ADVERTISEMENT

പുന്നമടക്കായലിൽ നടക്കുന്ന ജലമാമാങ്കത്തിന് ഇനി 19 നാൾ. ഓഗസ്റ്റ് 12നാണു നാടിനെ ആവേശത്തിന്റെ ഓളപ്പരപ്പിലെത്തിക്കുന്ന നെഹ്റുട്രോഫി വള്ളംകളി. വള്ളംകളിക്ക് ആവേശം പകരാൻ മനോരമയുമുണ്ട്. വള്ളംകളിയെ കുറിച്ചുള്ള അറിവും ചരിത്രവും പുത്തൻ വിശേഷങ്ങളുമായി ‘ഓളംപിക്സ് ’ ഇന്നു മുതൽ.

തക തക തക തക തെയ്...

പുന്നമടക്കായലിലെ ജലപൂരം ഓഗസ്റ്റ് 12നാണ്. ആവേശത്തിലാണ് വള്ളംകളി പ്രേമികൾ. ചുണ്ടൻ,  ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ, തെക്കനോടി– അഞ്ചിനങ്ങളിലാണു നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരമുള്ളത്. ഈ വള്ളങ്ങളുടെ പിറവിയുടെ ചരിത്രം ഇങ്ങനെ

ആലപ്പുഴ ∙ പണ്ടു ചെമ്പകശേരി രാജ്യവും കായംകുളം രാജ്യവും തമ്മിലുണ്ടായ യുദ്ധത്തിലാണു ചുണ്ടൻവള്ളങ്ങളുടെയും ഇരുട്ടുകുത്തിയുടെയും പിറവി. ജലമാർഗം അതിവേഗമെത്തി ആക്രമണം നടത്താനുള്ള വള്ളങ്ങൾ നിർമിക്കാൻ ഇരു രാജാക്കന്മാരും ഉത്തരവിടുകയായിരുന്നു.

ഇരുട്ടുകുത്തി

ഇരുട്ടുകുത്തി വള്ളത്തിൽ മുന്നിലെ ബ്ലേഡ് പോലെ കനം കുറഞ്ഞ ഭാഗം വെള്ളത്തിലൂടെ ചീറി നീങ്ങും. വള്ളത്തിൽ നിരയായിരിക്കുന്ന ഭടൻമാരും നിലക്കാരും തുഴയും വാളും കുന്തവുമെല്ലാം ഉപയോഗിച്ച് ശത്രുക്കളെ ആക്രമിക്കുന്നു. കുട്ടനാടിന്റെ പരിസ്ഥിതിയുടെ പ്രത്യേകതയനുസരിച്ച് ഇടത്തോടുകളിൽനിന്നു വിശാലമായ ആറ്റിലേക്കും കായലിലേക്കും ഇരുട്ടുകുത്തി വള്ളങ്ങൾക്ക് പാഞ്ഞു കയറി വരാം.

ഇടത്തുനിന്നോ വലത്തുനിന്നോ മുന്നിൽനിന്നോ പിന്നിൽനിന്നോ എത്താം. അവയ്ക്കു മറഞ്ഞു കിടക്കാൻ കുട്ടനാട്ടിലെ കൈതപ്പൊന്തകൾ സൗകര്യമൊരുക്കി. ഏതു ഭാഗത്തുനിന്നാണ് ആക്രമണമുണ്ടാകുകയെന്ന് എതിരാളികൾക്ക് അറിയാൻ പറ്റില്ല. ഇരുട്ടുകുത്തി വള്ളങ്ങളെ മുന്നിൽനിന്നു നേരിടാൻ പ്രയാസമാണ്.

ചുണ്ടൻ

ഇരുട്ടുകുത്തി വള്ളങ്ങൾ മുന്നോട്ടു മാത്രമേ പോകൂ. പിന്നോട്ടു പോകണമെങ്കിൽ തുഴക്കാർ എഴുന്നേറ്റ് പുറംതിരിഞ്ഞിരുന്നു പിന്നോട്ടു തുഴയണം. വേഗമാർജിക്കാൻ സമയമെടുക്കുകയും ചെയ്യും. ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി ചെമ്പകശേരി രാജാവിന്റെ നിർദേശാനുസരണം കോഴിമുക്കിൽ നിന്നുള്ള തച്ചനാണു ചുണ്ടൻവള്ളം നിർമിച്ചത്. ചന്ദ്രക്കല വെള്ളത്തിൽ എടുത്തു വച്ചാൽ രണ്ടു തുമ്പും വെള്ളത്തിൽ മുട്ടാതിരിക്കുന്നതു പോലെയാണു പള്ളിയോടത്തിന്റെ നിർമാണ രീതി.

