ചക്കുളത്തുകാവ് പൊങ്കാല: ജീവതകളുടെ ഒരുക്കങ്ങൾ തുടങ്ങി; തയാറാക്കുന്നത് 51 ജീവതകൾ
Mail This Article
എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലനേദ്യം തയാറാക്കി കാത്തിരിക്കുന്ന ഭക്തജനങ്ങളുടെ അരികിലേക്കെത്തിക്കുന്ന ദേവീസങ്കൽപം എഴുന്നള്ളുന്നതിനായി ഉപയോഗിക്കുന്ന ജീവതകളുടെ തയാറെടുപ്പുകൾ തുടങ്ങി. വ്രതശുദ്ധിയോടെ ഒട്ടേറെപ്പേർ ചേർന്നാണ് ഓരോ ജീവതയും തയാറാക്കുന്നത്. കിലോമീറ്ററുകൾ അകലെ വരെ പൊങ്കാലയിടുന്ന സ്ഥലങ്ങളിലേക്ക് എത്താൻ 51 ജീവതകളാണ് തയാറാക്കുന്നത്. പ്ലാവിൻ തടിയിൽ പിച്ചള കെട്ടി പ്രത്യേക രീതിയിൽ തീർത്ത ജീവതയിൽ തിടമ്പ് സ്ഥാപിച്ച് ചുറ്റും വിവിധ വർണങ്ങളിലുള്ള തുണികൾ പിണഞ്ഞു കെട്ടി അതിനു ചുറ്റും പൂമാലകൾ കൊരുക്കും. പിന്നീട് തിടമ്പിനു പിന്നിൽ ദേവീ ചൈതന്യം ആവാഹിക്കും.
ഓരോ ജീവതയോടൊപ്പം പത്തിലേറെ ശാന്തിക്കാർ പൊങ്കാല നേദ്യം തളിക്കുന്നതിനും പുഷ്പം അർപ്പിക്കുന്നതിനും ഉണ്ടാകും. വാദ്യമേളങ്ങളോടെയാണ് ഓരോ ജീവതയും പുറപ്പെടുന്നത്. പണ്ടാരപ്പൊങ്കാലയടുപ്പിൽ അഗ്നി പകർന്നാലുടൻ നാലമ്പലത്തിൽ നിന്നും ഓരോ ജീവതയും പുറത്തേക്ക് എഴുന്നള്ളിക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പ്രധാന ജീവത എഴുന്നള്ളിക്കുന്നത്. നേദ്യത്തിനു ശേഷം ജീവതകളെല്ലം ശ്രീകോവിലിനു മുന്നിൽ തിരികെ എത്തിച്ച ശേഷം ഉച്ച ദീപാരാധനയോടെ മാത്രമേ പൊങ്കാലച്ചടങ്ങുകൾ അവസാനിക്കൂ. പൊങ്കാലച്ചടങ്ങിലേക്ക് ആവശ്യമായ പൂക്കൾ ഇക്കുറിയും തോവാള, കമ്പം,സേലം,തേനി എന്നിവിടങ്ങളിൽ നിന്നും വഴിപാടായി ഭക്തർ എത്തിക്കുകയായിരുന്നു. 1500 പറ പൂക്കളാണ് ഉപയോഗിച്ചത്. ക്ഷേത്രത്തിനു ചുറ്റം ശരം മാലകൾ, ജീവതകളിൽ ചാർത്തുന്ന മാലകൾ, പൊങ്കാല തളിക്കൽ എന്നിവയ്ക്കാണ് പൂക്കൾ വേണ്ടത്. തുളസി, അരളി, ജമന്തി, ചെണ്ടുമല്ലി, പിച്ചി, റോസ് തുടങ്ങിയ പൂക്കളാണ് എത്തിക്കുന്നത്.
തീർഥാടകർക്ക് സേവനം ഒരുക്കി ആരോഗ്യവകുപ്പ്
.തീർഥാടകർക്ക് വിപുലമായ സേവനം ഒരുക്കി ആരോഗ്യ വകുപ്പ്. പൊങ്കാല ദിവസം തലവടി ആരോഗ്യ കേന്ദ്രത്തിൽ 12 മണിക്കൂറും എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഒ.പി. പ്രവർത്തിക്കും. പൊങ്കാലയ്ക്കു ശേഷം എടത്വ, തലവടി പ്രദേശങ്ങളിൽ ശുചീകരണത്തിന് ആശ പ്രവർത്തകരെയും വൊളന്റിയർമാരെയും നിയമിക്കും. ശുദ്ധജല ക്ലോറിനേഷനും ഉറവിട മാലിന്യ നശീകരണവും പരിസര ശുചീകരണവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. കടകൾ കേന്ദ്രീകരിച്ചു തുടങ്ങിയ പ്രത്യേക പരിശോധന പൊങ്കാല കഴിയും വരെ തുടരുമെന്ന് ഹെൽത്ത് ഇൻസ്പെട്ർമാർ അറിയിച്ചു. പൊങ്കാല ദിവസം ക്ഷേത്ര മൈതാനത്ത് താൽക്കാലിക ക്ലിനിക് പ്രവർത്തിക്കും. ഇന്നലെ ചക്കുളത്തുകാവ് ക്ഷേത്രവും പരിസര പ്രദേശങ്ങളും കൊതുക് നശീകരണത്തിനായി ഫോഗിങ് നടത്തി. ആലപ്പുഴ ഡിഎംഒ യുടെ നിർദേശ പ്രകാരം ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എച്ച്.ഷിബു, ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഫോഗിങ് നടത്തിയത്.