നവകേരള സദസ്സിന് ഒരുക്കങ്ങൾ പൂർത്തിയായി
Mail This Article
ചെങ്ങന്നൂർ ∙ ഇന്ന് 3 നു നവകേരള സദസ്സ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കാനിരിക്കെ ഒരുക്കങ്ങൾ പൂർത്തിയായി. കൂറ്റൻ വേദി ഒരുക്കിക്കഴിഞ്ഞു. കോളജിലേക്കുള്ള വഴി നേരത്തെ തന്നെ ടാർ ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി. സദസ്സ് ആരംഭിക്കുന്നതിനു മുൻപായി ഇന്ന് ഉച്ചയ്ക്കു രണ്ടിന് ‘കരിന്തലക്കൂട്ട’ത്തിന്റെ സംഗീത പരിപാടി നടക്കും. തുടർന്നു 3 മന്ത്രിമാർ പ്രസംഗിക്കും. 4.30നു മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. യോഗത്തിനു ശേഷവും കലാപരിപാടികൾ തുടരും. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച , മണ്ഡലത്തിലെ 2,000 പേർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. നവകേരള സദസ്സിൽ 40,000 പേർ എത്തിച്ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങൾക്ക് നിവേദനങ്ങൾ സമർപ്പിക്കുന്നതിനായി പ്രധാനവേദിക്കു സമീപത്തായി 20 കൗണ്ടറുകൾ സജ്ജീകരിക്കും. മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യേക കൗണ്ടറുകൾ തയാറാക്കുന്നുണ്ട്. സദസ്സിൽ പങ്കെടുക്കുന്നവർക്കായി ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. എൻസിസി, എസ്പിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളായ വിദ്യാർഥികൾ സന്നദ്ധ സേവനത്തിന് ഉണ്ടാകും. സദസ്സിന്റെ പ്രചാരണാർഥം നഗരസഭയിലും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൂട്ടയോട്ടം നടത്തിയിരുന്നു. മെഗാ തിരുവാതിര, സെമിനാറുകൾ, വിളംബര ഘോഷയാത്ര, വാഹന റാലി, പോസ്റ്റർ ദിനാചരണം, കലാകായിക പരിപാടികൾ, വീട്ടുമുറ്റ യോഗങ്ങൾ എന്നിവ നടത്തുകയും ചെയ്തു.