35 വർഷമായി ഗുരുമന്ദിരത്തിൽ പൂജ ചെയ്ത് ലക്ഷ്മി
Mail This Article
വള്ളികുന്നം ∙ നാടെങ്ങും ഇന്ന് ഗുരുദേവ സ്മൃതിയിൽ മുഴുകുമ്പോൾ മൂന്നരപ്പതിറ്റാണ്ടായി ഗുരുദേവ പൂജകൾ മുടങ്ങാതെ ചെയ്ത് ജീവിതം ധന്യമാക്കിയിരിക്കുകയാണ് ഇലിപ്പക്കുളം ബംഗ്ലാവിൽ തെക്കതിൽ ലക്ഷ്മി (82). വീടിന് സമീപമുള്ള 324–ാം നമ്പർ എസ്എൻഡിപി ശാഖായോഗത്തിന്റെ ഗുരുമന്ദിരത്തിലാണ് ലക്ഷ്മി 35 വർഷത്തിലേറെയായി പൂജ നടത്തുന്നത്. പുലർച്ചെ മൂന്നിന് എഴുന്നേറ്റ് ദിനചര്യകളെല്ലാം പൂർത്തിയാക്കി ഗുരുമന്ദിരത്തിലെത്തിയാണ് പൂജാകർമങ്ങളിലേക്ക് കടക്കുന്നത്. വൈകിട്ടും ഇത് തുടരും.
റെക്കോർഡ് ചെയ്തുവച്ചിട്ടുള്ള ഗുരുദേവ സ്തുതികൾ ലക്ഷ്മി പുലർച്ചെ മൈക്കിലൂടെ കേൾപ്പിക്കും. ഇതുകേട്ടാണ് നാട് ഉണരുന്നത്. തന്റെ മുത്തച്ഛൻ വേലായുധൻ ഗുരുദേവനുമായി അടുപ്പം പുലർത്തിയിരുന്നു എന്നും ഗുരുദേവൻ മരുത്വാമലയിൽ തപസ്സിരിക്കാൻ പോയ സമയത്ത് ഒപ്പം വേലായുധനുമുണ്ടായിരുന്നു എന്നും ലക്ഷ്മി പറഞ്ഞു.
ഗുരുമന്ദിരത്തിൽ 2006ൽ പ്രതിഷ്്ഠിച്ച വിഗ്രഹത്തിലാണ് ലക്ഷ്മി പൂജാദികർമങ്ങൾ ചെയ്യുന്നത്. ശാഖാ യോഗം പ്രസിഡന്റ് ശ്രീകുമാറും സെക്രട്ടറി രത്നാകരനും പൂർണപിന്തുണയുമായി ലക്ഷ്മിക്ക് ഒപ്പമുണ്ട്. ഇളയ മകൻ സുകുവിനോടും ഭാര്യ അർച്ചനയോടും ഒപ്പമാണ് ലക്ഷ്മി താമസം.