ദൂരെ നിന്നു വരുന്ന വള്ളം കണ്ടാൽ അതിന് എത്ര നീളമുണ്ടെന്നോ എത്രയാളുകൾ അതിലുണ്ടെന്നോ അറിയാൻ കഴിയില്ല. ഒരു നേർത്ത വരപോലെ മാത്രമേ അകലെ നിന്നു കാണാൻ കഴിയൂ. ഉള്ളിലെ വീതി പുറമേ നിന്നു കാണുന്ന പോലെയല്ല. ധാരാളം നിലക്കാർക്കു നിൽക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ, ക്യാപ്റ്റന് ഏറ്റവും ഉയർന്ന ചുണ്ടിന്റെ സ്ഥാനത്തു കയറിനിന്ന്, യുദ്ധമേഖലയായ കായൽ പ്രദേശം മുഴുവൻ കാണാം.

പീരങ്കി സ്ഥാപിക്കാനുള്ള സൗകര്യവും എതിരാളികളുടെ വള്ളം പാഞ്ഞുവന്നാൽ വെട്ടിച്ചു മാറാനുള്ള സജ്ജീകരണവും വരെ അതിലുണ്ട്. ജലത്തിന്റെ പ്രതിരോധം കീറി മുറിക്കുന്ന രീതിയിലാണ് അടി ഭാഗം. ചുണ്ടൻ വെള്ളത്തിൽ സ്പർശിക്കുന്നതിനു മുൻപു തന്നെ കൂമ്പിൽ ഇരിക്കുന്ന തുഴച്ചിലുകാരുടെ തുഴ വെള്ളത്തിന്റെ പ്രതിരോധം മുറിക്കും. മറ്റു വള്ളങ്ങൾക്ക് ഇത്തരം ഒരു തുടക്കം കിട്ടാറില്ല. മുൻവശം കൂർത്തിരിക്കുകയാണെങ്കിലും കൂർത്തതോ മുഴച്ചു നിൽക്കുന്നതോ ആയ ഒരു ഭാഗവും ചുണ്ടൻവള്ളങ്ങളുടെ അടിഭാഗത്ത്‌ ഇല്ല.

വെപ്പ്

യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സൈനികർക്കു ഭക്ഷണവും ആയുധ ശേഖരങ്ങളുമായി പിന്നാലെയെത്തുന്നവയാണു വെപ്പുവള്ളങ്ങൾ. നെൽപാടങ്ങൾ കൊയ്യുന്ന കാലത്ത് ഇരുട്ടുകുത്തി, ചുണ്ടൻവള്ളങ്ങൾ ഉപയോഗിച്ചു വിളവ് തട്ടിയെടുക്കാറുണ്ട്. അത്തരത്തിൽ ആക്രമണം നടത്താനെത്തുന്ന വള്ളങ്ങൾക്കും പിന്തുണയുമായി വെപ്പുവള്ളമെത്തും. ആഹാരം പാകം ചെയ്യാനുള്ള സൗകര്യം വരെ ഇവയിലുണ്ടായിരിക്കും.

ചുരുളൻ

പഴയകാല യാത്രാവള്ളങ്ങളാണു ചുരുളൻ വള്ളങ്ങൾ. കായലും ആറുകളും ഇടത്തോടുകളുമുള്ള കുട്ടനാടൻ ഭൂപ്രകൃതിയിൽ ജനങ്ങൾ യാത്രയ്ക്ക് ഉപയോഗിച്ചിരുന്നവയാണിവ.

യുബിസി കൈനകരിയുടെ ജഴ്സി മാതൃകയിൽ ദേഹത്തു പെയിന്റ് അടിച്ച ചിഞ്ചു കഴിഞ്ഞ വർഷത്തെ പാണ്ടനാട് വള്ളംകളിക്കെത്തിയപ്പോൾ.
യുബിസി കൈനകരിയുടെ ജഴ്സി മാതൃകയിൽ ദേഹത്തു പെയിന്റ് അടിച്ച ചിഞ്ചു കഴിഞ്ഞ വർഷത്തെ പാണ്ടനാട് വള്ളംകളിക്കെത്തിയപ്പോൾ.

വള്ളംകളിയുടെ ‘ഡൈ ഹാർഡ്’ ഫാൻസ്

യുബിസി കൈനകരി അവരുടെ ആരാധകനെ ആദരിച്ചത് രാജപ്രമുഖൻ ട്രോഫി നേരിട്ടു കാണാനുള്ള അവസരം ഒരുക്കിയാണ്

ആലപ്പുഴ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ആരാധകവൃന്ദത്തെ വെല്ലുന്ന ‘ഡൈ ഹാർഡ്’ ആരാധകർ വള്ളംകളിക്കുമുണ്ട്. യുബിസി കൈനകരി, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, എൻസിഡിസി കുമരകം തുടങ്ങിയ ക്ലബ്ബുകൾക്കും കാരിച്ചാൽ, ചമ്പക്കുളം, നടുഭാഗം തുടങ്ങിയ ചുണ്ടൻവള്ളങ്ങൾക്കും ഒട്ടേറെ ആരാധകരുണ്ട്. ആരാധകരുടെ ആവേശമാണു വള്ളത്തിന്റെ താളവും വേഗവുമെല്ലാം. മത്സര വിജയത്തിനായി വഴിപാടുകൾ നടത്തുന്നതു വരെ നീളുന്നുണ്ട് ആരാധന.

