ADVERTISEMENT

റോഡിൽ മറ്റൊരാളുടെ ചെറിയൊരു അശ്രദ്ധ കൊണ്ട്, അമിതവേഗം കൊണ്ട് നഷ്ടമായ ജീവനുകളും അനാഥമായ ജീവിതങ്ങളുമുണ്ട്. റോഡപകടങ്ങളുടെ ദുരിതം പേറി ജീവിക്കുന്ന ഒട്ടേറെ പേരാണ് ഇന്നലെ മനോരമയിലേക്കു വിളിച്ചു വേദന പങ്കുവച്ചത്. തീരാത്ത വേദനകളും തോരാത്ത കണ്ണീരുമുണ്ട് ആ വിളികളിൽ.

ഇഖ്ബാൽ 31 വർഷമായി കമിഴ്ന്നുകിടക്കുകയാണ്

ആലപ്പുഴ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇഖ്ബാലിന്റെ ലോകം കട്ടിലിലേക്കു ചുരുങ്ങിയിട്ടു 31 വർഷം കഴിഞ്ഞു. 1992 ഫെബ്രുവരി 21നാണ്, 27 –ാം വയസ്സിൽ ഇഖ്ബാലിന് അപകടമുണ്ടായത്. അരയ്ക്കു താഴേക്കു തളർന്നു. കിടക്കയിൽ കമിഴ്ന്നു കിടന്ന് ഇഖ്ബാൽ ‘ജീവിക്കുന്നു’.ഇറച്ചിവെട്ടു ജോലിയായിരുന്നു ഇഖ്ബാലിന്. കന്നുകാലികളെ വാങ്ങാൻ പുലർച്ചെ ആലപ്പുഴയിൽ നിന്നു ചാലക്കുടിയിലേക്കു പുറപ്പെട്ട മിനിലോറി പെട്രോൾ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇഖ്ബാലിന്റെ ഇളയ കുട്ടിക്ക് അന്ന് ഒന്നര വയസ്സ്, മൂത്തയാൾക്ക് മൂന്നും. ജീവിതം വഴിമുട്ടി. ദീർഘകാലത്തെ ആശുപത്രിവാസം. കിടക്കയിൽ ഒരേ കിടപ്പ്. അരക്കെട്ടിൽ രൂപപ്പെട്ട വ്രണങ്ങൾ ഭേദമായില്ല. ഇരിക്കാനോ മലർന്നു കിടക്കാനോ കഴിയില്ല. സ്ഥിരമായി കമിഴ്ന്നുകിടന്നു നട്ടെല്ല് വളഞ്ഞു. പലരുടെയും സഹായത്തിലാണ് ചികിത്സയും ജീവിതവും. ഭാര്യ സൗദ സ്കൂളിൽ പാചകത്തൊഴിലാളിയാണ്.

ഭവനവായ്പ കുടിശിക അടയ്ക്കാത്തതിനാൽ ഇപ്പോൾ ജപ്തി ഭീഷണിയിൽ. നേരത്തേ വികലാംഗ പെൻഷൻ ലഭിച്ചിരുന്നു. ആധാർ കാർഡ് ഇല്ലാത്തതിനാൽ അതും മുടങ്ങി. അക്ഷയ ജീവനക്കാർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ആധാർ കാർഡ് ലഭിക്കാൻ മാത്രമല്ല, ചികിത്സയ്ക്കും ഇഖ്ബാലിന് സുമനസ്സുകളുടെ സഹായം വേണം. ഫോൺ: 9656955387

നിക്സണും നിർമലയും മകൾ അൽഫോൺസയ്ക്കൊപ്പം
നിക്സണും നിർമലയും മകൾ അൽഫോൺസയ്ക്കൊപ്പം

മകൾ പോയ ശേഷം ഇവർ വീടിന് പുറത്തിറങ്ങിയിട്ടില്ല

മകൾ എടുത്ത ഈ സെൽഫി എല്ലാവരും ഒരുമിച്ചുള്ള തങ്ങളുടെ അവസാന കുടുംബ ചിത്രമാകുമെന്നു നിക്സണും നിർമലയും കരുതിയില്ല. 5 മാസം മുൻപ് മലപ്പുറത്ത് വച്ചു നടന്ന വാഹനാപകടം മകളുടെ ജീവനെടുത്തപ്പോൾ സങ്കടങ്ങളുടെ തീരത്ത് ഇരുവരും തനിച്ചായി. മത്സ്യത്തൊഴിലാളിയായ പുന്നപ്ര മുണ്ടാരശ്ശേരിയിൽ നിക്സന്റെയും നിർമലയുടെയും ഏകമകൾ അൽഫോൻസ പഠനത്തിൽ മിടുക്കിയായിരുന്നു. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഈ വർഷം മാർച്ച് 20ന് മങ്കട തിരൂർക്കാട് അൽഫോൻസ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സഹപാഠി ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന അൽഫോൻസ റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഏകമകളുടെ വിയോഗത്തിന്റെ വേദനയിൽ നിന്നു നിക്സണു നിർമലയും മോചിതരായിട്ടില്ല. മകളുടെ മരണശേഷം വീടിനു പുറത്തിറങ്ങിയിട്ടില്ലെന്നു നിക്സൺ പറഞ്ഞു.

