ചേർത്തല – തെക്കേ ചെല്ലാനം ‘ബസ് സർവീസുകൾ പുനരാരംഭിക്കണം’
Mail This Article
തുറവൂർ ∙ ചേർത്തലയിൽ നിന്നു പള്ളിത്തോട് വഴി തെക്കേ ചെല്ലാനത്തേക്കു സർവീസ് നടത്തിയിരുന്ന മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒട്ടേറെ കെഎസ്ആർടിസി സർവീസുകൾ കോവിഡ് സമയത്ത് നിർത്തലാക്കിയിരുന്നു. ഈ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദിവസവും ദുരിതമനുഭവിക്കുകയാണ്.
ഒട്ടേറെത്തവണ തീരദേശവാസികൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ചേർത്തല പള്ളിത്തോട് വഴി തെക്കേ ചെല്ലാനത്തു എത്തിയിരുന്ന ബസുകളിൽ ഒരു ബസ് മാത്രമാണ് കോവിഡിനു ശേഷം ഇപ്പോൾ സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾ കുറവായ ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകളെയാണ് നാട്ടുകാർ ആശ്രയിച്ചിരുന്നത്.
നിർത്തിവച്ച കെഎസ്ആർടിസി ബസുകൾ ഉടൻ പുനരാരംഭിക്കണമെന്നും അന്ധകാരനഴിയിൽ സർവീസ് നിർത്തുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെ അന്ധകാരനഴി പാലം പൂർത്തിയായ സാഹചര്യത്തിൽ തെക്കേ ചെല്ലാനത്തേക്ക് നീട്ടണമെന്നും തീരദേശവാസികൾ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് കെഎൽസിഎ ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ ഒട്ടേറെത്തവണ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.