രാഷ്ട്രീയപ്പോരായി ചാങ്ങമലയിലെ മണ്ണെടുപ്പ്
Mail This Article
വെൺമണി ∙ ചാങ്ങമലയിൽ മണ്ണെടുപ്പിനെതിരെ സിപിഎം പ്രതിഷേധം തുടരുന്നു, ഭൂവുടമയെ ഭീഷണിപ്പെടുത്തിയെന്നു ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ കേസ്. ചാങ്ങമലയിൽ വെൺസെക് ചെയർമാൻ കോശി സാമുവലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നു മണ്ണെടുക്കുന്നതിനെതിരെ സിപിഎം സമരം നടത്തിവരികയാണ്. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരവും ജിയോളജി വകുപ്പിന്റെ അനുമതിയോടെയുമാണ് മണ്ണെടുക്കുന്നതെന്നു ഭൂവുടമയും പറയുന്നു. പൊലീസ് സംരക്ഷണത്തോടെയാണ് ആദ്യദിനം മണ്ണു കൊണ്ടുപോയത്. ഇന്നലെയും സിപിഎം പ്രവർത്തകർ സമരത്തിനെത്തി.
തുടർന്നു മണ്ണെടുപ്പ് നിർത്തിവച്ചു. ഇതിനിടെ ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ ജെബിൻ പി.വർഗീസ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു കോശി സാമുവൽ പൊലീസിൽ പരാതി നൽകി. തുടർന്ന് ജെബിനെതിരെ കേസെടുത്തതായി എസ്എച്ച്ഒ എ.നസീർ പറഞ്ഞു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കുടിവെള്ള ക്ഷാമത്തിനും ഇടയാക്കുമെന്നും 10 ടണ്ണിൽ അധികം ഭാരശേഷിയുള്ള ടിപ്പർ ലോറികൾ പഞ്ചായത്ത് റോഡുകളിലൂടെ ചെമ്മണ്ണ് വഹിച്ചു കൊണ്ടു പോകുന്നതു മൂലം പൊതുജനങ്ങൾക്ക് ശല്യമുണ്ടാകുമെന്നും കാട്ടി പഞ്ചായത്ത് സെക്രട്ടറി എ.വി. അജി കുമാർ ഇന്നലെ ഭൂവുടമയ്ക്ക് കത്തു നൽകി.
മണ്ണെടുപ്പിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി
ചാങ്ങമലയിലെ സ്വകാര്യഭൂമിയിൽ നിന്നു മണ്ണെടുക്കുന്നതിന് നേതൃത്വം നൽകുന്നത് സിപിഎം നേതാക്കളാണെന്നു ബിജെപി. ഇപ്പോൾ നടത്തിയത് അഡ്ജസ്റ്റ്മെന്റ് സമരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള അടവു നയമാണ് സിപിഎം സമരത്തിലൂടെ പയറ്റുന്നത്. മണ്ണെടുപ്പിന് അനുമതി നൽകിയത് സിപിഎം സർക്കാർ സംവിധാനങ്ങളാണ്. സിപിഎം നടത്തുന്ന മണൽ മാഫിയ പ്രവർത്തനം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന സമരപരിപാടികൾക്കു ബിജെപി നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, വെൺമണി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിത്ത് കുമാർ എന്നിവർ അറിയിച്ചു.