ADVERTISEMENT

കുട്ടനാട് ∙ പുറംബണ്ട് തകർന്നു കൃഷിയിടത്തിൽ വെള്ളം കയറിയിട്ട് ഒരാഴ്ച പിന്നിട്ടു. തകർന്ന ഭാഗം കുത്തിയെടുക്കാൻ നടപടിയില്ല.നാട്ടുകാർ ദുരിതത്തിലായി. നെടുമുടി കൃഷിഭവൻ പരിധിയിലെ കിഴക്കേ തുമ്പൂരം പാടശേഖരത്തിലാണു പുറംബണ്ട് തകർന്ന് പാടശേഖരത്തിൽ വെള്ളം കയറിയത്. രണ്ടാംകൃഷിയുടെ വിതകഴിഞ്ഞ രണ്ടാഴ്ച പിന്നിട്ടപ്പോഴായിരുന്നു സംഭവം. പൂഴി ഭാഗത്തെ പുറംബണ്ടാണു തകർന്നത്. പാടശേഖരത്തിൽ ഏതാനും വർഷം മുൻപു 1.51 കോടി രൂപയ്ക്കുമേൽ ചെലവിൽ കല്ലുകെട്ടി പുറംബണ്ട് ബലപ്പെടുത്തിയിരുന്നു.

കോടികൾ ചെലവഴിച്ചു പുറംബണ്ടു നിർമിച്ചിട്ടും ഓട്ടോറിക്ഷപോലും പുറംബണ്ടിലൂടെ കടന്നു പോകാത്ത സ്ഥിതിയിരുന്നു. റോഡിൽ തടസ്സമായി നിന്ന വൈദ്യുത പോസ്റ്റുകൾ പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി മാറ്റിയതോടെയാണു യാത്രാ സൗകര്യം സുഗമമായത്. പുറംബണ്ടിന്റെ നിർമാണം പൂർത്തിയാക്കാൻ പോലും കരാറുകാരനു സാധിച്ചിട്ടില്ല.

പാടശേഖരങ്ങളുടെ പുറംബണ്ടിൽ താമസിക്കുന്ന നെടുമുടി പഞ്ചായത്ത് 12, 13 വാർഡുകളിലെ നൂറ്റൻപതോളം വീടുകളിലുള്ളവർ ദുരിതത്തിലായി. മടകുത്താൻ പാടശേഖര സമിതിക്കു ഫണ്ട് ഇല്ലാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കടംവാങ്ങിയും മറ്റും രണ്ടാംകൃഷിയിറക്കിയ കർഷകർക്കു തകർന്ന ഭാഗം കുത്തിയെടുക്കാനുള്ള തുക കൂടി കണ്ടെത്തുക സാധ്യമല്ല.

മഴക്കെടുതി കർഷകരെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ കൃഷിയുടെ നെല്ലിന്റെ വില ലഭിക്കാത്ത സാഹചര്യത്തിൽ കടം വാങ്ങിയാണ് ഇത്തവണ കൃഷിയിറക്കിയത്. കർഷകർക്കുണ്ടായ നഷ്ടം നികത്തണം. അധികൃതർ ഇടപെട്ട്, പാടശേഖര സമിതിക്കു ബാധ്യതയുണ്ടാകാത്ത വിധം മടകുത്തണം.

പുറംബണ്ടു തകർന്നു കിടക്കുന്നതുമൂലം നാട്ടുകാർക്കും കർഷകർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് ബ്ലോക്ക് പഞ്ചായത്തംഗം ഗോകുൽ ഷാജി കലക്ടറുടെയും പ്രിൻസിപ്പൽ കൃഷി ഓഫിസറുടെയും ശ്രദ്ധയിൽ പെടുത്തി.

പാടശേഖരത്തിൽ 54 ചെറുകിട കർഷകരാണു കൃഷി ചെയ്യുന്നത്. ഇതിൽ പാട്ടക്കർഷകരാണു കൂടുതൽ. കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ലിന്റെ വില ലഭിച്ചിട്ടില്ല. പാടശേഖരം കടുത്ത കടബാധ്യതയിലാണ്. 84 ഏക്കർ പാടശേഖരത്തിലെ വിത പൂർണമായി നശിച്ചു. തുടർ നടപടി സ്വീകരിക്കാൻ ഇന്നു പാടശേഖര സമിതി പൊതുയോഗം ചേരും.

പ്രദേശവാസികൾക്കൊപ്പമാണ് ഇരുവരെയും കണ്ടു നിവേദനം സമർപ്പിച്ചത്. പാടശേഖര സമിതി ഭാരവാഹികളെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ച് ഉടൻ യോഗം നടത്താമെന്ന ഉറപ്പ് ഇരുവരിൽ നിന്നു ലഭിച്ചു.

എല്ലാ വർഷവും ഉണ്ടാകുന്ന പ്രതിസന്ധിക്കു പരിഹാരം കാണാനാണ് ഒരു വർഷം മുൻപ് പാടശേഖരത്തിനു ചുറ്റും കല്ലുകെട്ടി ബണ്ട് നിർമിച്ചത്. ബണ്ട് പല ഭാഗത്തും പല അളവിലാണു നിർമിച്ചത്. പല ഭാഗത്തും പൂർത്തിയാക്കിയിട്ടുമില്ല. കല്ലുകെട്ടു പല ഭാഗത്തും തകർന്നു. അശാസ്ത്രീയമായ പുറംബണ്ട് നിർമാണമാണു കൃഷിനാശത്തിനു കാരണമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com