കാണാതായ വീട്ടമ്മ വയലിൽ മരിച്ചനിലയിൽ
Mail This Article
വള്ളികുന്നം ∙ കാണാതായ വീട്ടമ്മയെ വീടിന് നാലുകിലോമീറ്റർ അകലെയുള്ള വയലിൽ മരിച്ചനിലയിൽ കണ്ടെത്തി. വീടിനു പിന്നിലുള്ള കനാലിൽ വീണതിനെ തുടർന്ന് വയലിലേക്ക് ഒഴുകിയെത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. വള്ളികുന്നം ചേന്നങ്കര പാറപുറത്ത് രമണിയാണ് (63) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് വീടിന്റെ പിന്നിലുള്ള ടിഎ കനാലിൽ വീണെന്ന സംശയം ഉയർന്നു.
ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. കനാലിൽ ശക്തമായ ഒഴുക്കുള്ളത് തിരച്ചിലിന് തടസ്സമായി. ഇന്നലെ ഉച്ചയോടെ മൃതദേഹം വള്ളികുന്നം തെക്കെത്തലക്കൽ ഗുരുമന്ദിരത്തിന് സമീപമുള്ള കക്കുറുമ്പ് ഭാഗത്തെ വയലിൽ നിന്നു കണ്ടെത്തുകയായിരുന്നു. വയലിൽ ചൂണ്ടയിടാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. പുലർച്ചെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി ദിശ തെറ്റി കനാലിൽ അകപ്പെട്ടതാണന്ന നിഗമനത്തിലാണ് ബന്ധുക്കൾ. ഭർത്താവ്: ഭദ്രൻ. മക്കൾ: വിനീത, വിനീഷ്. മരുമക്കൾ: ഉദയൻ, നീതു. സംസ്കാരം നടത്തി. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.