ഐഎഫ്എസ് സ്വപ്നം സഫലമാക്കിയ മാലിനി ഇന്ത്യൻ ഫോറിൻ സർവീസിലേക്ക്
Mail This Article
മാവേലിക്കര∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലും ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിലും മികച്ച നേട്ടം കൊയ്ത എസ്.മാലിനി (30) ഇന്ത്യൻ ഫോറിൻ സർവീസിലേക്ക്. മാലിനി ഐഎഫ്എസ് കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്ദേസം കഴിഞ്ഞ ദിവസമെത്തി. നവംബർ 2 മുതലാണ് പരിശീലനം. ചെട്ടികുളങ്ങര കൈതവടക്ക് പ്രതിഭയിൽ അഭിഭാഷകനായ പി.കൃഷ്ണകുമാറിന്റെയും മുൻ അധ്യാപികയായ എസ്.ശ്രീലതയുടെയും മകളായ മാലിനി സിവിൽ സർവീസ് പരീക്ഷയിൽ 2020ൽ ദേശീയതലത്തിൽ 135–ാം റാങ്ക് നേടി, നിലവിൽ നാഗ്പുർ നാഷനൽ അക്കാദമി ഓഫ് ഡയറക്ട് ടാക്സസിൽ ഇൻകംടാക്സ് അസി. കമ്മിഷണറായി പരിശീലനത്തിലാണ്.
യാത്രയും പുതിയ ഭാഷ പഠിക്കുന്നതും ഹോബി ആയതിനാൽ, ഐഎഫ്എസ് മോഹം ഉപേക്ഷിക്കാതെ 2022ൽ വീണ്ടും പരീക്ഷ എഴുതിയ മാലിനിയുടെ റാങ്ക് 135ൽ നിന്നു 81ലേക്കു കുതിച്ചു. പരിശീലനത്തിനിടെ അവധിയെടുത്താണു 2022 സെപ്റ്റംബറിൽ പരീക്ഷയിലും കഴിഞ്ഞ മേയ് 11ന് അഭിമുഖത്തിലും പങ്കെടുത്തത്. നവംബറിൽ ഐഎഫ്എസ് പരിശീലനം ആരംഭിക്കുന്നതു വരെ നാഗ്പൂരിലെ ഐആർഎസ് പരിശീലനം തുടരുമെന്നും ഐഎഫ്എസ് സ്വപ്നം സഫലമായതിൽ ഏറെ സന്തോഷമുണ്ടെന്നും മാലിനി പറഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മാലിനി മികവ് കാട്ടിയിരുന്നു. പ്രമുഖ സാഹിത്യകാരൻ പരേതനായ പ്രഫ.എരുമേലി പരമേശ്വരൻപിള്ള, ഡോ.പുതുശേരി രാമചന്ദ്രന്റെ സഹോദരി എന്നിവരുടെ ചെറുമകളാണ് മാലിനി. സഹോദരി: നന്ദിനി (പുതുച്ചേരി കേന്ദ്ര സർവകലാശാല ചരിത്ര ഗവേഷക വിദ്യാർഥിനി).
English Summary: IFS Dream Fulfilled Malini will Join Indian Foreign Service