ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ വെള്ളക്കെട്ട്: പ്രതിഷേധം ശക്തം
Mail This Article
ചെട്ടികുളങ്ങര ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു മികച്ച വരുമാനം ലഭിക്കുന്ന ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിന്റെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഭക്തരും ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷനും നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ചെറിയൊരു മഴ പെയ്താൽ കായംകുളം–തിരുവല്ല റോഡിൽ നിന്നുൾപ്പെടെ വെള്ളം ഒഴുകി നാലമ്പലത്തിന് ഉള്ളിൽ എത്തുന്ന സാഹചര്യമാണ്.
റോഡിൽ നിന്നുള്ള മാലിന്യങ്ങളും ഗേറ്റിനു പുറത്തായി ഭക്തർ വയ്ക്കുന്ന പാദരക്ഷകളും മഴയത്ത് ഒഴുകി ക്ഷേത്രവളപ്പിൽ എത്തും. പാദരക്ഷകളും ബാഗും സൂക്ഷിക്കാൻ മാർഗമില്ലാത്തതിനാൽ പാദരക്ഷകൾ ബാഗിൽ വച്ചുകൊണ്ടു ദർശനം നടത്താൻ ചിലർ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴികളിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കുഴി അടയ്ക്കുന്ന കാര്യം ദേവസ്വം അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നു ഭക്തർ ആരോപിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള ദേവസ്വം ബോർഡ് വക റോഡുകളിൽ വിളക്കുകൾ പലതും പ്രകാശിക്കുന്നില്ല.
ഖരമാലിന്യ നിർമാർജനത്തിനായി ക്ഷേത്രത്തിൽ പ്ലാന്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം മുൻപു പലതവണ ഉണ്ടായെങ്കിലും നടപടി വൈകുകയാണ്. ക്ഷേത്രത്തിലെ മാലിന്യം സമീപത്തു കൂടി ഒഴുകുന്ന ഒതളപ്പുഴ തോട്ടിലാണ് എത്തുന്നത്. പരിസരവാസികൾക്കു ദുർഗന്ധം മൂലം വീട്ടിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നു പരാതി ശക്തമാണ്. ഇടത്താവളമായ ചെട്ടികുളങ്ങരയിൽ മണ്ഡലകാലത്തു പോലും മതിയായ സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.