'ഇരുമ്പുവടിയും ചങ്ങലുമായി 5 പേർ വന്നു, കഴുത്തിനു പിടിച്ചു തള്ളി’; കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിയും
Mail This Article
ആലപ്പുഴ∙ ‘‘സാധനങ്ങൾ തല്ലിപ്പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് അടുക്കളയിലായിരുന്ന ഞാൻ ഹാളിലേക്കു വന്നത്. ഇരുമ്പുവടിയും ചങ്ങലുമായി 5 പേർ എന്റെ നേർക്കു വന്നു, ഒന്നും ചെയ്യല്ലേയെന്നു പറഞ്ഞ എന്നെ കഴുത്തിനു പിടിച്ചു തള്ളി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിയും. ഞാൻ പേടിച്ചു മുറിയിൽ കയറി കതകടച്ചു. കുളിക്കുകയായിരുന്ന ഭർത്താവ് ജോബ് താഴെ എത്തുമ്പോഴേക്കും അക്രമികൾ സാധനങ്ങൾ തല്ലിത്തകർത്തു. പുറത്തുനിൽക്കുകയായിരുന്ന ചില അക്രമികൾ വീടിന്റെ മുകൾ നിലയിലെ ജനലിന്റെ ചില്ല് കല്ലെറിഞ്ഞു പൊട്ടിച്ചു. അവർ എല്ലാവരും പോകുമ്പോഴേക്കും പൊലീസ് എത്തി’ – ഇതു പറയുമ്പോഴും കെപിസിസി ജനറൽ സെക്രട്ടറി എം.ജെ.ജോബിന്റെ ഭാര്യ ത്രേസ്യാമ്മ പേടിച്ചു വിറയ്ക്കുകയാണ്. നവകേരള ബസിനു നേരെ ഇന്നലെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇവരുടെ വീട് ആക്രമിക്കപ്പെട്ടത്.
വർഷങ്ങളോളം വിദേശത്തായിരുന്ന ത്രേസ്യാമ്മ പത്തു വർഷം മുൻപാണു നാട്ടിലെത്തിയത്. രണ്ടു മാസം മുൻപ് കാൽമുട്ടുകൾക്ക് ശസ്ത്രക്രിയ നടത്തിയതിന്റെ ബുദ്ധിമുട്ടുകളുണ്ട്. മക്കൾ ജോലി സംബന്ധമായി മറ്റു സ്ഥലങ്ങളിലാണ്. സാധാരണ വീട് അടച്ചിടുന്നതാണെന്നും ജോബ് ഉള്ളതുകൊണ്ടാണു കഴിഞ്ഞ ദിവസം വാതിൽ തുറന്നിട്ടതെന്നും ത്രേസ്യാമ്മ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട 5ന് ശേഷം 11 പേർ ചേർന്നാണ് കൈതവന ജംക്‌ഷനു സമീപം ജോബിന്റെ വീട് ആക്രമിച്ചത്. അക്രമികളിൽ ഒരാളെ വീടിന്റെ മുന്നിൽ നിന്നു തന്നെ പിടികൂടിയിരുന്നു. ബാക്കിയുള്ളവർക്കായി തിരച്ചിൽ നടത്തുകയാണെന്നു സൗത്ത് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ: അരുൺ പറഞ്ഞു.