ADVERTISEMENT

ചാരുംമൂട്∙ ചാരുംമൂട് കേന്ദ്രീകരിച്ചുള്ള അഗ്നിരക്ഷാ നിലയത്തിന്റെ പ്രവർത്തന പ്രഖ്യാപനം 15 വർഷമായി ഫയലിൽ ഉറക്കം. യുഡിഎഫ് ഭരണകാലത്ത് അഭ്യന്തര വകുപ്പ് മന്ത്രിയായ രമേശ് ചെന്നിത്തല ചാരുംമൂട് കേന്ദ്രീകരിച്ച് അഗ്നിരക്ഷാസേന യൂണിറ്റ് തുടങ്ങാനുള്ള പ്രാരംഭ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. തുടർന്ന് ആർ.രാജേഷ് എംഎൽഎയും ഈ കാര്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ നടക്കുന്ന പ്രദേശങ്ങളാണു ചാരുംമൂട് മേഖലയിൽപെട്ട നൂറനാട്, താമരക്കുളം,, പാലമേൽ, ചുനക്കര, വള്ളികുന്നം പ്രദേശങ്ങൾ. 

എന്നാൽ തീപിടിത്തമുണ്ടായാലോ ആരെങ്കിലും വെള്ളക്കെട്ടിൽ വീണാലോ 15 മുതൽ 20 കിലോമീറ്റർ വരെ അകലെയുള്ള കായംകുളം, മാവേലിക്കര, അടൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണു രക്ഷാപ്രവർത്തനം നടത്തേണ്ടത്. പലപ്പോഴും തീപിടിത്തങ്ങളുണ്ടായി ഏറെക്കഴിഞ്ഞു മാത്രമാണു കെ–പി റോഡിലെ ഗതാഗതക്കുരുക്ക് മറികടന്ന് അഗ്നിരക്ഷാസേനയ്ക്കു സ്ഥലത്തെത്താൻ കഴിയാറുള്ളൂ. കടുത്ത വേനൽക്കാലത്തു സ്ഥിരമായി നൂറനാട് ലെപ്രസി സാനറ്റോറിയം വളപ്പിലെ പല ഭാഗങ്ങളിലും തീപിടിത്തമുണ്ടാകുന്നതു നിത്യസംഭവമാണ്.

ഈ പ്രശ്നങ്ങൾ കണക്കിലെടുത്തു നിരന്തരം പ്രദേശങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു ചാരുംമൂട് കേന്ദ്രീകരിച്ച് അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. യുഡിഎഫ് സർക്കാരിനു ശേഷം പിന്നാലെ വന്ന എൽഡിഎഫ് സർക്കാരും യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. സ്ഥലവും സൗകര്യവും കെട്ടിടങ്ങളും സർക്കാർതലത്തിൽ തന്നെ ചാരുംമൂട് ജംക്‌ഷനിൽ ഉണ്ടായിട്ടും ഇതിനുള്ള ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി അഗ്നിരക്ഷാ നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കണമെന്നാണു ജനകീയ ആവശ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com