മുഹമ്മദ് ഇഖ്ബാൽ
മുഹമ്മദ് ഇഖ്ബാൽ

‘ആ അശ്രദ്ധ ഞങ്ങളുടെകുടുംബം അനാഥമാക്കി’

‘ ഞങ്ങൾക്കു നഷ്ടപ്പെടാനുള്ളതു നഷ്ടപ്പെട്ടു; ഇനി ഒരാൾക്കും ഇങ്ങനെ വരരുത്. ആ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് ഈ കുടുംബം അനാഥമാക്കിയത്’– ആലപ്പുഴ ആശ്രമം ജംക‌്ഷനിലെ സുമോദയയിൽ രാജലക്ഷ്മി വിതുമ്പലോടെ പറഞ്ഞു. രാജലക്ഷ്മിയുടെ ഭർത്താവ് എം.ജി.രമേശ്ബാബു (62) കഴിഞ്ഞ വർഷം ജനുവരിയിലാണു വാഹനാപകടത്തിൽ മരിച്ചത്. ചേർത്തല തങ്കിക്കവലയിൽ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

നാലുവരിപ്പാത ആയതിനാൽ എതിരെ വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അശ്രദ്ധമായി ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിക്കുകയായിരുന്നു. രമേശ്ബാബു നിലത്തുവീണു. ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി. അമ്മയും ഭാര്യയും 2 മക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രമേശ്ബാബു. അശ്രദ്ധമായി അമിതവേഗത്തിലെത്തിയ ഇരുചക്ര വാഹനമിടിച്ചു കാൽപാദം തകർന്നു 3 വർഷത്തോളം നടക്കാൻ കഴിയാതിരുന്ന ഡിസിസി ജനറൽ സെക്രട്ടറി രാജു താന്നിക്കൽ,

അമിതവേഗത്തിൽ വന്ന കാറിടിച്ചു രണ്ടു സഹോദരങ്ങളെ നഷ്ടമായ ആലപ്പുഴ നഗരസഭാ കൗൺസിലർ കൊച്ചുത്യേസ്യാമ്മ ജോസഫ്, കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പിതാവിനെ നഷ്ടമായ കൈചൂണ്ടിമുക്ക് സ്വദേശി ഷാജി മാധവൻ, റോഡ് മുറിച്ചു കടക്കുമ്പോൾ അജ്ഞാത വാഹനമിടിച്ചു ഭർത്താവു മരിച്ച മേനാത്തേരി പുത്തൻതറയിൽ ഗീതാ രാധാകൃഷ്ണൻ,

റോഡരികിലൂടെ നടന്നുപോകുമ്പോൾ എതിരെ വന്ന ലോറിയിൽ അശ്രദ്ധമായി വച്ചിരുന്ന കമ്പി തട്ടി കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഹരിപ്പാട് പാലപുരത്തിൽ ജേക്കബ് ജോൺ... അപകടത്തിന്റെ നോവുമായി ഒട്ടേറെ പേർ മനോരമയുമായി അനുഭവം പങ്കുവച്ചു. എല്ലാവർക്കും പറയാൻ ഉണ്ടായിരുന്നത് ഒരേ കാര്യം: വാഹനമോടിക്കുമ്പോൾ കണ്ണുകൾ വഴിയിലേക്കു തുറന്നുവയ്‌ക്കുക; വഴിക്കണ്ണുമായി കാത്തിരിക്കുന്നവർ എല്ലാവർക്കുമുണ്ടെന്നോർക്കുക.

എം.ജി.രമേശ്ബാബു
എം.ജി.രമേശ്ബാബു

തീരാനോവിന്റെ 12 വർഷം

2011 മാർച്ച് 10ന് രാത്രി ദേശീയപാതയിൽ ചേർത്തലയിൽ നടന്ന അപകടമാണ് ചിത്രകാരനായ പട്ടണക്കാട് കൊച്ചളയാട്ട് കെ.രമേശിന്റെ ജീവിതത്തിലെ നിറങ്ങൾ മായ്ച്ചുകളഞ്ഞത്. രമേശ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ ഇടിച്ചു. ഒരു വർഷത്തോളം അബോധാവസ്ഥയിൽ. പിന്നീടു കണ്ണുതുറന്നെങ്കിലും ഓർമയും ചലനശേഷിയും മടങ്ങിവന്നില്ല. 12 വർഷമായി രമേശിനെ പരിചരിക്കുകയാണു ഭാര്യ മായ.

കെ.രമേശ്
കെ.രമേശ്

അപകടമുണ്ടാകുമ്പോൾ മൂത്ത മകൻ മൂന്നാം ക്ലാസ്സിലായിരുന്നു. ഇളയ മകന് മൂന്നര വയസ്സ്. 2013 ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഇടപെടലിൽ മായയ്ക്കു കയർ കോർപറേഷനിൽ ജോലി ലഭിച്ചു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം രമേശൻ ഇടതുകൈ അൽപം അനക്കിത്തുടങ്ങി. അവ്യക്തമായതെന്തോ പറയുന്നതും പ്രതീക്ഷയോടെ ഈ കുടുംബം കാതോർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com