ഭക്തിസാന്ദ്രമായി ചക്കുളത്തുകാവ്; പൊങ്കാലയിടാൻ എത്തിയത് ഭക്തലക്ഷങ്ങൾ
Mail This Article
എടത്വ ∙ ഭക്തി ലഹരിയിൽ ആറാടി ചക്കുളത്തു കാവ്. ഇക്കുറി പൊങ്കാലയിടാൻ എത്തിയത് ഭക്തലക്ഷങ്ങൾ. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വൈകുന്നേരങ്ങളിൽ ഇടിച്ചു കുത്തി പെയ്യുന്ന മഴ ഉണ്ടായിരുന്നെങ്കിലും പൊങ്കാലയ്ക്കു തലേ ദിവസം മഴ മാറിനിന്നത് അനുഗ്രഹമായി. തലേ ദിവസം മുതൽ തന്നെ ക്ഷേത്രത്തിൽ സ്ത്രീകൾക്കു മാത്രമായിരുന്നു പ്രവേശനം. ജനബാഹുല്യം കാരണം വൈകിയാണ് നട അടച്ചതുതന്നെ. ഇന്നലെ പുലർച്ചെ 4 മുതൽതന്നെ ക്ഷേത്രത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. പുലർച്ചെ നാലുമണിക്ക് നിർമാല്യത്തിനു ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. നട തുറക്കും മുൻപ് പതിനായിരങ്ങളാണ് അമ്മയുടെ ദർശനത്തിനായി കാത്തിരുന്നത്.
ഒരു ദിവസം മുൻപു വരെ രാത്രി സമയത്ത് പെയ്ത മഴയെ നിഷ്പ്രഭമാക്കിയാണ് സൂര്യൻ ഉദിച്ചുയർന്നത്. രാവിലെ ആയപ്പോഴേക്കും ക്ഷേത്രത്തിനു കിലോമീറ്ററുകൾക്കപ്പുറത്ത് തിരുവല്ല, ചെങ്ങന്നൂർ, പന്തളം, മാന്നാർ, എടത്വ, കിടങ്ങറ എന്നിവിടങ്ങളിലേക്ക് അടുപ്പുകൾ നീണ്ടു. സെറ്റുമുണ്ടണിഞ്ഞ സ്ത്രീകൾ തൊഴുകൈകളോടെ പ്രാർഥനാ നിരതമായി ഗണപതിക്കൊരുക്കിനു മുന്നിൽ കത്തിച്ച വിളക്കും.
അതിനു മുന്നിൽ അടയും മോദകവും എല്ലാം സജ്ജം. പൊങ്കാല അടുപ്പിനു മുകളിൽ പുത്തൻകലം കോലം വരച്ച് വിളിച്ചു ചെല്ലി പ്രാർഥനയ്ക്കായി കാതോർത്ത് നിൽക്കുന്ന കാഴ്ചയായിരുന്നു എങ്ങും. ശർക്കരപ്പായസം, വെള്ളച്ചോറ്, പാൽപായസം, മോദകം, കുമ്പിളപ്പം എന്നിങ്ങനെ വിവിധ തരത്തിലാണ് പൊങ്കാലയർപ്പണം നടത്തുന്നത്. നിരവധി ഭക്തർ ഇന്നലെ രാത്രി മുതൽ കഞ്ഞിയും പയറും തയാറാക്കി വഴുപാടായി നൽകി.
നിരവധി സംഘടനകളാണ് ഇക്കുറി സൗജന്യ ഭക്ഷണ വിതരണം നടത്തിയത്. നീരേറ്റുപുറം മുതൽ തിരുവല്ല ചെങ്ങന്നൂർ , പൊടിയാടി മാവേലിക്കര, നീരേറ്റുപുറം കിടങ്ങറ, നീരേറ്റുപുറം എടത്വ തുടങ്ങി എല്ലാ റോഡുകളിലും പൊങ്കാലക്കലങ്ങൾ നിരന്നിരുന്നു.
അന്നം നൽകാൻ ശെൽവരാജും സംഘവും എത്തി
പൊങ്കാലച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്ക് അന്നം നൽകാൻ ഇക്കുറിയും കിളിമാനൂർ സ്വദേശി ശെൽവരാജും സംഘവും എത്തി 23 വർഷം മുൻപ് ആരംഭിച്ച പ്രവർത്തനം ഓരോ വർഷം കഴിയുന്തോറും കൂടുതൽ പേർക്ക് ഭക്ഷണം നൽകുകയാണ് ശെൽവരാജ് ചെയ്യുന്നത്. 500 പേരിൽ തുടങ്ങിയ അന്നം വിളമ്പിക്കൊടുക്കുന്നത് 15000 പേർക്ക് നൽകിയാണ് ഇക്കുറി അവസാനിപ്പിച്ചത്. തലവടി പഞ്ചായത്തിനു സമീപമുള്ള ഒരു ഇല്ലത്തു വച്ചാണ് വിതരണം.
വിശ്വാസത്തിന്റെ ഭാഗം മാത്രമല്ല ഇതൊരു പുണ്യപ്രവൃത്തി കൂടിയാണെന്നാണ് ശെൽവരാജ് പറയുന്നത്. ഹോട്ടൽ ജോലി ചെയ്തിരുന്ന ശെൽവരാജ് കടയിൽ പണിയില്ലാതെ വന്നു. ആകെ അറിയാവുന്ന പണി ഇല്ലാതായതോടെ കുടുംബം പട്ടിണിയിലേക്ക് വന്നു ആ വർഷം പരിസരത്തുള്ളവർ പൊങ്കാലയിടാൻ പോകുന്നതറിഞ്ഞ് ശെൽവരാജും കൂടി ഇവിടെ എത്തി എന്തെങ്കിലും ചെയ്യാമെന്ന ധാരണയിലായിരുന്നു.
