ആലപ്പുഴ റെയിൽവേ സ്റ്റേഷൻ: യാത്രക്കാരുടെ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും
Mail This Article
ആലപ്പുഴ∙ ട്രെയിൻ മാറിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പാളത്തിലേക്കു വീണ യാത്രക്കാരി തലയ്ക്കും കാലിനുമേറ്റ ഗുരുതര പരുക്കിനെത്തുടർന്നു മരിച്ചത് വ്യാഴാഴ്ച രാത്രിയാണ്. സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട യാത്രികൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടത് ഈയിടെയാണ്. സ്റ്റേഷനിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും പെട്ടെന്നുള്ള ഇടപെടലാണു ജീവൻ കാത്തത്. അത്തരം വേറെയും അപകടങ്ങൾ അടുത്ത കാലത്തുണ്ടായി. പരുക്കേറ്റു ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷം ഒരു യാത്രക്കാരൻ മരണത്തിനു കീഴടങ്ങിയ സംഭവവുമുണ്ടായി.
യാത്രക്കാർ ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാനേജർ എം.ജെ.ജയകുമാർ പറയുന്നു:
ഓടുന്ന ട്രെയിനിൽ കയറുന്നതും ചാടിയിറങ്ങുന്നതും ഒഴിവാക്കണം. ട്രെയിൻ നിർത്തിയെന്ന് ഉറപ്പാക്കിയിട്ടേ ഇറങ്ങാവൂ. യാത്രക്കാർ ഓടിപ്പാഞ്ഞു സ്റ്റേഷനിലേക്കു വരുന്നതു കാണാറുണ്ട്. എല്ലാവർക്കും മൊബൈൽ ഫോൺ ഉണ്ടല്ലോ. ‘വേർ ഈസ് മൈ ട്രെയിൻ’ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാൽ ട്രെയിൻ എവിടെയെത്തി എന്ന് അറിയാൻ സാധിക്കും. അതനുസരിച്ചു സ്റ്റേഷനിലേക്കു വരിക. പാളങ്ങൾ യാത്രക്കാർക്കു മുറിച്ചു കടക്കാനോ നടക്കാനോ ഉള്ളതല്ല, നിർബന്ധമായും നടപ്പാലം ഉപയോഗിക്കണം.
അൺ റിസർവ്ഡ് ടിക്കറ്റുകൾ സ്റ്റേഷനിലെത്തി എടുക്കുന്നത് ഒഴിവാക്കാൻ യുടിഎസ് (അൺ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ്) ആപ്പുകൾ ഉപയോഗിക്കണം. റെയിൽവേ സ്റ്റേഷന്റെ 30 മീറ്റർ ചുറ്റളവിലൊഴികെ എവിടെ നിന്നും (ട്രെയിനിൽ കയറിയ ശേഷം ടിക്കറ്റ് എടുക്കുന്നത് ഒഴിവാക്കാനാണ് ഈ നിയന്ത്രണം) ഇതു വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. വൈകി ഓടുന്ന ട്രെയിനാണെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച അത്രയും സമയം പ്ലാറ്റ്ഫോമിൽ നിർത്തിയിടണമെന്നില്ല. ഉദാഹരണത്തിന്, ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 5 മിനിറ്റാണ് അനുവദിച്ചിട്ടുള്ളതെങ്കിലും പാഴ്സൽ കയറ്റിക്കഴിഞ്ഞാൽ ട്രെയിൻ എടുത്തേക്കാം.
കുടിക്കാനുള്ള വെള്ളവുമായി ട്രെയിനിൽ കയറുക. ഇല്ലെങ്കിൽ ട്രെയിനിന് അകത്തു നിന്നു വാങ്ങുക. വെള്ളം വാങ്ങാൻ ഇടയ്ക്കു സ്റ്റേഷനുകളിൽ ഇറങ്ങുന്നതും ട്രെയിൻ ഓടിത്തുടങ്ങിയ ശേഷം തിരികെക്കയറുന്നതും അപകടം ഉണ്ടാക്കാറുണ്ട്. സ്റ്റേഷനിൽ എത്തിയാണു ടിക്കറ്റ് എടുക്കുന്നത് എങ്കിൽ ടിക്കറ്റിന് ആവശ്യമായ തുക കൃത്യമായി കരുതുക. സമയനഷ്ടം ഒഴിവാക്കാം, ട്രെയിനിനു പിന്നാലെ പായേണ്ടി വരില്ല. ട്രെയിനിൽ വാതിലിനു സമീപം നിന്നുള്ള യാത്ര ഒഴിവാക്കുക. ദീർഘദൂര ട്രെയിനുകളിൽ അൺ റിസർവ്ഡ് കോച്ചുകൾ കുറവാണ്. അതിനാൽ ചെറുയാത്രകൾക്ക് ഇത്തരം ട്രെയിനുകൾ ഒഴിവാക്കുക.