ബസ്‌സ്റ്റാൻഡ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തം
Mail This Article
കായംകുളം∙ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡ് കെട്ടിടം നന്നാക്കാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം. കോൺക്രീറ്റ് പാളി അടർന്ന് വീണ് യാത്രക്കാരനു പരുക്കേറ്റത് ഇന്നലെയാണ്. മുൻപും സമാനമായ അപകടങ്ങളുണ്ടായിട്ടും കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതർ ഗുരുതര വീഴ്ച വരുത്തുന്നതായാണ് ആരോപണം.കായംകുളം ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ജീർണാവസ്ഥ സംബന്ധിച്ച് മനോരമ മുൻപ് പലവട്ടം വാർത്ത നൽകിയിരുന്നു.
കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ മേൽക്കൂര വീണു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അടിയന്തരമായി സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ജീവന് ഭീഷണിയായ കെട്ടിടം ഉടൻ പൊളിച്ച്മാറ്റി പകരം സംവിധാനം ഏർപ്പെടുത്താൻ എംഎൽഎ തയാറാകണമെന്ന് കെപിസിസി സെക്രട്ടറി ഇ.സമീർ ആവശ്യപ്പെട്ടു.
കെട്ടിടം 20 വർഷമായി അറ്റകുറ്റപ്പണി നടത്താത്തതിന്റെ ഉത്തരവാദി ജനപ്രതിനിധികളാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ടി. സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി, യുഡിഎഫ് ചെയർമാൻ എ.ഇർഷാദ്, കൺവീനർ എ.എം.കബീർ എന്നിവർ ആരോപിച്ചു.
60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ അപകടവസസ്ഥ കാരണം കെട്ടിടത്തിന്റെ പ്രവർത്തനം ഇവിടെ നിന്ന് താൽക്കാലികമായി മാറ്റണമെന്ന് ചൂണ്ടിക്കാട്ടി യു.പ്രതിഭ എംഎൽഎ കെഎസ്ആർടിസി മാനേജ്മെന്റിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല.