വഴിയോരക്കച്ചവടം ഒഴിയാൻ നിർദേശം; നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന് പരാതി
Mail This Article
ചെങ്ങന്നൂർ ∙ വഴിയോരക്കച്ചവടം ഒഴിയണമെന്നു നിർദേശിച്ചതിനു നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്നു പരാതി. വെള്ളി ഉച്ചയോടെയാണു സംഭവം. റെയിൽവേ സ്റ്റേഷൻ റോഡിൽ നടപ്പാത അടച്ചു കെട്ടി ചായക്കച്ചവടം നടത്തിയിരുന്നത് ഒഴിയണമെന്നു നിർദേശിച്ചപ്പോൾ കച്ചവടക്കാരൻ സിപിഎം പ്രവർത്തകരെ വിളിച്ചു വരുത്തിയെന്നും ഇവർ കയ്യേറ്റം ചെയ്തെന്നും കാട്ടി ചെങ്ങന്നൂർ നഗരസഭ സെക്രട്ടറി എം.സുഗധകുമാർ എസ്എച്ച്ഒയ്ക്കു നൽകിയ പരാതിയിൽ പറയുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പരാതിയിൽ ആരോപിച്ചു.
പിന്തുണയുമായി നഗരസഭ കൗൺസിലും ജീവനക്കാരും
മണ്ഡലകാലത്ത് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ പൊതുതീരുമാനപ്രകാരമാണു റെയിൽവേ സ്റ്റേഷൻ മുതൽ വെള്ളാവൂർ വരെയും ഷൈനി ഏബ്രഹാം റോഡിലും വഴിയോരക്കച്ചവടം നിരോധിക്കാൻ നഗരസഭയെ ചുമതലപ്പെടുത്തിയതെന്നു നഗരസഭാ കൗൺസിൽ. ബദലായി ഗുരു ചെങ്ങന്നൂർ റോഡിൽ കച്ചവടം നടത്താമെന്നും നിർദേശിച്ചിരുന്നു.
സെപ്റ്റംബർ 29നു കൗൺസിൽ യോഗം തീരുമാനം നടപ്പാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതു നടപ്പാക്കുന്നതിനിടെയാണു വെള്ളിയാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തിൽ തടസപ്പെടുത്തിയതെന്നും സെക്രട്ടറിയെ മർദ്ദിക്കുകയും ചെയ്തതെന്നു നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാം ആരോപിച്ചു. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജീവനക്കാർക്ക് പൂർണപിന്തുണ നൽകാനും അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു.
സെക്രട്ടറിയെ ആക്രമിച്ചെന്നും കള്ളക്കേസിൽ കുടുക്കിയെന്നും ആരോപിച്ചു നഗരസഭാ ജീവനക്കാർ പ്രതിഷേധയോഗം ചേർന്നു. സൂപ്രണ്ട് ആർ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ എൻജിനീയർ കെ.ഉണ്ണിക്കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധയോഗം നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ അധ്യക്ഷത വഹിച്ചു.