കെട്ടിടം പൊളിച്ചു; പക്ഷേ, ചെറുതായിട്ടൊന്നു മാറിപ്പോയി; പഴയ ശുചിമുറിക്കു പകരം പൊളിച്ചത് കോൺക്രീറ്റ് കെട്ടിടം
Mail This Article
മാവേലിക്കര ∙ പൊളിക്കാൻ അനുമതി നൽകിയത് ഓടിട്ട ശുചിമുറി കെട്ടിടം, പൊളിച്ചതു കോൺക്രീറ്റ് ശുചിമുറി കെട്ടിടം, നഗരസഭ ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതര വീഴ്ച. മാവേലിക്കര ഗവ.ബോയ്സ് എച്ച്എസ്എസ് വളപ്പിൽ വെള്ളം ലഭിക്കാത്തതിനെ തുടർന്നു തുറന്നു കൊടുക്കാതിരുന്ന സ്കൂൾ ശുചിമുറി ആണു ഇന്നലെ രാവിലെ കരാറുകാരൻ പൊളിച്ചു നീക്കാൻ ആരംഭിച്ചത്. സ്കൂൾ മൈതാനത്തിനു വടക്കുവശം 2015ൽ സ്ഥാപിച്ച ശുചിമുറി വെള്ളം ലഭിക്കാത്തതിനെ തുടർന്ന് അടഞ്ഞു കിടക്കുകയായിരുന്നു. സ്കൂൾ വളപ്പിലെ ഉപയോഗശൂന്യമായ ഒരു കെട്ടിടവും പഴയ ശുചിമുറിയും പൊളിച്ചു നീക്കാൻ നഗരസഭ കരാർ നൽകിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കെട്ടിടങ്ങൾ പൊളിക്കണം എന്നായിരുന്നു കരാർ വ്യവസ്ഥ. സ്കൂളിലെ കോൺക്രീറ്റ് ശുചിമുറി പൊളിച്ചു നീക്കുന്നതു നാട്ടുകാർ നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാറിനെ വിളിച്ചറിയിച്ചു.
കെ.വി.ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, എസ്.രാജേഷ്, കൗൺസിലർമാരായ കെ.ഗോപൻ, ജയശ്രീ അജയകുമാർ എന്നിവർ സ്ഥലത്തെത്തി. നഗരസഭ ഉദ്യോഗസ്ഥരും വിവരമറിഞ്ഞു സ്ഥലത്തെത്തിയിരുന്നു. ശുചിമുറി പൊളിക്കുന്നതു നിർത്താൻ നിർദേശിച്ചു. ശുചിമുറിയുടെ മേൽക്കൂരയുടെ വടക്കുവശം, മുൻ ഭിത്തികളുടെ തെക്കുവശം ഉൾപ്പെടെ പൊളിച്ചു നീക്കി. ഇടിച്ച കോൺക്രീറ്റ് മേൽക്കൂര വീണു ക്ലോസറ്റ്, പൈപ്പ് എന്നിവ തകർന്നു. കെട്ടിടങ്ങൾ പൊളിക്കാൻ 11234 രൂപയ്ക്കാണു കരാർ എടുത്തത്. ശുചിമുറി പഴയ രീതിയിലേക്ക് പുനർ നിർമിക്കാൻ ലക്ഷങ്ങൾ ആവശ്യമായി വരും. കെട്ടിടം പൊളിക്കുന്ന സമയത്തു ഉദ്യോഗസ്ഥർ ഉണ്ടാകാതിരുന്നതു ഗുരുതര വീഴ്ചയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.