ADVERTISEMENT

കുട്ടനാട് ∙ വൈദ്യുതി മുടങ്ങി പമ്പിങ് നിർത്തിവച്ചതിനാൽ കായൽ പാടശേഖരങ്ങളിലെ കർഷകർ ആശങ്കയിൽ. വിത്ത് ലഭിക്കാൻ കാലതാമസമെടുത്തതുമൂലം കൃഷി വൈകി ഇറക്കേണ്ടി വന്ന കർഷകർക്കു വൈദ്യുത മുടക്കം ഇരുട്ടടിയായിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ നീലംപേരൂർ കൃഷിഭവൻ പരിധിയിലെ ഇ ബ്ലോക്ക് ഇരുപത്തിനാലായിരം കായൽ പാടശേഖരത്തിലെ കർഷകരാണു കഴിഞ്ഞ 2 ദിവസമായി വൈദ്യുതി മുടങ്ങിയതു മൂലം ദുരിതത്തിലായിരിക്കുന്നത്. പ്രദേശത്തെ ട്രാൻസ്ഫോമറിനുണ്ടായ തകരാറാണു വൈദ്യുത മുടങ്ങാൻ കാരണം. 2 ദിവസമായി പമ്പിങ് നടത്താൻ സാധിച്ചിട്ടില്ല. 

ഇന്നെങ്കിലും തകരാർ പരിഹരിച്ചു പമ്പിങ് പുനരാരംഭിക്കാൻ സാധിച്ചില്ലെങ്കിലും വിത പൂർണമായി നശിക്കും. വിതച്ചു ദിവസങ്ങൾ മാത്രമായ കൃഷിയിടത്തിലെ വെള്ളം അടിയന്തരമായി വറ്റിക്കാൻ സാധിച്ചില്ലെങ്കിൽ വിതച്ച വിത്ത് പൂർണമായി നശിക്കുന്ന അവസ്ഥയിലാണ്. പാടശേഖരത്തിലെ 1, 2 മോട്ടർ തറകളിലാണു പമ്പിങ് മുടങ്ങിയത്. ഇതുമൂലം 350 ഏക്കറോളം സ്ഥലത്തെ അറുപതോളം കർഷകരുടെ കൃഷിയിടത്തിൽ വെള്ളം കെട്ടി കിടക്കുകയാണ്. പ്രദേശത്തു കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണുണ്ടായത്.

ഇതുമൂലം കൃഷിയിടങ്ങളിൽ കൂടുതൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. എരണ്ട പക്ഷിയുടെ അടക്കം ആക്രമണം രൂക്ഷമായ പ്രദേശമായതിനാൽ വെള്ളക്കെട്ടുള്ള ഭാഗത്തെ വിത്ത് പക്ഷികൾ കൂട്ടമായെത്തി തിന്നുമെന്ന ആശങ്കയും കർഷകർക്കുണ്ട്. സർക്കാർ ഏജൻസികളിൽ നിന്നു വിത്ത് ലഭിക്കാൻ വൈകിയതോടെ 2 ആഴ്ചയോളം കൃഷി ഇറക്കാൻ താമസിച്ചിരുന്നു. ഇപ്പോൾ വിതച്ച വിത്തുകൂടി നശിച്ചാൽ കൃഷി വീണ്ടും വൈകാൻ ഇടയാക്കുമെന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. വിത നശിക്കുന്ന സാഹചര്യമുണ്ടായാൽ സർക്കാർ ഏജൻസികളിൽ നിന്ന് ഇനി വിത്ത് ലഭിക്കുകയില്ല.

പുറത്തു നിന്നുള്ള ഏജൻസികളിൽ നിന്ന് കിലോയ്ക്കു 40 മുതൽ 45 രൂപ വരെ വില നൽകി വിത്തു വാങ്ങേണ്ടി വരും. ഏക്കറിന് 50 മുതൽ 60 കിലോ വരെ വിത്താണു വിതയ്ക്കേണ്ടത്. കൂടാതെ വിതകൂലിയും മറ്റു ചെലവുകൾക്കുമായി നല്ലൊരു തുക ചെലവഴിക്കേണ്ടി വരും. അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com