നിർമ്മാല്യത്തിന് 50 വയസ്സ്: അമൂല്യമായി ഇന്നും ആ രേഖകൾ
Mail This Article
ചേർത്തല ∙ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ എംടിയുടെ നിർമ്മാല്യത്തിന് 50 വയസ്സ്. ഏറെ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് 1973ൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഇതുസംബന്ധിച്ച്, സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ജൂറി അംഗമായിരുന്ന പരേതനായ ചേലങ്ങാട് ഗോപാലകൃഷ്ണന്റെ കുറിപ്പുകൾ ഇന്നും ചേർത്തലയിലെ വീട്ടിൽ നിധിപോലെ സൂക്ഷിക്കുന്നു.
അവാർഡ് നിർണയത്തിനുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക ജൂറി ചെയർമാനും അന്തിമ അവാർഡ് നിർണയ ജൂറിയംഗവുമായിരുന്നു ചേലങ്ങാട് ഗോപാലകൃഷ്ണൻ. നല്ല സിനിമയും മികച്ച ഫീച്ചർ സിനിമയുമായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരവും എം.ടി. വാസുദേവൻ നായർക്കായിരുന്നു. മികച്ച നടൻ പി.ജെ.ആന്റണി, സഹനടി കവിയൂർ പൊന്നമ്മ, സംഗീത സംവിധാനം കെ. രാഘവൻ, എം.ബി.ശ്രീനിവാസൻ എന്നിവർക്കും നിർമ്മാല്യത്തിലൂടെ പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.
ജൂറിയിൽ അഞ്ചുപേരുടെ പിന്തുണയിലാണ് അവാർഡ് ലഭിച്ചത്. പി.എൻ.മേനോന്റെ ഗായത്രിയുമായുള്ള മത്സരത്തിനൊടുവിലാണു നിർമ്മാല്യത്തിനു പുരസ്‌കാരം ലഭിച്ചത്. പ്രമേയത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതോടെ പരിഗണനാ പട്ടികയിൽനിന്നു നിർമ്മാല്യം ഒഴിവാകുമെന്ന ഘട്ടംവരെയെത്തി.
ജൂറിയംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെ തീരുമാനത്തിനൊപ്പം ഇൻഫർമേഷന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന കെ. കരുണാകരന്റെ നിലപാടുകളും അന്തിമ പട്ടികയിലേക്കു നിർമ്മാല്യത്തെ തിരഞ്ഞെടുക്കാൻ കാരണമായെന്നു ഗോപാലകൃഷ്ണന്റെ കുറിപ്പുകളിൽ പറയുന്നു. പി.ആർ.എസ് പിള്ള (ചെയർമാൻ), എൻ.മോഹനൻ (സെക്ര), വി.ടി.ഇന്ദുചൂഡൻ, ഡോ.എസ്.കെ.നായർ, പി.പി.ഉമ്മർകോയ, എം.കെ.ജോസഫ്, എം.വി.ദേവൻ, ടി.കെ.രാജശേഖരൻ എന്നിവരായിരുന്നു മറ്റ് ജൂറിയംഗങ്ങൾ.