വെട്ടിക്കോട് ക്ഷേത്രത്തിൽ തുലാം മാസ ആയില്യം ഉത്സവം
Mail This Article
ചാരുംമൂട്∙ ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിൽ തുലാം മാസത്തിലെ ആയില്യം മഹോത്സവവും നാഗരാജാവിന്റെ എഴുന്നള്ളത്തും ഇന്ന് നടക്കും.രാവിലെ 5 ന് പള്ളിയുണർത്തൽ, നിർമാല്യ ദർശനം, അഭിഷേകം, ഉഷഃപൂജ, ഉച്ചപ്പൂജ എന്നിവയ്ക്കു പുറമെ 9 മുതൽ നാഗസ്വര സേവ, വൈകിട്ട് 3 ന് നാഗരാജാവിന്റെ എഴുന്നള്ളത്ത്. സർവാലങ്കാര വിഭൂഷിതനായ നാഗരാജാവിനെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആദ്യം ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഇല്ലത്തെ പൂജകൾക്കു ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും.
വാദ്യമേളങ്ങൾ അകമ്പടി സേവിച്ച് എഴുന്നള്ളത്ത് ക്ഷേത്രത്തിന് വലംവച്ച ശേഷം ശ്രീകോവിലിൽ പ്രവേശിക്കും. തുടർന്ന് ദീപക്കാഴ്ചയ്ക്കും അത്താഴപൂജയ്ക്കും ശേഷം രാത്രി 7 ന് മഹാസർപ്പബലി നടക്കും. പൂയം നാളായ ഇന്നലെ നടന്ന ദീപാരാധന തൊഴാൻ ഭക്തരുടെ വലിയ തിരക്കായിരുന്നു. നാളെ രാവിലെ 11.30 ന് വർഷത്തിൽ ഒരിക്കൽ മാത്രമുള്ള , നിലവറയിൽ നൂറുംപാലും നടക്കുമെന്ന് ക്ഷേത്ര കാര്യദർശി അറിയിച്ചു.