ചെന്നിത്തല വലിയപെരുമ്പുഴ കടവ് നവീകരണം തുടങ്ങി
Mail This Article
മാന്നാർ ∙ ജലവിഭവ വകുപ്പിൽ നിന്നും അനുവദിച്ച 9.75 ലക്ഷം രൂപ ചെലവഴിച്ച് അച്ചൻകോവിലാറിലെ ചെന്നിത്തല വലിയപെരുമ്പുഴ കടവ് നവീകരണം തുടങ്ങി. വലിയപെരുമ്പുഴ പള്ളിയോടക്കടവും സമീപപ്രദേശങ്ങളും വർഷങ്ങളായി ചെളിയും മാലിന്യവും അടിഞ്ഞ് ജലസസ്യങ്ങളും വൻ മരങ്ങളും വളർന്ന നിലയിലാണ്. ഇവയെല്ലാം ആറിലെ നീരൊഴുക്കിനെ ബാധിച്ചിരിക്കുകയാണ്. ഇവ പൂർണമായും നീക്കിയാൽ മാത്രമെ ചെന്നിത്തല പള്ളിയോടം ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്ര സുഗമമാകുകയുള്ളു .
കടവ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു ചെന്നിത്തല എൻഎസ്എസ് കരയോഗം പ്രസിഡന്റും, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷനുമായ ദീപു പടകത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് 9.75 ലക്ഷം രൂപ അനുവദിച്ചത്. ഇന്നലെ മുതൽ വലിയ പെരുമ്പുഴക്കടവിൽ നവീകരണം പ്രവർത്തനങ്ങൾ മണ്ണുമാന്തിയുടെ സഹായത്തോടെ ആരംഭിച്ചു.