ദേശീയപാത വികസനം: ആലപ്പുഴയുടെ ‘താജ്മഹൽ’ പൊളിക്കുന്നു
Mail This Article
ആലപ്പുഴ∙ രാജ്യസുരക്ഷയ്ക്കും ലോക സമാധാനത്തിനുമായി ജീവത്യാഗം ചെയ്ത സൈനികരുടെ സ്മരണയ്ക്കു താജ്മഹൽ മാതൃകയിൽ മുൻ നേവി ഉദ്യോഗസ്ഥൻ പണികഴിപ്പിച്ച ഗ്ലോബൽ പീസ് പാലസ് ദേശീയപാത വികസനത്തിനായി ഭാഗികമായി പൊളിക്കുന്നു.
തുമ്പോളി കുടുവശേരിയിൽ എ.കെ.ബി.കുമാർ (72) നാവികസേന ഉദ്യോഗസ്ഥനായിരിക്കെയാണ് 1971 ലെ ഇന്ത്യ– പാക്ക് യുദ്ധം. ലോകത്തുണ്ടായ എല്ലാ യുദ്ധങ്ങളിലെയും രക്തസാക്ഷികൾക്കായി സ്മാരകം എന്ന നിലയിലാണു ദേശീയപാതയോരത്തു ടൈലും മാർബിളും ഉപയോഗിച്ചു താജ്മഹൽ മാതൃക നിർമിച്ചത്.
ഭൂമി വിറ്റതിലൂടെ ലഭിച്ച തുകയും ജോലിയിൽ നിന്നു വിരമിച്ചപ്പോൾ ലഭിച്ച തുകയും ചേർത്ത് 80 ലക്ഷം രൂപ മുടക്കിയാണു ‘താജ്മഹൽ’ നിർമിച്ചത്. 2008ൽ ‘താജി’ന്റെ പണിതുടങ്ങി 2011ൽ പൂർത്തിയാക്കി. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.ലോകസമാധാനം സൂചിപ്പിക്കാൻ തൂവെള്ള നിറമാണു ഗ്ലോബൽ പീസ് പാലസിന്.
കര, നാവിക, വ്യോമ സേനകളുടെയും ഇതര സേനാ വിഭാഗങ്ങളുടെയും പ്രതീകമായി നാലു മിനാരങ്ങളാണു കെട്ടിടത്തിനുണ്ടായിരുന്നത്. ഇവയിൽ കര, നാവിക സേനകളുടെ മിനാരങ്ങളാണു ദേശീയപാതയ്ക്കായി പൊളിക്കേണ്ടി വന്നത്. കെട്ടിടത്തിന്റെ മുൻഭാഗവും അൽപം പൊളിക്കേണ്ടി വരും. തുടർന്ന് അൽപം നീക്കി അലുമിനിയം ഷീറ്റുകൾ ഉപയോഗിച്ചു മിനാരം പുനർനിർമിക്കണമെന്നു എ.കെ.ബി.കുമാർ പറയുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയിലാണു കുമാറും ഭാര്യ ലേഖയും താമസിക്കുന്നത്. കുമാർ കഥയും തിരക്കഥയും എഴുതി 6 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ലേഖ സിനിമകൾക്കു പാട്ടെഴുതും. മക്കൾ: വീണ ബി.കുമാർ (ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ), നവ്യ ബി.കുമാർ (ഇന്ത്യൻ ബാങ്ക് സീനിയർ മാനേജർ, കോയമ്പത്തൂർ).