ഇരുട്ടിയാൽ ‘കുട്ടി’ക്കളി, കൊതുകിന്റെ സേവനം അൺലിമിറ്റഡ് ഫ്രീ; ആലപ്പുഴ മെഡിക്കൽ കോളജിൽ ഒരു രാത്രി
Mail This Article
ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ 10 മാസത്തിനിടെ 283 അപകടങ്ങളിൽ മരിച്ചത് 302 പേർ. പരുക്കേറ്റാൽ ചികിത്സിക്കാൻ ഈ ജില്ലയിൽ ആകെയുള്ള വലിയ ആശുപത്രിയാണ് ആലപ്പുഴ മെഡിക്കൽ കോളജ്. മറ്റാശുപത്രികളിലെ ചികിത്സയ്ക്കിടെ രോഗം മൂർച്ഛിച്ചാലോ, വിദഗ്ധ ചികിത്സ വേണ്ടിവന്നാലോ, കൂടുതൽ ടെസ്റ്റുകൾ വേണ്ടിവന്നാലോ എല്ലാം സാധാരണക്കാരുടെ ആശ്രയം ആലപ്പുഴ മെഡിക്കൽ കോളജാണ്.
ഇത്തരം ആവശ്യങ്ങളുണ്ടാവുന്നത് രാത്രിയിലാണെങ്കിലൊ? രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ തകഴി കുന്നുമ്മയിലെ കർഷകനെ അത്യാസന്ന നിലിൽ ആദ്യമെത്തിച്ചതു മെഡിക്കൽ കോളജിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കിടക്കയില്ലാത്തിനാൽ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. രാത്രയിൽ ചികിത്സതേടി ആലപ്പുഴ മെഡിക്കൽ കോളജിൽ പോകേണ്ടിവരുന്നവരുടെ അനുഭവം എന്താവും എന്നറിയാൻ മനോരമ സംഘം നടത്തിയ പരിശോധനയിൽ കണ്ടത് നിസ്സഹായതയുടെയും അനാസ്ഥയുടെയും അവഗണനയുടെയും കാഴ്ചകൾ.
രാത്രി 8.30 ഇരുട്ടിൽ പരതി
ദേശീയപാതയിൽ നിന്നു മെഡിക്കൽ കോളജിലേക്കു പ്രവേശിക്കുമ്പോൾ തന്നെ ഇരുട്ടാണ്. പേരിന് ഏതാനും തെരുവുവിളക്കുകൾ പ്രകാശിക്കുന്നുണ്ടെങ്കിലും പാത ഇരുട്ടിൽ തന്നെ. സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലേക്കുള്ള വഴിയും ഇരുട്ടിൽ. വാഹനങ്ങൾ നിർത്തിയിടുന്ന ഗ്രൗണ്ടിലും പ്രവേശന പാതയോരങ്ങളിലുമെല്ലാം പുല്ലു വളർന്നു കാടായി മാറി.
കൊതുകിന്റെ സേവനം അൺലിമിറ്റഡ് ഫ്രീ
കൊതുകിനു സമയക്ക്രമമൊന്നുമില്ല, എപ്പോഴുമുണ്ട്; രാത്രിയേറെയെത്തുമ്പോൾ കൊതുകു കൂടും. കൊതുകുതിരി കത്തിച്ചാണു മിക്കവരുടെയും ഉറക്കം. നിലത്തു കൂട്ടമായി കിടക്കുമ്പോൾ ചൂട് ഉണ്ടെങ്കിലും പുതച്ചു മൂടാതെ ഉറങ്ങാൻ ബുദ്ധിമുട്ടാണ്.
ഉണ്ട് പക്ഷേ ഇല്ല മാമോഗ്രാം
ബ്രെസ്റ്റ് കാൻസർ നിർണയിക്കുന്ന മാമോഗ്രാം ടെസ്റ്റ് നിലച്ചിട്ടു 3 വർഷമായി. 2000 രൂപ ചെലവാക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണു രോഗികൾ.
