അപ്പ ഗാന്ധിജി ആയിരുന്നില്ല, പക്ഷേ ഗാന്ധിമാർഗം ജീവിച്ചു കാണിച്ച വ്യക്തിയായിരുന്നു: മറിയ ഉമ്മൻ
Mail This Article
ആലപ്പുഴ ∙ ‘അപ്പ ഗാന്ധിമാർഗം ജീവിച്ചു കാണിച്ച ആളായിരുന്നു’ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ പറഞ്ഞു. ആലപ്പുഴ സ്പെഷൽ സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണവും ഉമ്മൻചാണ്ടിയെ കുറിച്ച് സ്കൂൾ കുട്ടികൾ തയാറാക്കിയ ആൽബത്തിന്റെ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മറിയ ഉമ്മൻ.
‘ഗാന്ധിജി ജനങ്ങളിൽ നിന്ന് മാറാതെ അവരിൽ ജീവിച്ചു. ഗാന്ധിജിയുടെ ജീവിതം ആയിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. അപ്പ ഗാന്ധിജി ആയിരുന്നില്ല. എന്നാൽ, ഗാന്ധിമാർഗം ജീവിച്ചു കാണിച്ച വ്യക്തിയായിരുന്നു. അപ്പ മരിച്ചതിനു ശേഷമാണ് അപ്പ കരുതിയിരുന്ന സ്നേഹവും കരുതലും മനസ്സിലാക്കാൻ സാധിച്ചത്. പുലർച്ചെ 2 മണിക്കും 4 മണിക്കും വീട്ടിൽ വന്നാലും ഫോൺ വന്നാലുടൻ അപ്പ തന്നെ എടുക്കും. ഉറങ്ങാൻ കിടന്നാൽ രാവിലെ ആറിനു മുൻപേ എഴുന്നേറ്റു പത്രവായന തുടങ്ങും. തുടർന്നു ജോലിയിൽ പ്രവേശിച്ചാൽ കൂടെയുള്ള ജീവനക്കാരാണ് ഫോൺ എടുക്കുക. അപ്പ ജനങ്ങൾക്കിടയിലായിൽ ആയിരിക്കും - മറിയ ഉമ്മൻ പറഞ്ഞു.
കുട്ടികൾക്കൊപ്പം പാട്ടുകൾ പാടി നൃത്തം വയ്ക്കുകയും ഫോട്ടോ എടുക്കുകയും ചെയ്ത ശേഷം ഭക്ഷണവും കഴിച്ചാണ് മറിയ മടങ്ങിയത്. നഗരസഭ കോൺഗ്രസ് നേതാവ് റീഗോ രാജു അധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിന്റാ ജോസഫ്, സി.വി.മനോജ് കുമാർ, ലേഖ നായർ, സുമേഷ്, ഷീല നൗഷാദ്, കെ.എസ്. ഡൊമനിക് തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: Maria Oommen's Heartfelt Tribute to Her Father: Unveiling Appa's Extraordinary Dedication