വാടകകുടിശിക, ഒഴിപ്പിക്കൽ ഭീഷണിയിൽ പുറക്കാട് ഐടിഐ
Mail This Article
അമ്പലപ്പുഴ ∙ പുറക്കാട് ഗവ. ഐടിഐ പ്രവർത്തിക്കുന്ന കെട്ടിടത്തിന് വാടക കുടിശിക വന്നതോടെ കെട്ടിടം ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടു. ഇതോടെ ഐടിഐയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കെട്ടിടത്തിന്റെയും വർക്ക് ഷോപ്പിന്റെയും അടക്കം കുടിശിക 28,79,996 രൂപയാണ്. കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകളായ തോട്ടപ്പള്ളി പൊന്നൂസ് വില്ലയിൽ ലീബ, ഷീബ എന്നിവർ കോടതിയെ സമീപിച്ചിരിക്കുകയാണ്.
2008 നവംബർ 25നാണ് ഐടിഐ പ്രവർത്തനം തുടങ്ങിയത്. ഓരോ വർഷവും വാടക പുതുക്കി നൽകണമെന്നായിരുന്നു കരാർ വ്യവസ്ഥ. 2016 ഫെബ്രുവരിയിൽ വാടക പുനർനിർണയം നടത്തിയപ്പോൾ കെട്ടിടത്തിന് 34375 രൂപയും വർക്ക് ഷോപ്പിന് 12946 രൂപയുമായി നിശ്ചയിച്ചു. അന്നു മുതലുള്ള വാടകയാണ് പുറക്കാട് ഗ്രാമപഞ്ചായത്ത് നൽകാനുള്ളത്.
ഐടിഐയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ 107 സെന്റ് സ്ഥലം വേണം. പുറക്കാട് പഞ്ചായത്ത് 16ാം വാർഡിലെ സ്റ്റേഡിയത്തിൽ 62 സെന്റ് സ്ഥലം പഞ്ചായത്തിനു സ്വന്തമായുണ്ട്. 45 സെന്റ് സ്ഥലം കൂടി വേണം. നിലവിലെ സ്ഥലം തണ്ണീർത്തട നിയമ പരിധിയിലാണ്. ഇത് കരഭൂമിയായി കിട്ടാൻ റവന്യു വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. സ്വന്തമായി സ്ഥലം കിട്ടിയാൽ മാത്രമേ സർക്കാർ അനുമതി കിട്ടുകയുള്ളൂ.