‘സ്ലോ’ സ്കാനിങ്
അൾട്രാ സ്കാൻ ചെയ്യുന്നതിനാകട്ടെ, നാലു മാസങ്ങൾക്കപ്പുറമുള്ള തീയതിയാണു നൽകുന്നത്. എംആർഐ സ്കാൻ ചെയ്യുന്നതിനും ആഴ്ചകൾ കാത്തിരിക്കണം. സ്കാൻ ചെയ്ത ശേഷം റിപ്പോർട്ടിനായി പിന്നെയും ദിവസങ്ങൾ കാത്തിരിക്കണം. രണ്ടു സിടി സ്കാൻ മെഷീനുകളിൽ ഒരെണ്ണമാണു നിലവിൽ പ്രവർത്തിക്കുന്നത്. മറ്റേതു പ്രവർത്തനരഹിതമായിട്ട് 6 മാസം കഴിഞ്ഞു.
മഴ നനയാൻ പുറത്തു പോകേണ്ട
മെഡിക്കൽ കോളജ് വളപ്പിൽ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് പണിതത് കേന്ദ്രത്തിന്റെ 120 കോടി രൂപ ഉൾപ്പെടെ 173.18 കോടി രൂപ ഉപയോഗിച്ചാണ്. പക്ഷേ നല്ലൊരു മഴ പെയ്താൽ കെട്ടിടത്തിന്റെ മുകൾ നില ചോരും. ഭിന്നശേഷിക്കാർക്കു സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലേക്കു പ്രവേശിക്കാൻ നിർമിച്ച റാംപിനു മേൽക്കൂരയില്ല. മഴയും വെയിലുമേറ്റുവേണം റാംപിലൂടെ കെട്ടിടത്തിലേക്കു പ്രവേശിക്കാൻ.
ഇല്ല പക്ഷേ വേണം എമർജൻസി മെഡിസിൻ
വാഹനാപകടങ്ങളിൽ പരുക്കേറ്റ് ഒട്ടേറെപ്പേർ എത്തുന്ന ആശുപത്രിയാണ് ആലപ്പുഴ മെഡിക്കൽ കോളജ്. എന്നാൽ ഇത്തരം രോഗികൾക്കു വേഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം ആശുപത്രിയിലില്ല. അപകടത്തിൽ പരുക്കേറ്റ് എത്തുന്നവർ ഊഴം അനുസരിച്ച് ഓരോ ടെസ്റ്റും പൂർത്തിയാക്കി വരുമ്പോഴേക്കും സമയമെടുക്കും. അത്യാഹിത വിഭാഗത്തിലേക്ക് അപകടങ്ങളിൽ പരുക്കേറ്റവരും എത്തുന്നതു ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെ ജോലിഭാരവും കൂട്ടുന്നുണ്ട്. അതിനാൽ എമർജൻസി മെഡിസിൻ വിഭാഗം തുടങ്ങണമെന്നാണു സീനിയർ ഡോക്ടർമാർ പറയുന്നത്.
ഐസിയു കിടക്കകൾ
മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടുതൽ ഐസിയു കിടക്കകൾ സജ്ജമാക്കിയാൽ മാത്രമേ നിലവിലെ കിടക്ക ക്ഷാമം പരിഹരിക്കാനാകൂ. കൂടുതൽ ഐസിയു കിടക്കകൾ ലഭിച്ചാൽ രോഗികൾക്കു മെച്ചപ്പെട്ട ചികിത്സ നൽകാനാകും. നാലു രോഗികൾക്ക് ഒരു നഴ്സ് എന്ന നിലയിലേക്കു രോഗി–നഴ്സ് അനുപാതം വർധിപ്പിക്കുകയും വേണം.
ഇരുട്ടിയാൽ ‘കുട്ടി’ക്കളി
രാത്രിയിൽ കാഷ്വൽറ്റിയിൽ പ്രധാന ഡോക്ടർമാർ ഇല്ലാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ല. ജൂനിയർ ഡോക്ടർമാരാണുള്ളത്. ഫോണിലൂടെ സീനിയർ ഡോക്ടർമാരെ ബന്ധപ്പെട്ടാണു ഗുരുതരാവസ്ഥയിലുള്ളവരെ ചികിത്സിക്കുന്നത്. സന്ധ്യയോടെ ആശുപത്രിയിലെ ഐസിയു കിടക്കകൾ നിറയും. അതിനു ശേഷം ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളിൽ പലർക്കും ഐസിയുവിൽ കിടക്ക കിട്ടുക പോലുമില്ല. മെഡിസിനൽ ഐസിയു അടച്ചിട്ട് ഏറെക്കാലമായി.