ചമ്പക്കുളം മൂലം ജലോത്സവത്തിലെ വിജയികളായ യുബിസി കൈനകരി അവരുടെ ആരാധകനെ ആദരിച്ചതു രാജപ്രമുഖൻ ട്രോഫി നേരിട്ടു കാണാനുള്ള അവസരം ഒരുക്കിയാണ്. കഴിഞ്ഞ വർഷം സിബിഎലിന്റെ ഭാഗമായി പാണ്ടനാട്ട് നടന്ന വള്ളംകളിയിൽ യുബിസി കൈനകരി എന്നു ദേഹത്തു ചായം വരച്ചെത്തിയ ആരാധകൻ ചിഞ്ചു നടരാജനാണു ട്രോഫി അടുത്തുകാണാനും തൊടാനുമുള്ള അവസരം നൽകിയത്. സച്ചിൻ തെൻഡുൽക്കറുടെ ആരാധകനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ യുബിസി കൈനകരിയുടെ ജഴ്സി ദേഹത്തു പെയിന്റ് ചെയ്താണു യുബിസി കൈനകരിയുടെ കടുത്ത ആരാധകനായ ചിഞ്ചു നടരാജൻ കഴിഞ്ഞ വർഷം പാണ്ടനാട് ജലോത്സവത്തിനെത്തിയത്.

ടീം മോശം അവസ്ഥയിലായിരുന്നപ്പോഴും ആവേശത്തോടെയെത്തിയ ആരാധകർക്കു മുന്നിൽ മികച്ച പ്രകടനം നടത്താനായില്ലെന്ന വിഷമം യുബിസി അംഗങ്ങൾക്കുണ്ടായിരുന്നു. അടുത്ത വർഷം നേടുന്ന ആദ്യ കപ്പുമായി ചിഞ്ചുവിനെ കാണാനെത്തുമെന്നു യുബിസി ടീം അന്നു വാക്കും നൽകി. ഇത്തവണ സീസണിലെ ആദ്യ വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി നേടി യുബിസി കൈനകരി മികച്ച തുടക്കവുമാണിട്ടത്.

ടിക്കറ്റ് വിൽപന ഇന്നുമുതൽ

ആലപ്പുഴ∙ ഓഗസ്റ്റ് 12നു പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകൾ ഇന്നു മുതൽ 10 ജില്ലകളിലെ സർക്കാർ ഓഫിസുകളിൽ നിന്നു ലഭിക്കും. രാവിലെ 11നു സബ് കലക്ടറുടെ ഓഫിസിൽ സംവിധായകൻ ഷാഹി കബീർ ഓഫ്‌ലൈൻ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്യും. കാസർകോട്, കണ്ണൂർ, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫിസുകൾ വഴിയാണ് ഓഫ്‌ലൈൻ ടിക്കറ്റ് വിൽപന.

പ്രിന്റ് ചെയ്ത ടിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിച്ചാണു വിൽപനയ്ക്കെത്തുന്നത്. 100 രൂപ മുതൽ 3,000 രൂപ വരെയാണു ടിക്കറ്റ് നിരക്ക്. നെഹ്റു ട്രോഫിയിലേക്ക് ഇതുവരെ 57 വള്ളങ്ങൾ റജിസ്റ്റർ ചെയ്തു. 14 ചുണ്ടൻവള്ളങ്ങളും 43 ചെറുവള്ളങ്ങളുമാണു റജിസ്റ്റർ ചെയ്തത്. വള്ളങ്ങളുടെ റജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. കഴിഞ്ഞ വർഷം 22 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 വള്ളങ്ങളാണു മത്സരത്തിനു റജിസ്റ്റർ ചെയ്തത്.

നങ്കൂരമിടാൻ ഫീസ് അടയ്ക്കണം

വള്ളംകളി സമയത്തു പുന്നമടയിലും സമീപത്തും ജലയാനങ്ങൾ നങ്കൂരമിട്ടു വള്ളംകളി കാണാൻ ആർഡിഒ ഓഫിസിൽ അപേക്ഷിക്കണം. ഫീസ് അടച്ച് റജിസ്റ്റർ ചെയ്യുന്ന വള്ളങ്ങളെ മാത്രമാകും നങ്കൂരമിട്ടു വള്ളംകളി കാണാൻ അനുവദിക്കുക. 50,000 രൂപയാണു ഫിനിഷിങ് പോയിന്റിനു സമീപം യാനം നങ്കൂരമിടാൻ ഫീസ് അടയ്ക്കേണ്ടത്. ഫിനിഷിങ് പോയിന്റിൽ നിന്നു വടക്കോട്ടു നീങ്ങുന്നതിനനുസരിച്ചു ഫീസ് 40,000, 25,000, 10,000 എന്നിങ്ങനെ കുറവുണ്ട്. അനുമതിയില്ലാതെ നങ്കൂരമിടുന്നവയ്ക്കെതിരെ നടപടിയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com