ADVERTISEMENT

കുട്ടനാട് ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സംഘാടനത്തിലെ പിഴവ് പരാതിയുമായി ബോട്ട് ക്ലബ്ബുകൾ രംഗത്ത്. കൈനകരിയിൽ നടന്ന മത്സരത്തിൽ നടുഭാഗം ചുണ്ടനെ ഒന്നാം ട്രാക്കിൽ നിന്നു മാറ്റാൻ സംഘാടക സമിതിയിലെ ചിലർ നടത്തിയ പ്രവൃത്തിയാണു സമയത്തിൽ കാണിച്ച വ്യത്യാസമെന്നു നടുഭാഗം ബോട്ട് ക്ലബ് ആരോപിച്ചു. സിബിഎൽ വള്ളംകളി സംശയത്തിന്റെ നിഴലിലാണെന്നു കാട്ടി മന്ത്രി സജി ചെറിയാനു നിവേദനം നൽകി. സംഘാടക സമിതിയിലെ ചിലരുടെ പ്രവർത്തനത്തിന്റെ ഫലമായി സമയത്തിൽ വ്യത്യാസം വരുത്തിയതു കാരണം നടുഭാഗം തുഴഞ്ഞ യുബിസി ബോട്ട് ക്ലബ്ബിനു കൂടുതൽ ആർപ്പു കിട്ടുന്ന ഒന്നാം ട്രാക്കിൽ നിന്നു നടുഭാഗം ചുണ്ടനെ മാറ്റിനിർത്തിയെന്നും യോഗത്തിൽ ആരോപിച്ചു.

ചമ്പക്കുളത്തു നടത്തിയ പ്രതിഷേധ യോഗം നടുഭാഗം ബോട്ട് ക്ലബ് ട്രഷറർ പി.ആർ.ദേവരാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി വടക്കനാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി എൻ.ജോർജ്, കമ്മിറ്റി അംഗങ്ങളായ ജോജോ, മനോജ് കുമാർ, രതീഷ് മണപ്ര, ജോസഫ് ജോസഫ് എന്നിവർ പ്രസംഗിച്ചു. സിബിഎൽ വള്ളംകളിയുടെ വിശ്വസ്തത കാത്തുസൂക്ഷിക്കണമെന്നും മത്സരത്തിന്റെ ശോഭ കെടുത്തുന്ന രീതിയിലുള്ള യാതൊരു ഇടപെടലുകളും അനുവദിക്കരുതെന്നും യോഗം അധികാരികളോട് അഭ്യർഥിച്ചു.

കുട്ടനാട് ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മൂന്നാം സീസണിലെ കൈനകരി ജലോത്സവത്തിലെ മത്സരഫലം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് (യുബിസി) മന്ത്രി മുഹമ്മദ് റിയാസിനു നിവേദനം സമർപ്പിച്ചു. ചില ക്ലബ്ബുകൾക്ക് അനുകൂലമായി മത്സരഫലങ്ങൾ മാറികൊണ്ടിരിക്കുകയാണ്. കൈനകരിയിൽ ടൈമിങ് സംവിധാനം അമ്പേ പരാജയപ്പെട്ടു. ഏറ്റവും കുറച്ചു സമയമെടുക്കുന്ന വള്ളങ്ങളുടെ ട്രാക്ക് പൊസിഷനിങ് അവരുടെ വിജയത്തെയും പ്രകടനത്തെയും ബാധിച്ചതിനാൽ കൈനകരിയിലെ മത്സരഫലം പുനഃപരിശോധിക്കണമെന്നും ക്ലബ് സെക്രട്ടറി ബി.സജിമോൻ മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com