ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയത് 11 ഭൂഗർഭ മത്സ്യ ഇനങ്ങൾ. അവയിൽ 4 എണ്ണവും ആലപ്പുഴ ജില്ലയിൽ നിന്ന്. ചെങ്ങന്നൂരിൽ നിന്നു 3 വർഷം മുൻപ് ഭൂഗർഭ മത്സ്യമായ– പാതാള ഈൽ ലോച്ച് (പാൻജിയോ പാതാള) കണ്ടെത്തിയതു സംബന്ധിച്ച് ടൈറ്റാനിക് നായകനായ ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചതോടെ ‘കുഞ്ഞൻ അദ്ഭുത മീനുകൾ’ വീണ്ടും സംസാരവിഷയമായി.

ചെങ്കൽ പ്രദേശങ്ങളിൽ കണ്ടുവന്നിരുന്ന ഭൂഗർഭ മത്സ്യങ്ങളെ 2018ലെ പ്രളയത്തിനു ശേഷമാണു ചെങ്ങന്നൂരിലും സമീപ പ്രദേശങ്ങളിലും കണ്ടെത്താൻ തുടങ്ങിയത്. കഴിഞ്ഞ ജനുവരിയിൽ തിരുവൻവണ്ടൂരിൽ തന്നെ അശ്വിൻ ഭവനിൽ സഹദേവന്റെ വീട്ടിൽ നിന്നു ഹോറഗ്ലാനിസ് പോപ്പുലൈ എന്ന ഇനം ഭൂഗർഭ മത്സ്യത്തെ ലഭിച്ചിരുന്നു. തിരുവൻവണ്ടൂരിൽ മൊത്തം എട്ടിടത്തു നിന്നായി മത്സ്യങ്ങളെ ലഭിച്ചു. ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട്, ആലാ പഞ്ചായത്തുകളിലും ഇവയെ കണ്ടെത്തിയിരുന്നു.

എല്ലായിടത്തും നാട്ടുകാർ ഈ മത്സ്യങ്ങളെ സൂക്ഷിച്ചു വച്ചു ഗവേഷകർക്കു കൈമാറുകയുമായിരുന്നു. ലിയനാ‍ഡോ അഭിനന്ദിച്ചതു പോലെ സാധാരണക്കാരുടെ ശാസ്ത്രബോധം കൊണ്ടാണു തുടർഗവേഷണത്തിലൂടെ മത്സ്യ ഇനങ്ങളെ കണ്ടെത്താനായതെന്നു ഗവേഷകരും സമ്മതിക്കുന്നു. ചെങ്കൽ കൂടുതലുള്ള ഭൂഭാഗങ്ങളാണ് ഇവയ്ക്കു പ്രിയങ്കരം. വയനാട്, പാലക്കാട്, ഇടുക്കി ഒഴികെ മിക്കയിടത്തും ഇവയെ കണ്ടെത്തിയിട്ടുണ്ട്. 

ദിനോസർ യുഗത്തിൽ നിന്ന് 

കണ്ണൂരിൽ നിന്നു കണ്ടെത്തിയ ഒരു ഭൂഗർഭ മത്സ്യത്തെക്കുറിച്ചു കാര്യമായ പഠനം നടന്നിരുന്നു. 125 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ആ ഇനം മത്സ്യത്തിന്റെ ഉൽപത്തിയെന്നു കണ്ടെത്തി. സംസ്ഥാനത്തു കണ്ടെത്തിയ എല്ലാ ഭൂഗർഭ മത്സ്യങ്ങളുടെയും ഉൽപത്തി 100–125 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ്. അതായത് ഭൂമി അടക്കിവാണ ദിനോസറുകൾ ജീവിച്ച കാലഘട്ടം. മനുഷ്യന്റെ ഇടപെടലും മലിനീകരണവും ഭൂഗർഭ ജല ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടില്ലാത്തതിനാൽ ഈ മത്സ്യങ്ങൾക്കും കാര്യമായ പരിണാമമൊന്നും സംഭവിച്ചിട്ടില്ല.

ഇവയുടെ ആഹാരം, ജീവിതരീതി, പ്രജനനം തുടങ്ങിയവ കണ്ടെത്താൻ ഗവേഷണം നടക്കുന്നേയുള്ളൂ. ഭൂഗർഭ മത്സ്യങ്ങളെ കിട്ടുന്നവർ ഗവേഷകരെ അറിയിക്കണം. ജീവനോടെ അവയെ സംരക്ഷിക്കണം. എന്നാലേ പഠനം സാധ്യമാകൂ. ദിനോസർ കാലഘട്ടം മുതലുള്ള ജീവിവർഗങ്ങളുടെ പരിണാമദശ അറിയാൻ ഈ പഠനം സഹായിക്കും. സംസ്ഥാനത്തു ഭൂഗർഭ ജീവികളെക്കുറിച്ചുള്ള പഠനം തുടങ്ങിയിട്ട്  5–6 വർഷമായതേയുള്ളൂ. കുഫോസിൽ അസിസ്റ്റന്റ് പ്രഫ.ഡോ. രാജീവ് രാഘവന്റെ കീഴിലാണു പഠനം നടക്കുന്നത്. 

പേടി വേണ്ട

കിണറ്റിൽ ഭൂഗർഭ മത്സ്യത്തെ കണ്ടെന്നു കരുതി പേടിക്കേണ്ട. ഏറ്റവും ശുദ്ധമായ വെള്ളത്തിലാണു ഭൂഗർഭ മത്സ്യങ്ങൾ ഉണ്ടാവുക. അവ ഒരുതരത്തിലുമുള്ള അസുഖങ്ങളുമുണ്ടാക്കില്ല. ഡിസംബർ മുതൽ മേയ് മാസങ്ങളിലാണു ഈ മത്സ്യങ്ങളെ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. കിണറുകളിലെ വെള്ളം കൂടുതൽ ശുദ്ധമാകുമെന്നതാകാം കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com