പത്തനംതിട്ട – ആലപ്പുഴ റൂട്ടിൽ അര മണിക്കൂർ ഇടവേളയിൽ ഇനി കെഎസ്ആർടിസി ബസ്
Mail This Article
മാവേലിക്കര ∙ പത്തനംതിട്ട–ആലപ്പുഴ റൂട്ടിൽ പകൽ സമയത്തു അര മണിക്കൂർ ഇടവേളകളിൽ കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസ് ആരംഭിക്കുന്നു. പുതിയ സർവീസിനായി തയാറാക്കിയ സമയപ്പട്ടിക എറണാകുളം, തിരുവനന്തപുരം സോണൽ ഓഫിസുകൾ അംഗീകരിച്ചാൽ ഈ മാസം തന്നെ സർവീസ് തുടങ്ങാനാണു കെഎസ്ആർടിസിയുടെ നീക്കം. നിലവിലുള്ള പത്തനംതിട്ട–ഹരിപ്പാട് സർവീസുകൾ ആലപ്പുഴ വരെ ദീർഘിപ്പിച്ചു വരുമാനം വർധിപ്പിക്കുകയാണു ലക്ഷ്യം. ഇതിനായി പരീക്ഷണ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ സർവീസുകൾക്കു മികച്ച വരുമാനം ലഭിച്ചിരുന്നു. ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സമയങ്ങളിൽ മാവേലിക്കര ഡിപ്പോയിൽ നിന്ന് ആലപ്പുഴയിലെത്താനും ബസ് സൗകര്യം ലഭ്യമാകും എന്നതാണു പുതിയ സർവീസിന്റെ വലിയ ഗുണം.
നിലവിൽ പത്തനംതിട്ട–ഹരിപ്പാട് ചെയിൻ സർവീസിനായി ഉപയോഗിക്കുന്ന 12 ബസുകൾ എന്നതു 16 ആക്കി വർധിപ്പിച്ചാണ് ആലപ്പുഴ സർവീസ് യാഥാർഥ്യമാക്കുന്നത്. ഇതിനായി മാവേലിക്കര 6, ഹരിപ്പാട്, പത്തനംതിട്ട 3, ആലപ്പുഴ, പന്തളം 2 വീതം ബസുകൾ ഉപയോഗിക്കും. ഒരു ബസിനു ദിവസം 4 ട്രിപ്പുകളാണ് ഉണ്ടാകുക. ആലപ്പുഴ–പത്തനംതിട്ട റൂട്ടിൽ ദിവസം 64 ട്രിപ്പുകൾ ഉണ്ടാകും. മാവേലിക്കര നിന്നു ഹരിപ്പാട് എത്താനുള്ള അവസാന ബസ് നിലവിലെ രാത്രി 7.15 എന്നതു 8 ആയി മാറുകയും ചെയ്യും.