ADVERTISEMENT

ചെങ്ങന്നൂർ ∙ എംസി റോഡിൽ വീണ്ടും അപകടം വിതച്ചു മുണ്ടൻകാവിലെ ഡിവൈഡർ, ഇക്കുറി പണി കിട്ടിയത് ‘മിന്നലി’ന് . ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തു നിന്നു കട്ടപ്പനയ്ക്കു പോയ കട്ടപ്പന ഡിപ്പോയിലെ കെഎസ്ആർടിസി മിന്നൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി. ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യബോർഡ് ബസ് ഇടിച്ചതിനെ തുടർന്നു നിലംപൊത്തി. ഇതുവഴി മറ്റു യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ബസ് യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും തകരാറിനെ തുടർന്നു ബസിന്റെ യാത്ര മുടങ്ങി. ബസ് പിന്നീട് മാവേലിക്കരയിലെ റീജനൽ വർക്‌ഷോപ്പിൽ എത്തിച്ചു. 

ഒഴിയാതെ അപകടം , ഇല്ല നടപടി 
ഏറെക്കാലമായി എംസി റോഡ് യാത്രക്കാരുടെ പേടിസ്വപ്നമാണ് ഡിവൈഡർ. ചെങ്ങന്നൂരിൽ നിന്നു തിരുവല്ല ഭാഗത്തേക്കു വരുമ്പോൾ ആദ്യത്തെ ഡിവൈഡറാണ് കൂടുതൽ അപകടകാരി. നേരിയ വളവുള്ള ഈ ഭാഗത്ത് ആവശ്യത്തിനു വെളിച്ചമില്ലാത്തതു രാത്രി യാത്രക്കാർക്ക് അപകടത്തിലേക്കുള്ള ക്ഷണക്കത്താണ്. കാടുകയറി കിടക്കുന്ന ഡിവൈഡർ, വഴി പരിപയമില്ലാത്ത ഡ്രൈവർമാർക്ക് അടുത്തെത്തുമ്പോഴേ കാണാനാകൂ. അപ്പോഴേക്കും വാഹനം ഡിവൈഡറിൽ ഇടിച്ചു കയറിയിട്ടുണ്ടാകും. 

മുൻപു നാട്ടുകാരും സന്നദ്ധസംഘടനകളും ഡിവൈഡറിനു സമീപം ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും ഇതും വാഹനങ്ങൾ ഇടിച്ചു തകർത്തു. ഇതിനോടു ചേർന്നുള്ള രണ്ടാമത്തെ ഡിവൈഡറിൽ വാഹനങ്ങൾ ഇടിച്ചു കയറുന്നതു പതിവായപ്പോൾ ഉയരം കുറച്ചു നിർമിച്ചതാണ്. ഇതോടെ ഈ ഡിവൈഡറിൽ അപകടങ്ങൾ കുറയുകയും ചെയ്തു.  ഒന്നാമത്തെ ഡിവൈഡറിനും വേണ്ട പരിഷ്കാരം വരുത്തി അപകടങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com