ചക്കുളത്ത് എത്തിയപ്പോൾ അന്നദാനം കൊടുക്കുന്നവർക്ക് സഹായിയായി നിന്നു.അവിടെ നിന്നും ലഭിച്ച തുഛമായ സംഖ്യലഭിക്കുകയും ചെയ്തു. തിരികെ നാട്ടിലെത്തി ശെൽവരാജ് ജോലിചെയ്തിരുന്ന ചായക്കട വാടകയ്ക്കെടുത്ത് കച്ചവടം ആരംഭിക്കുകയായിരുന്നു.പിന്നീടുള്ള ഉയർച്ചയ്ക്ക് കാരണം ഇവിടെ നിന്നും ലഭിച്ച തുകയാണെന്ന വിശ്വാസത്തിലാണ് മുടങ്ങാതെ എത്തുന്നതും സൗജന്യമായി ഭക്ഷണം വിളമ്പുന്നതും.ഇന്ന് സംഘത്തിൽ കുടുംബവും സമീപവാസികളും പങ്കു ചേരുന്നു എന്ന പ്രത്യേകതയുമുണ്ട്.
താരം ഇരുമ്പ് അടുപ്പ്
പൊങ്കാല ഇടുന്നതിനായി ഇക്കുറിയും നിരവധി ആളുകൾ ഇഷ്ടികയ്ക്കു പകരം ഇരുമ്പു കൊണ്ടുള്ള അടുപ്പാണ് ഉപയോഗിച്ചത്. മുൻ കാലങ്ങളിൽ ക്ഷേത്രത്തിൽ നിന്നും നേരിട്ട് അടുപ്പിനുള്ള ഇഷ്ടിക വിതരണം നടത്തിയിരുന്നു. അത് നിർത്തിയതോടെ സ്വകാര്യ വ്യക്തികൾ ഇഷ്ടിക വിതരണം ചെയ്യാൻ തുടങ്ങി. അമിത വിലയ്ക്കാണ് വിതരണം ചെയ്യുന്നത്. മാത്രമല്ല വില കൊടുത്തു വാങ്ങുന്ന ഇഷ്ടിക പൊങ്കാലക്കലം നീക്കും മുൻപ് ആളുകൾ എടുത്തു കൊണ്ടു പോകുന്നതും കണക്കിലെടുത്താണ് ഇരുമ്പു കൊണ്ടുള്ള അടുപ്പ് ഉപയോഗിക്കുന്നത്.
ഇക്കുറി ഹരിതചട്ടം പാലിച്ച് പൊങ്കാല ഇടാൻ ആയത് ഏറെ ഗുണകരമായി മുൻകാലങ്ങളിലെ പോലെ പ്ലാസ്റ്റിക് ഉപയോഗം കുറവായിരുന്നു. ഹരിത കർമ സേനയുടെ നേതൃത്വത്തിൽ നിരവധി സ്ഥലങ്ങളിലണ് ഓല കൊണ്ടുള്ള വല്ലം വച്ചിരുന്നത്.പൊങ്കാല കഴിഞ്ഞ ഉടൻ ശുചീകരണ പ്രവർത്തനവും നടത്തി.
വാഹനഗതാഗത നിയന്ത്രണം കാര്യക്ഷമമായി നടത്താൻ കഴിഞ്ഞതിനാൽ പൊങ്കാല സമയത്തു പോലും സർവീസ് നിർത്തിവയ്ക്കേണ്ടി വന്നില്ല. റോഡിനു ഇരുവശത്തും പൊങ്കാലക്കലങ്ങൾ വച്ചിരുന്നു എങ്കിലും പൊലീസ് നിയന്ത്രണം കാരണം തടസ്സം കൂടാതെ യാത്ര ഒരുക്കാൻ കഴിഞ്ഞു. കെഎസ്ആർടിസി സർവീസുകളും മുടക്കം കൂടാതെ നടത്തി. വിവിധ സ്ഥലങ്ങളിൽ ഓപ്പറേറ്റിങ് കേന്ദ്രം ഒരുക്കിയിരുന്നതായി എടത്വ സ്റ്റേഷൻ ഇൻ ചാർജ് ബി. രമേശ് കുമാർ പറഞ്ഞു.
ഉപയോഗിച്ചത് 1500 പറ പൂക്കൾ
പൊങ്കാലയിലേക്ക് ആവശ്യമായ പൂക്കൾ ഇക്കുറിയും തോവാള, കമ്പം,സേലം,തേനി എന്നിവിടങ്ങളിൽ നിന്നും വഴിപാടായി ഭക്തർ എത്തിക്കുകയായിരുന്നു. 1500 പറ പൂക്കളാണ് വിവിധ ആവശ്യങ്ങളിലായി ഉപയോഗിച്ചത്. ക്ഷേത്രത്തിനു ചുറ്റം ശരം മാലകൾ, ജീവതകളിൽ ചാർത്തുന്ന മാലകൾ പൂജാ ആവശ്യങ്ങൾ, പൊങ്കാല തളിക്കൽ എന്നിവയ്ക്കാണ് പൂക്കൾ ആവശ്യമായി വരുന്നത്. തുളസി, അരളി, ജമന്തി, ചെണ്ടുമല്ലി, പിച്ചി, റോസ് തുടങ്ങി 10 ഇനങ്ങളിൽ പെട്ട പൂക്കളാണ് എത്തിച്ചത്.