ADVERTISEMENT

എടത്വ ∙ പ്രസിദ്ധമായ ചക്കുളത്തു കാവിൽ പൊങ്കാലയ്ക്കിനി 5 നാൾ. എല്ലാ ഒരുക്കങ്ങളും തകൃതിയായിട്ടാണ് നടന്നു വരുന്നത്.ക്ഷേത്ര മൈതാനവും ക്ഷേത്രവും 90 ശതമാനവും ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. കമാനങ്ങൾ, അലങ്കാരങ്ങൾ ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു തുടങ്ങി. വർഷന്തോറും ചക്കുളത്തുകാവിൽ ലക്ഷക്കണക്കിനു ഭക്തജനങ്ങളാണു പൊങ്കാല ഇടാൻ എത്തുന്നത്. പൊങ്കാല ഇടുന്നതിനുളള തയാറെടുപ്പുകൾ സ്ത്രീ ജനങ്ങളും ആരംഭിച്ചു. പൊങ്കാല ഇടുന്നവർ വ്രതം എടുക്കണം എന്നാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള ദിനരാത്രങ്ങൾ വ്രതശുദ്ധിയുടെ സമയമാണ്. മൂന്നു ദിവസം മുതൽ 12 ദിവസം വരെയുള്ള വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്നവരും ധാരാളമാണ്. ക്ഷേത്രത്തിൽ തന്നെ വ്രതമെടുത്ത് കഴിഞ്ഞു കൂടുന്ന സ്ത്രീകളും ഉണ്ട്. ഇവർ പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിച്ച് തീർഥം സേവിച്ച് ക്ഷേത്രത്തിൽ നിന്നും നൽകുന്ന പടച്ചോറും കഴിച്ചാണ് വ്രതം നോക്കുന്നത്.

പൊങ്കാല ദിവസം സ്വന്തം കൈകൊണ്ട് പുത്തൻ മൺകലങ്ങളിൽ നിവേദ്യം തയാറാക്കി ദേവിക്ക് നൽകുകയും അതിൽ നിന്നും ഒരു നുള്ള് സേവിച്ച ശേഷമാണ് വ്രതം അവസാനിപ്പിക്കുന്നത്. ശർക്കര പായസം, വെള്ളനിവേദ്യം, മോദകം, അട, കുമ്പിളപ്പം എന്നിങ്ങനെ പലവിധത്തിലുള്ള നിവേദ്യങ്ങളാണ് ഭക്തജനങ്ങൾ തയാറാക്കുന്നത്. പൊങ്കാലയുടെ ഐതിഹ്യത്തെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്. ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു കാരണക്കാരായ വേടനും കുടുംബവും ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഘോരവനത്തിലായിരുന്നു വസിച്ചിരുന്നത്. മൺകലങ്ങളിൽ ആണ് ഇവർ ഭക്ഷണം പാകം ചെയ്തിരുന്നത്. ഇതിൽ നിന്നും ഒരുപിടി വനദുർഗയെ ധ്യാനിച്ച് മാറ്റിവച്ച ശേഷമായിരുന്നു കഴിച്ചിരുന്നത്. ഒരിക്കൽ വിറകു ശേഖരിച്ചു മടങ്ങിവരാൻ താമസിച്ചതോടെ ദേവിക്ക് നിവേദിക്കാൻ കഴിയാതെ വന്നു. ഇതിൽ മനംനൊന്ത് ക്ഷമാപണത്തോടെ പാചകം ചെയ്യാനെത്തിയപ്പോൾ കലം നിറയെ ചോറും കറികളും തയാറായിരിക്കുന്നതു കാണുകയും ഇത് ദേവിയുടെ കടാക്ഷമാണെന്നും വിശ്വസിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. 

ഈ സങ്കൽപങ്ങളിൽ ആണ് സ്ത്രീ ജനങ്ങൾ പൊങ്കാല അർപ്പിക്കാനെത്തുന്നത്. പൊങ്കാലയുടെ തലേ ദിവസം ഉച്ച മുതൽ സ്ത്രീകൾക്കു മാത്രമാണ് ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശനം അനുവദിക്കുകയുള്ളൂ. പൊങ്കാല ദിവസമായ ഡിസംബർ മൂന്നിന് പുലർച്ചെ നാലിന് നിർമാല്യ ദർശനം, ഒൻപതിന് വിളിച്ചു ചൊല്ലി പ്രാർഥന, അനുഗ്രഹ പ്രാർത്ഥന,10 ന് പണ്ടാരപൊങ്കാലയടുപ്പിൽ അഗ്നി പകരൽ. മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി,ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.12.30 ന് ദിവ്യാഭിഷേകവും, ഉച്ചദീപാരാധന എന്നിവയോടെ പൊങ്കാല ചടങ്ങുകൾ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com