത്തു നടത്തുന്നതിന് അംഗീകാരം. തോമസ് കെ.തോമസ് എംഎൽഎയുടെ നിർദേശാനുസരണം വിളിച്ചു ചേർത്ത പാടശേഖര സമിതി പൊതു യോഗത്തിലാണു തീരുമാനം. കടുത്ത സാമ്പത്തിക ബാധ്യതയിലായ സമിതിയെ സഹായിക്കാൻ കർഷകർ തന്നെ മട കുത്താനുള്ള പണം സമിതിക്ക് പലിശ രഹിത വായ്പയായി നൽകും. പ്രദേശവാസികളും സംരംഭത്തിൽ പങ്കാളികളാകും. 5000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി നൽകാൻ പൊതുയോഗത്തിൽ പങ്കെടുത്ത കർഷകർ സന്നദ്ധത അറിയിച്ചു. 

ഓണത്തിന് ‌മുൻപ് മട കുത്തി പമ്പിങ് നടത്തി വെള്ളം വറ്റിച്ച് പ്രദേശവാസികളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്. മട കുത്തുന്നതുമായി ബന്ധപ്പെട്ടു പാടശേഖര സമിതിക്കുണ്ടാകുന്ന ചെലവുകൾ പരമാവധി വേഗത്തിൽ കർഷകർക്കു ലഭ്യമാക്കുമെന്നു  എംഎൽഎ പറഞ്ഞു. സാങ്കേതിക തടസ്സങ്ങൾ എല്ലാം പരിഹരിച്ചു മട കുത്തുന്ന ജോലി തുടങ്ങാൻ കൃഷി വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ട്.  ജോലി പൂർത്തീകരിക്കുന്ന മുറയ്ക്കു പണം ലഭ്യമാക്കുമെന്ന് എംഎൽഎ അറിയിച്ചു. പാടശേഖര സമിതി പ്രസിഡന്റ് എ.ജി.രാജേഷ് അധ്യക്ഷത വഹിച്ചു. കൈനകരി  പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.എ.പ്രമോദ്, പാടശേഖര സമിതി സെക്രട്ടറി പി.എൽ.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

തുക  ഉടൻ നൽകാൻ  നടപടി: എംഎൽഎ 

കുട്ടനാട് ∙ മടവീണ പാടശേഖരങ്ങളിൽ മട കുത്തിയ ഇനത്തിൽ ലഭിക്കേണ്ട തുക  ഉടൻ നൽകാൻ  നടപടി സ്വീകരിക്കുമെന്നു തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. മട കുത്തിയിട്ടും പണം ലഭിക്കാതെ പാടശേഖര സമിതികൾ ദുരിതത്തിലായെന്ന ‘മനോരമ’ വാർത്തയോടു പ്രതികരിക്കുകയായിരുന്നു എംഎൽഎ.

വിഷയം മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മട കുത്തിയ ഇനത്തിലെ പണം ലഭ്യമാകാതെ കർഷകർ കൂടുതൽ ബാധ്യതയിലേക്കു പോകുന്നത് അംഗീകരിക്കാനാകില്ല. കലക്ടറുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് ഉടൻ പരിഹാരം കണ്ടെത്തും. മട വീണ പാടശേഖരങ്ങൾക്കു ചെലവായ തുക വാങ്ങി നൽകുന്നതു തന്റെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com