ADVERTISEMENT

ചെങ്ങന്നൂർ ∙ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷനു കീഴിലുള്ള കോട്ട പ്രഭുറാം മിൽസ് ലേ ഓഫിലായിട്ട് 5 മാസം, ആനുകൂല്യങ്ങൾ കിട്ടാതെ ഇരുനൂറോളം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ. പൂട്ടിക്കിടക്കുന്ന മിൽ തുറക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. വൈദ്യുതി കുടിശികയെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 22നാണ് കെഎസ്ഇബി അധികൃതർ മില്ലിലെ വൈദ്യുതി ബന്ധം വിഛേദിച്ചത്. മിൽ ലേ ഓഫിലായതോടെ തൊഴിലാളികളുടെ ദുരിതം തുടങ്ങി.

കോട്ട പ്രഭുറാം മിൽസ് ഉൾപ്പെടെ ടെക്സ്റ്റൈൽ കോർപറേഷനു കീഴിലുള്ള, സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന മില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് തൊഴിലാളികൾ സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെ സമരപരിപാടികൾ നടത്തിയിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ലേ ഓഫിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾ വിവിധ ജോലികൾ ചെയ്തു കുടുംബം പുലർത്തേണ്ട ഗതികേടിലാണ്. സ്ഥിരം തൊഴിലാളികൾ ഉൾപ്പെടെ ഇരുനൂറോളം തൊഴിലാളികളാണ് പ്രഭുറാം മിൽസിലുള്ളത്.

ലേ ഓഫിലായി 5 മാസമായിട്ടും ലേ ഓഫ് ആനുകൂല്യങ്ങളോ പകുതി ശമ്പളമോ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല.തൊഴിലാളികളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളിൽ വയോധികരും രോഗികളുമുണ്ട്. അസംസ്കൃതവസ്തുവായ പഞ്ഞിയുടെ വില ഉയർന്നതും ഉൽപന്നമായ നൂലിന്റെ വില ഇടിഞ്ഞതും കമ്പനിയെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയായിരുന്നുവെന്ന് മാനേജ്മെന്റ് അധികൃതർ പറയുന്നു. ഓണത്തിനു മുൻപ് തൊഴിലാളികൾക്ക് ആനുകൂല്യം വിതരണം ചെയ്യാൻ നടപടി  ഉണ്ടായില്ലെങ്കിൽ ഓണക്കാലം ഇവർക്കു ദുരിതകാലമാകും. 

ധർണ നടത്തി
ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ടു പ്രഭുറാം മിൽസ് ലേബർ യൂണിയന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ മിൽ പടിക്കൽ ഇന്നലെ ധർണ നടത്തി. യൂണിയൻ പ്രസിഡന്റ് കെ.ശിവദാസൻ നായർ ധർണ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് എ.ഡി. ചന്ദ്രബാബു അധ്യക്ഷനായി. ശിവപ്രസാദ്, കെ.ആർ.സജീവൻ, സജി, ഗോപാലകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി ഡി.രാജേഷ്, എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com