നോവിൽ പാതിമുറിഞ്ഞ ബീയാറിന്റെ നോവൽ പൂർത്തിയാക്കി മകൾ
Mail This Article
കുട്ടനാട് ∙ എഴുത്ത് പാതിമുറിഞ്ഞ് അച്ഛൻ ജീവിതത്തിൽനിന്നു മടങ്ങിയപ്പോൾ ബാക്കി എഴുതാൻ മകൾ പേനയെടുത്തു. കവിയും ഗാനരചയിതാവുമായിരുന്ന ബീയാർ പ്രസാദിന്റെ അവസാന രചനയായ ‘പ്രിയ മാനസം’ നോവൽ മകൾ ഇള പ്രസാദ് പൂർത്തിയാക്കി. നളചരിതം ആട്ടക്കഥയുടെ രചയിതാവായ ഉണ്ണായിവാരിയരുടെ ജീവിതം പറയുന്ന നോവലാണിത്. 29 അധ്യായങ്ങൾ എഴുതിയെങ്കിലും നോവൽ പൂർത്തിയാക്കുന്നതിനു മുൻപ് ബീയാർ രോഗബാധിതനായി. നായകൻ അനന്തപുരിയിലേക്ക് എന്ന് എഴുതി 29–ാം അധ്യായം പൂർത്തിയാക്കിയതിനു പിന്നാലെ ചികിത്സയ്ക്കായി ബീയാറിനു തിരുവനന്തപുരത്തേക്കു പോകേണ്ടിവന്നു.
ജനുവരി 4ന് അദ്ദേഹം അന്തരിച്ചു. നോവൽ സംബന്ധിച്ചു മകളുമായും കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തിരുന്നു. ആ ആത്മവിശ്വാസത്തിലാണു നോവൽ പൂർത്തിയാക്കാൻ സാധിക്കുമെന്നു മകൾക്കു തോന്നിയത്. അച്ഛന്റെ മരണം ഏൽപിച്ച ആഘാതത്തിൽ നിന്നു മോചിതയാവാത്തതിനാൽ നോവൽ പൂർത്തിയാക്കാൻ വൈകി. ഉപരിപഠനത്തിനായി ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലേക്കു പോയ ഇള 5 മാസത്തിനുശേഷം നിയോഗം പൂർത്തിയാക്കുകയായിരുന്നു.