വേഴപ്ര മുന്നൂറിൽചിറ കോളനി ശുദ്ധജല ക്ഷാമത്തിൽ വീർപ്പുമുട്ടുന്നു
Mail This Article
കുട്ടനാട് ∙ ശുദ്ധജല ക്ഷാമത്തിൽ വീർപ്പുമുട്ടി വേഴപ്ര മുന്നൂറിൽചിറ പട്ടികജാതി കോളനി നിവാസികൾ. രാമങ്കരി പഞ്ചായത്തിൽ ഇല്ലിമുറി തെക്കേ തൊള്ളായിരം പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളാണു ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. വീടിന്റെ മുൻവശത്തുള്ള നാട്ടുതോടു പോളയും മറ്റു ജല സസ്യങ്ങളും തിങ്ങി നിറഞ്ഞ് ഒഴുക്കു നിലച്ചതോടെ വെള്ളം മലിനമായി കിടക്കുകയാണ്.
പ്രാഥമിക ആവശ്യത്തിനു പോലും തോട്ടിലെ വെള്ളം ഉപയോഗിക്കാൻ പറ്റാതായി. മറ്റു മാർഗമില്ലാത്ത അവസരത്തിൽ തോട്ടിലെ വെള്ളം ഉപയോഗിക്കേണ്ടി വരുമ്പോൾ ചൊറിച്ചിൽ അടക്കമുള്ള ചർമ രോഗങ്ങളുണ്ടാകുന്നു. കുടിക്കാനുള്ള വെള്ളം എങ്ങനെയെങ്കിലും ശേഖരിക്കാമെന്നാണു കോളനി നിവാസികൾ പറയുന്നത്.
പക്ഷേ വസ്ത്രവും പാത്രങ്ങളും അടക്കം കഴുകാനും മറ്റു പ്രാഥമിക ആവശ്യത്തിനും വെള്ളം വിലക്കു വാങ്ങേണ്ട അവസ്ഥയിലാണ്. എത്രനാൾ ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കും. നിലവിൽ മഴവെള്ളം സംഭരിച്ചാണു കുടിക്കാനും ആഹാരം പാകം ചെയ്യാനും ഉപയോഗിക്കുന്നത്. മഴയില്ലെങ്കിൽ കുടിവെള്ളവും വിലയ്ക്കുവാങ്ങേണ്ട ഗതികേടിലാണ്. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു നാട്ടുതോട്ടിലെ പോളയും മാലിന്യവും നീക്കം ചെയ്തു നീരൊഴുക്കു സുഗമമാക്കിയാൽ വലിയൊരു പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കുമെന്നാണു കോളനി നിവാസികൾ പറയുന്നത്.