മഴ മാറിയിട്ടും കുട്ടനാട്ടിലെ ജലനിരപ്പ് താഴുന്നില്ല
Mail This Article
കുട്ടനാട് ∙ മഴ മാറി നിന്നിട്ടും ജലനിരപ്പ് താഴുന്നില്ല; ദുരിതം ഒഴിയാതെ കുട്ടനാട്. സാധാരണ നിലയിൽ 2 ദിവസം വെയിൽ തെളിഞ്ഞാൽ ജലനിരപ്പ് താഴുന്നതാണു പതിവ്. എന്നാൽ തുടർച്ചയായി 4 ദിവസം മഴ മാറിയിട്ടും ജലനിരപ്പിൽ കാര്യമായ കുറവുണ്ടായിട്ടില്ല. പള്ളാത്തുരുത്തി മേഖലയിൽ മാത്രമാണു ജലനിരപ്പ് അപകട നിലയ്ക്കു താഴെയെത്തിയത്.
ചമ്പക്കുളം മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്ക് ഒപ്പമാണ്. നെടുമുടി മേഖലയിൽ 7 സെന്റിമീറ്ററും കാവാലത്ത് 8 സെന്റിമീറ്ററും മങ്കൊമ്പിൽ 1 സെന്റിമീറ്ററും അപകടനിലയ്ക്കു മുകളിലാണു ജലനിരപ്പ്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുന്നതിനാൽ ഗ്രാമീണ മേഖലയിലടക്കം ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. സ്കൂളുകളിൽ ഇന്നലെയും ഹാജർനില കുറവായിരുന്നു.
ജലസേചന വകുപ്പ് ഇന്നലെ വൈകിട്ട് 6നു രേഖപ്പെടുത്തിയ വിവിധ പ്രദേശങ്ങളിലെ ജലനിരപ്പ് (അപകടനില ബ്രാക്കറ്റിൽ). നെടുമുടി– 1.52 (1.45), ചമ്പക്കുളം– 1.05 (1.05), കാവാലം– 1.28 (1.20), മങ്കൊമ്പ്–1.36 (1.35), പള്ളാത്തുരുത്തി– 1.39 (1.40)